റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

Mail This Article
റിയാദ് ∙ റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെയെന്ന് വിവരം. മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ ശമീര്‍ അലിയാരാണ് (48) കൊല്ലപ്പെട്ടത്. ശമീർ അലിയാരുടെ പണവും മൊബൈലും കാറും നഷ്ടമായി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു.
ഞായറാഴ്ചയാണ് ശമീറിനെ കാണാതായത്. തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
താമസസ്ഥലത്ത് മരിച്ച നിലയിലാണ് ശമീറിനെ കണ്ടെത്തിയത്. തനിച്ചാണ് താമസം. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍. കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.