ADVERTISEMENT

ദുബായ്∙ പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും.

അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു എന്ന് എമിഗ്രേഷനിൽ സാക്ഷ്യപ്പെടുത്തുന്നവർ പണം സമ്പാദിക്കുന്ന മാർഗങ്ങൾ അറിയാനും വിദ്യാർഥികളുടെ അക്കൗണ്ട് വഴി മറ്റാരെങ്കിലും പണം അയയ്ക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനുമാണ് പരിശോധന കർശനമാക്കുന്നത്. വിദ്യാർഥികൾ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നതോടെ ഇടപാടുകൾ സുതാര്യമാക്കാനാവും.

പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാട് നിരീക്ഷിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ, ഈ സൗകര്യം ഉപയോഗിച്ചു നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് അധികൃതർ‌ സംശയിക്കുന്നു. ഇരട്ട നികുതി ഒഴിവാക്കാൻ കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പണമിടപാടുകളാണ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. നിലവിൽ, പ്രവാസികൾ ഇന്ത്യയിൽ നികുതി റിട്ടേൺ നൽകണമെന്ന് നിർബന്ധമില്ല.

അതേസമയം, ഇന്ത്യയിൽ വരുമാനമുള്ള പ്രവാസികൾ നിർബന്ധമായും റിട്ടേൺ നൽകേണ്ടതുണ്ട്. ഇന്ത്യയിൽ 6 മാസത്തിലധികം (181 ദിവസം) താമസിച്ചാൽ, പ്രവാസികളുടെ എൻആർഐ പദവി സ്വാഭാവികമായി റദ്ദാകും. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് ഇത് 4 മാസമായി കുറച്ചിട്ടുണ്ട്. 121 ദിവസം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചാൽ ഇവർക്ക് എൻആർഐ പദവി നഷ്ടപ്പെടും. വർഷങ്ങളായി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരും ഇനി നാട്ടിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് സുരക്ഷിതമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ വരുമാനമില്ലെങ്കിൽ, പൂജ്യം വരുമാനം കാണിച്ച് റിട്ടേൺ ഫയൽ ചെയ്യാം.

ഇങ്ങനെ ചെയ്യുന്നതിലൂടെ, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനകളിൽ പ്രവാസികൾക്ക് പരിരക്ഷ ലഭിക്കുമെന്ന് ഓഡിറ്റ് സ്ഥാപനമായ എച്ച്എൽബി ഹാംറ്റ് സീനിയർ പാർട്ണർ ടി.വി. ജയകൃഷ്ണൻ പറഞ്ഞു.

English Summary:

Remittances to India from non-resident Indians and students studying abroad will now be strictly monitored. Investigations are underway to detect illegal money laundering and tax evasion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com