വയറിൽ നിറയെ നീളൻ മുറിവുകൾ, നോക്കിയും എണ്ണിയും ജീവിതത്തിന്റെ ഗതി മാറ്റിയ ഒൻപത് മാസങ്ങൾ; ഇന്ന് സൗദിയിൽ ഇൻഫർമേഷൻ സ്പെഷലിസ്റ്റ്

Mail This Article
റിയാദ് ∙ ഇന്ന് ലോക അർബുദ ദിനം. മനോധൈര്യവും ആത്മവിശ്വാസവും ദൃഡനിശ്ചയവുമുണ്ടെങ്കിൽ ഏത് രോഗത്തെയും മറികടക്കാമെന്ന് ജീവിതം കൊണ്ടു തെളിയിച്ചിരിക്കുകയാണ് സൗദി പ്രവാസിയും കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി. അർബുദത്തിനെതിരെ പോരാടി ജീവിതത്തിലേക്ക് തിരികെ നടന്ന 44 കാരനായ സുഹാസിന്റെ അതിജീവനത്തിന്റെ വിജയമാണ് ജീവിതത്തിലെ രണ്ടാമൂഴം– രോഗത്തോട് പടപൊരുതുന്നവർക്ക് മാതൃകയാക്കാവുന്ന അതിജീവനം.
രോഗത്തിന്റെ കാഠിന്യത്തിന് തളർത്താൻ കഴിയാത്ത മനസാണ് സുഹാസിന്റേത്. കൈവിട്ടു പോയ ജീവിതത്തെ തിരികെ തന്നിലേയ്ക്ക് തന്നെ ചേർത്തുപിടിക്കാനുള്ള ശ്രമങ്ങളിൽ ഈ ചെറുപ്പക്കാരന് കരുത്തും ഊർജവുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്.
തീവ്രമായ വേദനയിലും ആശുപത്രിയിലെ നാല് ചുവരുകൾക്കുള്ളിൽ താൻ അനുഭവിച്ച ഓരോ നിമിഷവും സുഹാസ് അക്ഷരങ്ങളായി കടലാസിലേക്ക് പകർത്തി. 5 വർഷത്തെ അതിജീവനത്തിന്റെ നാളുകൾ ''ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം'' എന്ന പേരിൽ പുറത്തിറക്കി. ശരീരം നുറുങ്ങുന്ന വേദനയിലും മുഖത്തെ പുഞ്ചിരി മാറാതെ സൂക്ഷിക്കാൻ സുഹാസിന് കഴിഞ്ഞുവെന്നത് തന്നെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. വർഷങ്ങളോളം ഖത്തർ പ്രവാസിയായിരുന്ന സുഹാസ് ഇപ്പോൾ സൗദിയിൽ പ്രൊജക്ട് മാനേജ്മെന്റ് ഇൻഫർമേഷൻ സ്പെഷലിസ്റ്റായി ജോലി ചെയ്യുകയാണ്.
∙ജീവിതത്തിന്റെ ഗതി മാറ്റിയ നാളുകൾ
2019 ജൂണിലാണ് ബയോപ്സിയുടെ ഫലം വന്നത്. ഖത്തറിലെ ദേശീയ അർബുദ പരിചരണ–ഗവേഷണ കേന്ദ്രത്തിലെ 502–ാം വാർഡിലെത്തി ഡോ.ഐയ്മൻ ബയോപ്സി ഫലം പോസിറ്റീവ് ആണെന്ന് ഏറെ സ്നേഹത്തോടെയാണ് പറഞ്ഞതെന്ന് സുഹാസ് ഓർക്കുന്നു. ലിവർ മെറ്റസ്റ്റാസിസോട് കൂടിയ കുടൽ ക്യാൻസർ ആയിരുന്നു. നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോഗം. പിന്നീട് രാവും പകലുമില്ലാതെ വേദനയും തളർച്ചയും ഉയിർപ്പുമായി 2 വർഷം നീണ്ട ചികിത്സ. ഇതിനിടയിൽ ഏഴോളം സർജറികൾ. ഒട്ടനവധി തവണ റേഡിയേഷനുകൾ, കീമോ തെറാപ്പികൾ. കൊളസ്റ്റമി ബാഗ് ദിനചര്യയുടെ ഭാഗമായി. ഇടയ്ക്ക് വയറിൽ തൊട്ടു നോക്കിയും എണ്ണിയുമാണ് ഒൻപത് മാസങ്ങൾ പിന്നിട്ടതെന്ന് സുഹാസ് പറഞ്ഞു. സിറിഞ്ചിനെ ഭയക്കുന്ന മനുഷ്യനിൽ നിന്നും വയറിൽ നിറയെ നീളൻ മുറിവുകളും കൈകളിൽ മാറ്റി മാറ്റി കുത്തിയ ഐവി കാനുലകളുമായി ഭയമേതുമില്ലാതെ പുഞ്ചിരിക്കാൻ പഠിപ്പിച്ച കാലമായിരുന്നു സുഹാസിന് ചികിത്സാ കാലം.
