പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും

Mail This Article
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലു മാസം നീണ്ട പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിച്ചിരുന്നു. നിയമലംഘകരായി യുഎഇയിൽ കഴിഞ്ഞിരുന്നവർക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ പിഴ അടയ്ക്കാതെ രാജ്യം വിടാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ അധികൃതർ നൽകിയത്. 4 മാസം നീണ്ട പൊതുമാപ്പ് രണ്ടര ലക്ഷത്തോളം പേർ പ്രയോജനപ്പെടുത്തി.
ഇവരിൽ ഭൂരിഭാഗവും രേഖകൾ ശരിയാക്കി യുഎഇയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് പുതിയ വീസയിൽ ഏതു സമയത്തും തിരിച്ചുവരാനും അനുമതി നൽകി.
പൊതുമാപ്പ് കാലാവധിക്കുശേഷവും നിയമലംഘകരായി യുഎഇയിൽ തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം, പൊലീസ് എന്നിവയുടെ സഹകരണത്തോടെ ഐസിപിയുടെ നേതൃത്വത്തിൽ ജനുവരി 1 മുതൽ പരിശോധനാ ക്യാംപെയ്ൻ തുടങ്ങിയിരുന്നു. താമസ, കുടിയേറ്റ നിയമലംഘകർ പിടിക്കപ്പെട്ടാൽ നിയമവിരുദ്ധ കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കണം. ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുകയും ചെയ്യും.