ആഗോള നീതി, സ്നേഹം, സമാധാനം: ദുബായിൽ ഉച്ചകോടി ഏപ്രിലിൽ

Mail This Article
ദുബായ് ∙ നീതി, സ്നേഹം, സമാധാനം-ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളിലൂന്നി ഈ വർഷം ഏപ്രിലിൽ ദുബായിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 11 സമാധാന നൊബേൽ ജേതാക്കൾ, ഭരണത്തലവന്മാർ, കായിക താരങ്ങൾ, ചലച്ചിത്ര പ്രവർത്തകർ, ചീഫ് ജസ്റ്റിസുമാർ എന്നിവരെ കൂടാതെ, 2,800 സമാധന പ്രവർത്തകരും ഈ രംഗത്തെ ലോകത്തെ ഏറ്റവും വലിയ ഉച്ചകോടിയിൽ പങ്കെടുക്കും.
‘ഒരു ഗ്രഹം, ഒരു ശബ്ദം: ആഗോള നീതി, സ്നേഹം, സമാധാനം’ എന്ന പ്രമേയത്തിൽ ഏപ്രിൽ 12 മുതൽ 13 വരെ ദുബായ് എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്ററിലാണ് ആഗോള നീതി, സ്നേഹം, സമാധാന ഉച്ചകോടിയുടെ ഉദ്ഘാടന പതിപ്പ്. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ ആഗോള ദർശകരെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പരിപാടിക്ക് നേതൃത്വം നൽകും.
ഐ ആം പീസ് കീപ്പർ മൂവ്മെന്റിന്റെ ചെയർമാനും ഉച്ചകോടിയുടെ സംഘാടകനുമായ ഹുസൈഫ ഖൊരാകിവാല, സഹിഷ്ണുതയെയും സന്തോഷത്തെയും കുറിച്ചുള്ള യുഎഇയുടെ നയങ്ങളാണ് പരിപാടിയുടെ ആതിഥേയനായി രാജ്യത്തെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളെന്ന് പറഞ്ഞു. നീതി, സ്നേഹം, സമാധാനം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ലോകം വളർത്തിയെടുക്കാൻ ആഗോള ദർശനക്കാരെ ഒരു പൊതുവേദിയിൽ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ഉച്ചകോടി ആഗോള സ്വാധീനം ചെലുത്തുന്നവരെയും നേതാക്കളെയും സാർവത്രിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പങ്കിട്ട ദൗത്യവുമായി ഒന്നിപ്പിക്കും.

പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ട നൊബേൽ സമ്മാന ജേതാക്കളിൽ അബ്ദസത്താർ ബെൻ മൗസ, ഹൂസിൻ അബ്ബാസി, ലെച്ച് വലേസ, ലെയ്മ ഗ്ബോവി, മുഹമ്മദ് ഫദൽ മഹ്ഫൂദ്, മോഹൻ മുബാസിംഗെ, നാദിയ മുറാദ്, ക്വിഡെഡ് ബൗച്ചമൗയി, ഓസ്കർ ഏരിയാസ് സാഞ്ചസ്, ഡോ. യുപാ എ, യുപേ എവർ എന്നിവരുമുൾപ്പെടും. ഇന്ത്യയിൽ നിന്ന് നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി, ടെന്നിസ് താരം മഹേഷ് ഭൂപതി, ബോക്സർ മേരി കോം, ആർട് ഓഫ് ലിവിങ് സ്ഥാപകൻ രവിശങ്കർ, യോഗ ഗുരു ബാബാ റാംദേവ്, ബോളിവുഡ് നടൻ സായിദ് ഖാൻ, നടിമാരായ ദിയ മിർസ, ഇഷാ ഡിയോൾ, സോഹ അലിഖാൻ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും എത്തും.

നീതി, സമത്വം, അനുകമ്പ, സമാധാനം എന്നിവയ്ക്കുള്ള സംഭാവനകൾക്ക് 28 വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ആഗോള അംഗീകാരങ്ങളും അവാർഡുകളും ഉച്ചകോടിയിൽ അവതരിപ്പിക്കും. ദ്വിദിന ഉച്ചകോടിയിൽ 2025 സെപ്റ്റംബർ 21-നകം ഒരു ദശലക്ഷം സമാധാന സേനാംഗങ്ങളെ ഓൺലൈനിൽ ഒന്നിപ്പിക്കാൻ ‘ഞാൻ സമാധാനപാലകൻ’ എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിക്കും.