ഒന്നാം വാർഷികം ആചരിച്ച് ബിഎപിഎസ് ഹിന്ദു മന്ദിർ; വസന്തപഞ്ചമി നാളിൽ പൂജകൾ, സമാധാന പ്രാർഥനകൾ

Mail This Article
അബുദാബി ∙ പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമായ വസന്തപഞ്ചമി നാളിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾക്കു തുടക്കമായി. 2024 ഫെബ്രുവരി 14നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തിരുന്നതെങ്കിലും ഹിന്ദു കലണ്ടർ പ്രകാരം വസന്ത പഞ്ചമി ദിനമായ ഞായറാഴ്ച പ്രത്യേക പൂജ നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. 16ന് നടക്കുന്ന ഔപചാരിക വാർഷിക പരിപാടിയിലേക്ക് മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം.
∙ പ്രത്യേകക്ഷണമില്ലാതെ ആയിരങ്ങൾ
പാട്ടോത്സവ് എന്ന പേരിൽ സ്വകാര്യ പൂജകൾ നടത്തിയാണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്. പുലർച്ചെ 4ന് ആരംഭിച്ച പൂജകളിൽ ക്ഷണിക്കപ്പെട്ട നൂറോളം പേർക്കു മാത്രമായിരുന്നു പ്രവേശനമെങ്കിലും നൂറുകണക്കിന് ആളുകൾ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു. ആത്മീയതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു പൂജകൾ. രാവിലെ 9 മുതൽ 11.30 വരെ അസംബ്ലി ഹാളിൽ പ്രത്യേക ശ്ലോക പാരായണം നടന്നു. വൈകിട്ട് 6, 7, 8 സമയങ്ങളിലും പ്രത്യേക പ്രാർഥകളുണ്ടായിരുന്നു.
∙ ലോകശാന്തിക്കായി പ്രാർഥന
വൈകിട്ട് 5 മുതൽ രാത്രി 8 വരെ നടന്ന കലാസാംസ്കാരിക പരിപാടികൾക്കും വൻ ജനാവലി സാക്ഷ്യം വഹിച്ചു. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി നടന്ന പ്രാർഥനയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. ഇതോടനുബന്ധിച്ചു നടന്ന സംഗീത, നൃത്ത പരിപാടികളിൽ 224 കലാകാരന്മാർ അണിനിരന്നു. ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുഡി തുടങ്ങി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഒട്ടേറെ കലാപരിപാടികളും അവതരിപ്പിച്ചു.

∙ ‘നിറഞ്ഞ സ്നേഹം, പ്രത്യാശ, ഐക്യം’
സ്നേഹം, പ്രത്യാശ, ഐക്യം എന്നിവ നിറഞ്ഞ ആദ്യ വർഷത്തിനാണ് ബിഎപിഎസ് ഹിന്ദു മന്ദിർ സാക്ഷ്യം വഹിച്ചതെന്ന് ക്ഷേത്ര മേധാവി പൂജ്യ ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു. കേവലം വാർഷികം ആഘോഷിക്കുക മാത്രമല്ല, മേഖലയിൽ സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വിളക്കുമാടമെന്ന നിലയിൽ ക്ഷേത്രത്തിന്റെ പങ്ക് വീണ്ടും ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. ക്ഷേത്രത്തിന്റെ വാസ്തുശിൽപകലയ്ക്ക് ഒട്ടേറെ അവാർഡുകൾ ലഭിച്ചതായും അറിയിച്ചു. അബുദാബിയിൽ വലിയൊരു ക്ഷേത്രം നിർമിക്കാൻ സ്ഥലവും സൗകര്യവും സഹായവും നൽകിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള സ്നേഹവും കടപ്പാടും അദ്ദേഹം അറിയിച്ചു.