ഖത്തർ മലയാളീസ് പൂരം ഫെബ്രുവരി 14ന്

Mail This Article
ദോഹ ∙ ഖത്തറിലെ മലയാളി സമൂഹ മാധ്യമ കൂട്ടായ്മയായ ഖത്തർ മലയാളീസിന്റെ പത്താം വാർഷികാഘോഷം ഫെബ്രുവരി 14ന് അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും. ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. വിശിഷ്ടാതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് വൈകിട്ട് 7ന് നടക്കും. കേരളത്തിന്റെ സംഗീതം, നൃത്തം, ഭക്ഷണം തുടങ്ങിയവ ഉൾക്കൊള്ളുന്ന പരിപാടിയിൽ മൂന്ന് പ്രമുഖ ഗ്രൂപ്പുകൾ പങ്കെടുക്കുന്ന ചെണ്ടമേളം, 200 പേർ അണിനിരക്കുന്ന മെഗാ തിരുവാതിര തുടങ്ങിയവയും ഉണ്ടാകും.
നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, കളരി, പഞ്ചാരിമേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയവയും ഗൃഹാതുരത്വമുണർത്തുന്ന ഭക്ഷണ സ്റ്റാളുകളും ഒരുക്കും. മൈലാഞ്ചിയിടൽ, വസ്ത്ര വിൽപന, ഫെയ്സ് പെയിന്റിങ്ങ്, പ്രവാസി ക്ഷേമ പദ്ധതികൾ, ഐസിബിഎഫ് ഇൻഷുറൻസ്, നോർക്ക, കരിയർ ഗൈഡൻസ്, സിവി ക്ലിനിക്ക് എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.
കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന ഖത്തർ മലയാളീസ് പ്രവാസികൾക്ക് സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയതായി സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.ടി. ബിലാൽ, ഇസ്മായിൽ കൊല്ലിയിൽ, മെഹ്‌റൂഫ് (974 ഇവന്റ് പാർട്ണർ), ഷിബു ആനന്ദ് (റൊട്ടാന റസ്റ്ററന്‍റ് മാനേജർ), അൽത്താഫ് (റിയാദ് മെഡിക്കൽ സെന്റർ മാനേജർ), ലിജോ ടൈറ്റസ് (സിയോമി ഇന്റർടെക് സെയിൽസ് മാനേജർ), ഹവാസ് മുഹമ്മദ് (ഫൈസാൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജർ), ഷാനവാസ് (ക്യൂ സ്റ്റാർ ട്രേഡിങ് മാനേജർ) എന്നിവർ പങ്കെടുത്തു.