പ്രവാസ ലോകത്തെ അവസാന യാത്ര: അറിയാം, ഗൾഫിലെ മരണാനന്തര സേവനങ്ങളെക്കുറിച്ച്

Mail This Article
പ്രവാസത്തിനിടെ അപ്രതീക്ഷിതമായും പലവിധ രോഗങ്ങളാലും മരിക്കുന്നവർ ഏറെയാണ്. കുട്ടികൾ മുതൽ ചെറുപ്പക്കാർ, മുതിർന്നവർ തുടങ്ങി എല്ലാവരെയും ദാക്ഷിണ്യമില്ലാതെയാണ് മരണം കൊണ്ടുപോകുന്നത്. അറബ് രാജ്യങ്ങളിൽ മരിക്കുന്ന ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. എന്നാൽ അതിനു പറ്റാതെ മരുഭൂമിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നവരും ഏറെയുണ്ട്.
ഇസ്‌ലാം മത വിശ്വാസികളെ അവരുടെ പള്ളി വക സെമിത്തേരിയിലാണ് ഖബറടക്കുന്നത്. അറബ് രാജ്യങ്ങളിൽ മുസ്‌ലിം ഇതര മതസ്ഥർക്കുള്ള മരണാനന്തര സേവനങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തവരും എങ്ങനെയാണ് മറവു ചെയ്യുന്നത് എന്നാശങ്കപ്പെടുന്നവരുമാണ് കേരളത്തിലുള്ളവരിൽ ഭൂരിഭാഗം പേരും. മൃതദേഹത്തോട് എല്ലാവിധ ആദരവും കാണിച്ചു തന്നെയാണ് ഓരോ ഗൾഫ് നാടുകളിലും മുസ്‌ലിം ഇതര മതസ്ഥർക്ക് ആറടി മണ്ണ് ഒരുക്കുന്നത്. നിയമങ്ങളും ആചാരങ്ങളും കർശനമായി പാലിക്കുന്ന രാജ്യങ്ങളായതിനാൽ ഓരോ ദേശത്തും മരണാനന്തര സേവനങ്ങൾക്കുള്ള അനുമതികൾ വ്യത്യാസപ്പെടുമെന്നു മാത്രം. ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര സേവനങ്ങൾ എങ്ങനെയെല്ലാമാണെന്നറിയാം.

∙കൈത്താങ്ങായി ഇവരുണ്ട്
യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ 6 ഗൾഫ് രാജ്യങ്ങളിലും ഡെത്ത് നോട്ടിഫിക്കേഷൻ മുതൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് വരെ അല്ലെങ്കിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു വരെ മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കൈത്താങ്ങായി വിവിധ പ്രവാസി മലയാളി സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും കെഎംസിസിയുടെ മയ്യത്ത് പരിപാലന കമ്മിറ്റി പ്രവർത്തകരുമുണ്ട്. ഖബറിടത്തിൽ അവസാനത്തെ ഒരു പിടി മണ്ണ് ഇടുന്നതു വരെ ഊണും ഉറക്കവും വിശ്രമവുമില്ലാതെ നമുക്കൊപ്പം നമ്മളിൽ ഒരാളായി ഇവർ കൂടെയുണ്ടാകും. അതുവരെ കാണാത്ത, കേൾക്കാത്ത, ഒരുപക്ഷേ തീർത്തും അപരിചിതരായവർക്കു വേണ്ടി ഒരു കൂടപ്പിറപ്പുകളെ പോലെ ഓടിനടന്ന് മരണാനന്തര സേവനങ്ങൾ പൂർത്തിയാക്കും. ഉറ്റവർ ആരുമില്ലെങ്കിൽ പോലും മരണപ്പെടുന്നവരുടെ അവസാനയാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും ജീവകാരുണ്യ പ്രവർത്തകർ കൃത്യമായി നിർവഹിക്കും.
∙മരണാനന്തര സേവനങ്ങൾ-അനുമതികൾ എങ്ങനെ?
ആറ് ഗൾഫ് രാജ്യങ്ങളിൽ യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മാത്രമേ ഹിന്ദുക്കളെ ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കാൻ അനുമതിയുള്ളു. ക്രിസ്തുമത വിശ്വാസികളാണെങ്കിൽ നാട്ടിലെ പോലെ തന്നെ മാർബിൾ കല്ലറ പണിത് അതിനുള്ളിൽ മൃതദേഹം അടക്കം ചെയ്യാം. കല്ലറ നിർമ്മിക്കാനുള്ള പണം നൽകണമെന്നു മാത്രം. എല്ലാ രാജ്യങ്ങളിലും മുസ്‌ലിം ഇതര സമുദായക്കാർക്കായി പ്രത്യേകം സെമിത്തേരികളാണുള്ളത്. ഖത്തർ, സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഹൈന്ദവരെ ദഹിപ്പിക്കുന്നതിനു പകരം ആറടി മണ്ണിൽ അടക്കം ചെയ്യുന്നതിനാണ് അനുമതി.
