ഐവിഎഫ്: ആഗോള നേട്ടവുമായി അബുദാബി

Mail This Article
അബുദാബി ∙ ഐവിഎഫ് (ഇൻ വിട്രൊ ഫെർട്ടിലൈസേഷൻ) ചികിത്സാ രീതികളിൽ ആഗോള തലത്തിൽ ഉയർന്ന വിജയനിരക്കുമായി (51%) അബുദാബി. 2024ൽ ഐവിഎഫ് ചികിത്സയിലൂടെ 695 പ്രസവം നടത്തിയതാണ് അബുദാബിയെ ഈ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത്. കുഞ്ഞുങ്ങൾക്കായി വർഷങ്ങളോളം കാത്തിരിക്കുന്ന ദമ്പതികൾക്ക് അസിസ്റ്റഡ് റിപ്രൊഡക്ടീവ് ട്രീറ്റ്മെന്റ് (എആർടി) രീതി ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിൽ അബുദാബിയുടെ മികവിന് ഉദാഹരമാണിതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ആഗോള ചികിത്സാ ലക്ഷ്യസ്ഥാനമെന്ന നിലയിൽ അബുദാബിയുടെ പ്രാധാന്യം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 6 മുതിർന്നവരിൽ ഒരാൾക്ക് വന്ധ്യത ബാധിക്കുന്നു. ഇത് ലോകത്തെ മുതിർന്ന ജനസംഖ്യയുടെ 17.5 ശതമാനം വരും.
ആഗോള ജനസംഖ്യയുടെ ഗണ്യമായ ഭാഗം ഫെർട്ടിലിറ്റി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യമാണെന്നും അബുദാബി ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് കെയർ ക്വാളിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാരിസ അൽ യാഫി പറഞ്ഞു.
കഴിഞ്ഞ വർഷം തുറന്ന 2 പുതിയ സെന്ററുകൾ ഉൾപ്പെടെ ഐവിഎഫ് ചികിത്സ നൽകുന്ന 14 അംഗീകൃത കേന്ദ്രങ്ങൾ അബുദാബിയിലുണ്ട്; ഇവയിലെല്ലാംകൂടി നവീന സൗകര്യമുള്ള 45 പ്രസവ കേന്ദ്രങ്ങളും. 700 സ്പെഷലിസ്റ്റുകൾ, കൺസൽറ്റന്റുമാർ, 375 മിഡ്‌വൈഫുമാർ അടക്കം 2,800 ആരോഗ്യപ്രവർത്തകരാണ് ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്നത്. ഐവിഎഫ് ചികിത്സാ രംഗത്ത് പരിശീലനവും അബുദാബി ആരോഗ്യവിഭാഗം നൽകുന്നു.