വലിയ മുറിവുകളെ ശരീരം ഉണക്കുന്നതും, വേദന മായ്ക്കുന്നതും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അതുവരെ കേട്ടറിഞ്ഞ കീമോ എന്ന ഭീകരനെ നേരിട്ടറിഞ്ഞു. ഏറെ കഠിനകാലമായിരുന്നു അത്. അർബുദത്തിനൊപ്പം ജീവിച്ച് തളർന്നും വീണ്ടുമെണീറ്റും ഒടുവിൽ തളർച്ചകളെ മറികടക്കാൻ പഠിച്ചുവെന്ന് സുഹാസ് പറയുന്നു.
∙അതിജീവനത്തിന്റെ ദിനങ്ങൾ
ഇനി ഇല്ല എന്നു തോന്നി തുടങ്ങിയ നിമിഷത്തിൽ നിന്നാണ് സുഹാസ് ജീവിതത്തിലേയ്ക്ക് വീണ്ടും പിച്ചവെച്ചു തുടങ്ങിയത്. ഭാര്യ ശിഭിനയും മക്കളായ സത്ചിന്തും സായൂജും സുഹാസിനെ ചേർത്തുപിടിച്ചു. ഖത്തറിലെ പ്രിയ സുഹൃത്തുക്കളും ഹമദ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും താങ്ങും തണലുമായി. വേദനയുടെ ആധിക്യത്തിൽ പലപ്പോഴും കണ്ണു നിറഞ്ഞെങ്കിലും പുറത്തേക്ക് ഒഴുക്കാതെ മുഖത്തെ പുഞ്ചിരി മായാതെ നിന്നത് സ്നേഹവും കരുതലും കലവറയില്ലാതെ പകർന്ന പ്രിയപ്പെട്ടവരുടെ കരുത്തിലാണ്. ആ കരുത്ത് നൽകിയ ആർജവത്തോടെയാണ് വീണ്ടുമൊരു പുതു ജീവിതത്തിലേക്ക്, പുനർജന്മത്തിലേക്ക് പതിയെ നടക്കാൻ തുടങ്ങിയത്. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇനി “ഒരു ആവർത്തനം ഇല്ലാതെ” ശരീരം പൂർണമായും രോഗമുക്തമായി എന്ന് ആശ്വസിച്ച സമയത്താണ് 2023 ജൂണിലെ പതിവ് തുടർ പരിശോധനയ്ക്കിടെ എംആർഐ നടത്തിയപ്പോൾ കരളിലേയ്ക്ക് അർബുദത്തിന്റെ രണ്ടാം വരവ് തിരിച്ചറിഞ്ഞത്. ഒപ്പം ശ്വാസകോശത്തിൽ ചെറിയ ഒരു ട്യൂമറും കണ്ടെത്തി.
സമയം കളയാതെ വീണ്ടും സർജറി കിടക്കയിലേക്ക്. വലതു ഭാഗത്ത് കീ ഹോൾ സർജറി. നാലഞ്ചു ദിവസം വീണ്ടും ആശുപത്രിയിൽ, പിന്നെ കുറച്ചു ദിവസം മുറിയിൽ വിശ്രമം. രണ്ടാഴ്ച കഴിഞ്ഞ് തിരികെ ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. ബായോപ്സി പോസിറ്റീവ് ആയിരുന്നെങ്കിലും, സർജറി എഡ്ജുകൾ ക്ലിയർ ആയതുകൊണ്ട് കൂടുതൽ ചികിത്സ വേണ്ടി വന്നില്ലെന്ന് സുഹാസ് പറയുന്നു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയിലേക്ക്. കരളിന്റെ “അബ്ലേഷൻ” പ്രൊസീജിയറിനു വേണ്ടി. സർജറി ഇല്ലാതെ കരളിലെ ലീഷൻ കരിയിച്ചു കളയുന്ന ഒറ്റ മണിക്കൂർ പരിപാടി. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമം കഴിഞ്ഞു വീണ്ടും ഓഫിസിൽ പോയി തുടങ്ങി. പക്ഷേ തുടർ ചികിത്സയുടെ സ്വഭാവം മാറിയിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കേണ്ട അവസ്ഥയിലായി കാര്യങ്ങളെങ്കിലും പിന്നീട് പക്ഷേ കുഴപ്പമൊന്നുമുണ്ടായില്ല. ശരീരം സാധാരണനിലയിലേക്ക് എത്തി. ഓരോ മൂന്ന് മാസത്തിലും വയറും നെഞ്ചും സി.ടി സ്കാൻ ചെയ്യുന്നുണ്ട്. ഇപ്പോഴെല്ലാം നോർമലായെന്ന് പറയുമ്പോൾ തന്നെ സുഹാസിന്റെ വാക്കുകളിലും കണ്ണുകളിലും കടന്നു പോയ ദിനങ്ങളുടെ, അതിജീവനത്തിന്റെ നാളുകളുടെ യാതനകളുടെ ആഴമറിയാം–അതിനേക്കാൾ ആ മനസിന്റെ കരുത്തും.