യുഎഇയിൽ മരണപ്പെടുന്ന ഹിന്ദുക്കളുടെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേക ഇലക്ട്രിക് ശ്മശാനം തന്നെയുണ്ടെന്ന് യുഎഇയിലെ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പറഞ്ഞു. അമ്പലത്തിലെ പൂജാരിയെ കൊണ്ടു വന്ന് എല്ലാ കർമങ്ങളും പൂർത്തിയാക്കി തന്നെ മൃതദേഹം സംസ്കരിക്കാം. ദുബായ്, ഷാർജ, അബുദാബി എന്നീ 3 എമിറേറ്റുകളിലാണ് ഇലക്ട്രിക് ശ്മശാനങ്ങളുള്ളത്.ക്രിസ്തുമത വിശ്വാസികളെങ്കിൽ സെമിത്തേരിയിൽ പ്രാർഥന നടത്താം. കല്ലറ പണിത് അടക്കുകയും ആകാം. ഇസ്ലാം വിശ്വാസികളെ അവരുടെ പള്ളി സെമിത്തേരിയിൽ തന്നെയാണ് അടക്കം ചെയ്യുന്നത്. പ്രവാസത്തിൽ മരിക്കുന്ന ഒരു വ്യക്തിയുടെ മൃതദേഹം ആ രാജ്യത്ത് തന്നെ അടക്കം ചെയ്യാൻ ഡെത്ത് നോട്ടിഫിക്കേഷൻ മുതൽ ശ്മശാനത്തിൽ അല്ലെങ്കിൽ സെമിത്തേരിയിൽ അടക്കം ചെയ്യാനുള്ള അനുമതി വരെയുള്ള സാധാരണ നടപടിക്രമങ്ങൾ മാത്രം മതി. ഭരണകൂടവും പൊലീസും എല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർവ്വ പിന്തുണയോടും കൂടി ഒപ്പമുണ്ടെന്നും അഷ്റഫ് താമരശ്ശേരി കൂട്ടിച്ചേർത്തു.
ഖത്തറിൽ രാജ്യത്തിന്റെ വടക്കു കിഴക്കായുള്ള ദുഖാനിലെ സെമിത്തേരിയിലാണ് മുസ്‌ലിം ഇതര മതസ്ഥരെ അടക്കം ചെയ്യുന്നത്. ക്രിസ്തുമത വിശ്വാസികളെങ്കിൽ പ്രാർഥന നടത്തി കല്ലറ പണിത് തന്നെ അടക്കം ചെയ്യാം. ഹൈന്ദവരുടെ മൃതദേഹവും മണ്ണിൽ അടക്കം ചെയ്യുകയാണ് പതിവ്. മൃതദേഹം ദഹിപ്പിക്കാൻ കഴിയില്ലെങ്കിലും ചെറിയ രീതിയിൽ പ്രാർഥനയും മരണാനന്തര കർമവും ചെയ്യാം. പ്രത്യേകം കല്ലറ നിർമ്മിക്കണമെങ്കിൽ അതിനും അനുമതിയുണ്ടെന്ന് ഖത്തർ കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി വൈസ് ചെയർമാൻ മെഹ്ബൂബ് നാലകത്ത് പറഞ്ഞു. സർക്കാരും പൊലീസും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും മരണാനന്തര സേവനങ്ങൾക്കും എന്തിനും വലിയ പിന്തുണയാണ് നൽകുന്നതെന്നും മെഹ്ബൂബ് പറഞ്ഞു.
