മുഴുവൻ സേവനങ്ങളും ഒരു കുടക്കീഴിൽ; 3 വർഷത്തിനുള്ളിൽ ഖത്തറിൽ പുതിയ അർബുദ ചികിത്സാ കേന്ദ്രം

Mail This Article
ദോഹ∙ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഖത്തറിന്റെ അർബുദ പരിചരണ സേവനങ്ങൾ മുഴുവനും ഒരു കുടക്കീഴിലാകും. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ തന്നെ ഉറപ്പാക്കാനും കൂടുതൽ മികച്ച പരിചരണം നൽകാനുമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അർബുദ ചികിത്സാ കേന്ദ്രമാണ് അടുത്ത 3 വർഷത്തിനുള്ളിൽ തുറക്കുക.
രാജ്യത്തിന്റെ അർബുദ പരിചരണ രംഗത്തെ സുപ്രധാന ചുവടുവെയ്പാണിതെന്ന് ദേശീയ അർബുദ പരിചരണ–ഗവേഷണ കേന്ദ്രം സിഇഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ.മുഹമ്മദ് സലിം അൽ ഹസൻ പറഞ്ഞു. സ്വദേശികൾക്ക് മാത്രമല്ല പ്രവാസി താമസക്കാർക്കും, അർബുദ ചികിത്സക്കായി രാജ്യത്തിന് പുറത്തുനിന്നെത്തുന്നവർക്കും കൂടുതൽ വിദഗ്ധ പരിചരണം ഉറപ്പാക്കുകയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം.
നിലവിൽ രാജ്യത്തെ അർബുദ പരിചരണ സേവനങ്ങളിൽ സർജിക്കലും അല്ലാത്തവയും ഉൾപ്പെടെയുള്ളവ വിവിധ ആശുപത്രികളിലായാണ് നൽകി വരുന്നത്. ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രോഗികൾക്കുണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾക്കുള്ള പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി പുതിയ ആശുപത്രി നിർമിക്കുന്നത്.
ആശുപത്രി നിർമാണം അടുത്ത 2–3 വർഷത്തിനുള്ളിൽ പൂർത്തിയാകും. നിലവിലെ ദേശീയ അർബുദ പരിചരണ–ഗവേഷണ കേന്ദ്രത്തിന്റെ വിപുലീകരണം കൂടിയാണിത്. 2023–2026 വർഷത്തേക്കുള്ള ഖത്തർ അർബുദ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശുപത്രി.
ഖത്തറിൽ അർബുദ ബാധിതരായ പ്രവാസി താമസക്കാർക്കും ഏറ്റവും മികച്ച പരിചരണവും സേവനവുമാണ് ദേശീയ അർബുദ–പരിചരണ കേന്ദ്രത്തിൽ ലഭിക്കുന്നത്. പുതിയ ആശുപത്രി പ്രവാസികൾക്കും വളരെയധികം പ്രയോജനം ചെയ്യും.