∙'സാധാരണം' പക്ഷേ 'അസാധാരണ' ജീവിതം
വർഷങ്ങൾക്ക് മുൻപേ “ഇനിയും എത്ര നാൾ ” എന്ന് സ്വയം ചോദിച്ചിരുന്നിടത്തു നിന്ന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർഥനയും ദൈവാനുഗ്രഹവുമെല്ലാം കൊണ്ട് ആശങ്ക ഒഴിഞ്ഞ കാലമാണിപ്പോഴെന്ന് സുഹാസ് പറയുന്നു. അർബുദത്തിന്റെ അതിജീവനത്തിന്റെ ആദ്യ അഞ്ച് വർഷങ്ങൾ ഏറെ പ്രധാനമാണ്. കാണുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പുലരികൾ കാണാൻ കഴിഞ്ഞുവെങ്കിലും എല്ലാം സാധാരണ പോലെ എന്നൊന്നും അവകാശപ്പെടുന്നില്ല ഈ ചെറുപ്പക്കാരൻ. കാരണം. നഷ്ടപ്പെടലുകൾ ഏറെയാണ്–പഴയപോലെ സാധാരണമായ ദിവസങ്ങൾ പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നിന്റെ ജീവിതമാണ് തന്റെ 'സാധാരണ ദിവസങ്ങൾ' എന്ന് മനസിൽ ഉറപ്പിച്ചു കഴിഞ്ഞാൽ, “സാധാരണ ജീവിത”ത്തിന്റെ സ്കെയിൽ മാറ്റി വരച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം സാധാരണ പോലെയാണെങ്കിലും അതു പക്ഷേ എല്ലാവരുടെയും “സാധാരണ” പോലെ ആയിരിക്കില്ലെന്നും സുഹാസ് പറയുന്നു. കാരണം വലിയ സർജറികൾ ബാക്കിവച്ച മായാത്ത ചിലതുണ്ട് ജീവിതത്തിൽ. അതിനോട് താദാത്മ്യം പ്രാപിക്കാനുള്ള പോരാട്ടത്തിലാണ് ഇപ്പോഴും. റക്ടൽ സർജറി തീർത്ത ചില വെല്ലുവിളികൾ ദീർഘ യാത്രകളിൽ തീർക്കുന്ന ബുദ്ധിമുട്ടുകളോട് പൊരുത്തപ്പെടാൻ കഴിയുന്നുണ്ട് ഒരു പരിധിയോളം. 14 മണിക്കൂർ വരെ ദൈർഘ്യമുള്ള നാട്ടിലേക്കുള്ള ട്രാൻസിറ്റ് യാത്രകൾ ചെയ്യാൻ കഴിഞ്ഞു. ചിലർ ഒപ്പം ഉണ്ടായിരുന്നില്ലെങ്കിൽ തീർന്നു പോകുമായിരുന്ന ഒരു ജീവൻ, രക്ത ബന്ധം അല്ലാതിരുന്നിട്ടും, സൗഹൃദം എന്ന നൂലിഴയിൽ എല്ലാമായി ഒപ്പം നിന്നവർ–ഇവരൊക്കെയാണ് സുഹാസ് എന്ന ചെറുപ്പക്കാരന്റെ ആത്മവിശ്വാസവും കരുത്തും.
∙ഈ സമയവും കടന്നു പോകും
അർബുദത്തോട് പൊരുതുന്ന പ്രിയപ്പെട്ടവരോട് സുഹാസിന് പറയാൻ ഒന്നേയുള്ളു. പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ “ഈ സമയവും കടന്നും പോകും” എന്ന ധൈര്യത്തോടെ മുന്നോട്ടു പോകണമെന്ന്. അർബുദ അനുഭവങ്ങളുടെ, തീക്ഷ്ണകാലം കടന്നു ജീവിതത്തിലേക്ക് തിരിച്ചു നടന്ന ഈ ചെറുപ്പക്കാരന്റെ വാക്കുകളെ അവഗണിക്കാനാകില്ല. ചികിത്സയെ ഭയപ്പെടാതെ, അവിശ്വസിക്കാതെ സഹകരിച്ച് ഈ ഇരുളിനും അപ്പുറം പകലുകളുണ്ട് എന്ന് ഉറച്ചു വിശ്വസിച്ച് തന്നെ അർബുദത്തെ അതിജീവിക്കാം. സുഹാസിന്റെ അതിജീവന അനുഭവങ്ങൾ അത്രയും പകർത്തിയ “ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം” എന്ന പുസ്തകം അതിജീവനത്തിനുള്ള ആർജവം പകരുമെന്നതിൽ സംശയമില്ല.