റെക്കോർഡ് നിരക്ക്: രൂപയുടെ ഇടിവ് നേട്ടമാക്കി ബഹ്‌റൈനിലെ പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ തിക്കും തിരക്കും

Mail This Article
മനാമ ∙ ഇന്ത്യയിൽ രൂപയുടെ മൂല്യത്തിന് കുത്തനെ ഇടിവ് സംഭവിച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ദിനാറിന് 235 രൂപ വരെയാണ് ചില എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ച നിരക്ക്. രൂപയുമായുള്ള ബഹ്‌റൈൻ ദിനാറിന്റെ കൈമാറ്റത്തിന് ഇത്രയും ഉയർന്ന നിരക്കായതോടെ ഇന്നലെ വൈകിട്ട് മുതൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നേരിട്ട് പണം അയക്കാവുന്ന ആപ്പുകളിലും മികച്ച പ്രതികരണമായിരുന്നു ഇന്നലെ ഉണ്ടായതെന്ന് ബഹ്‌റൈനിലെ ഒരു മണി എക്സ്ചേഞ്ച് പ്രതിനിധി പറഞ്ഞു.
കഴിഞ്ഞ ജനുവരി മധ്യത്തോടെ ദിനാറിനു 230 രൂപ വരെ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് നിരക്ക് താഴ്ന്നിരുന്നു. ഫെബ്രുവരി 1 ന് 229.55 രൂപയിൽ എത്തിയ നിരക്ക് ഇന്നലെ മുതൽ വീണ്ടും ഉയരുകയായിരുന്നു. രൂപയുടെ മൂല്യതകർച്ചയാണ് നിരക്കിലുള്ള ഈ വർധനവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പൊതുവെ നാട്ടിലെ ജീവിതച്ചെലവുകൾ വർധിക്കുമെങ്കിലും പ്രവാസികൾ മുൻപ് എടുത്തിട്ടുള്ള ലോൺ അടവുകൾക്ക് ഈ നിരക്ക് ഗുണകരമാകുമെന്നതാണ് അകെ ഒരു നേട്ടം. മുൻപ് 10,000 രൂപ മാസ തിരിച്ചടവുള്ള പ്രവാസിക്ക് ഏകദേശം 70 മുതൽ 90 ദിനാർ വരെ അടയ്‌ക്കേണ്ടിവന്നിരുന്നുവെങ്കിൽ ഇപ്പോൾ അതേ തുകയ്ക്ക് 50 ദിനാറിൽ താഴെ അയച്ചാൽ മതിയാകും. ഹൗസിങ് ലോൺ, മക്കളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി എടുത്ത ലോണുകൾ അങ്ങനെ ലോൺ എടുത്തവർക്ക് നിരക്കിലെ വർധന വലിയ തോതിലുള്ള ഗുണം ചെയ്യും.
∙പണം അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത് വൈകിപ്പിക്കണമെന്ന് എംപിമാർ
ബഹ്‌റൈനിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ക്രെഡിറ്റാവുന്നത് രണ്ട് ദിവസം വൈകിപ്പിക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റിൽ അംഗങ്ങൾ നിർദേശിച്ചത് നടപ്പിലാക്കുമോ എന്നുള്ള ആശങ്കയും പ്രവാസികൾക്കുണ്ട്. ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്താനും പിടികൂടാനും അധികാരികൾക്ക് ഈ കാലതാമസം നിർണായകമാകുമെന്ന് കരുടിയാണ് എംപിമാർ ഇത്തരത്തിൽ ഉള്ള ഒരാവശ്യം പാർലമെന്റിൽ വച്ചത്.
നിർദേശം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ വിനിമയത്തിലുള്ള പെട്ടെന്നുള്ള നിരക്ക് വ്യതിയാനങ്ങൽ അടക്കം പ്രവാസികളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. നിയമം പാസായാൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതിന് ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും സമയമെടുക്കും. ഈ സമയത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പു വഴിയുള്ള കബളിപ്പിക്കൽ നടന്നിട്ടുണ്ടെങ്കിൽ പിടികൂടാമെന്നും ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാമെന്നുമാണ് എംപിമാർ പറയുന്നത്.