സൗദി അറേബ്യയിൽ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കാനോ ബലി കർമങ്ങൾ നടത്താനോ അനുമതിയില്ല. ക്രിസ്തുമത വിശ്വാസികളെയും ഹിന്ദുക്കളെയും ആറടി മണ്ണിൽ അടക്കം ചെയ്യാനേ അനുമതിയുള്ളു. റിയാദ്, ജിദ്ദ, ദമാം, നജ്‌റാൻ, ജസാൻ എന്നിവിടങ്ങളിലാണ് മുസ്‌ലിം ഇതര മതസ്ഥർക്കുള്ള സെമിത്തേരികളുള്ളത്. മരിച്ചയാളുടെ സ്പോൺസർ ഏതു നഗരത്തിലാണോ ആ നഗരത്തിൽ തന്നെ അടക്കം ചെയ്യണമെന്നാണ് ചട്ടം. സൗദിയിൽ പ്രവാസികളുടെ മൃതദേഹം അടക്കം ചെയ്യാൻ ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പൊലീസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്നും ഏതു സമയത്തും ലഭ്യമാണെന്നും ഇക്കാര്യത്തിൽ ഇതുവരെ തടസങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും സൗദി കെഎംസിസിയുടെ അൽകോബാർ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാട് വ്യക്തമാക്കി.
കുവൈത്തിലും ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതിയില്ല. ആറടി മണ്ണിൽ അടക്കം ചെയ്യാൻ മാത്രമാണ് അനുമതി. അതത് മതാചാര പ്രകാരമുള്ള പ്രാർഥനകൾ നടത്തി തന്നെ മൃതദേഹം മറവു ചെയ്യാമെന്ന് കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ ടി.വി. ഷാഫി കൊല്ലം പറഞ്ഞു. പവാസികളുടെ കാര്യത്തിൽ സർക്കാരും പൊലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ് അധികൃതരുമെല്ലാം പിന്തുണയും സഹായവും നൽകുന്നുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ മുസ്‌ലിം ഇതര സമുദായക്കാർക്ക് പ്രത്യേകം സെമിത്തേരിയുണ്ട്. എല്ലാ മതക്കാരെയും അവരവരുടെ ആചാര പ്രകാരം തന്നെ അടക്കം ചെയ്യാനുള്ള അനുമതി ബഹ്‌റൈൻ സർക്കാർ നൽകിയിട്ടുണ്ടെന്ന് സൗദി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഫൈസൽ ഇല്ല്യാപ്പിള്ളി പറഞ്ഞു. ഹിന്ദുക്കളെ ആചാരമനുസരിച്ച് ബലികർമങ്ങൾ നടത്തി മൃതദേഹം ദഹിപ്പിക്കാനും രാജ്യത്ത് അനുവാദമുണ്ടെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
ഒമാനിൽ ക്രിസ്ത്യാനികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളാണുള്ളത്. പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്റെ സ്ഥലത്താണ് കിസ്തുമത വിശ്വാസികളെ അടക്കം ചെയ്യുന്നത്. സെമിത്തേരിയിൽ സ്ഥിരം കല്ലറ വേണമെങ്കിൽ അതിനുള്ള പണം നൽകണമെന്നു മാത്രം. സെമിത്തേരിയോടു ചേർന്ന് പ്രാർഥനയ്ക്കായി ചാപ്പലുമുണ്ട്. ഹൈന്ദവരുടെ മൃതദേഹം സംസ്കരിക്കുന്നത് മസ്ക്കത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സോഹാറിൽ ടെമ്പിൾ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ഇലക്ട്രിക് ശ്മാശനത്തിൽ ആണ്. ഇവിടെ പൂജാരിയുമുണ്ട്. കർമങ്ങൾക്കുള്ള പൂജാ സാമഗ്രികൾ വാങ്ങി കൊടുക്കണം. എല്ലാ കർമങ്ങളും ചെയ്തു തന്നെ മൃതദേഹം സംസ്കരിക്കാമെന്ന് ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി പി.ടി.കെ.ഷമീർ വിശദമാക്കി. ഏതു രാജ്യക്കാരും മതസ്ഥരുമാണെങ്കിലും അതത് മതാചാര പ്രകാരം തന്നെ എല്ലാവിധ ആദരവോടും കൂടി അവരെ യാത്രയാക്കാനുള്ള സൗകര്യവും സഹായവും സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും ഷമീർ പറഞ്ഞു.
∙എന്തൊക്കെ രേഖകൾ, നടപടിക്രമങ്ങൾ?
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മരണാനന്തര രേഖകള്‍ തയാറാക്കുന്നതില്‍ വലിയ വ്യത്യാസമില്ല. ഡെത്ത് നോട്ടിഫിക്കേഷന്‍, പൊലീസ് റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), എന്‍ഒസി ലഭിക്കണമെങ്കില്‍ കുടുംബത്തിന്‌റെ സമ്മത പത്രം (പവര്‍ ഓഫ് അറ്റോര്‍ണി), മരിച്ച വ്യക്തിയുടെ തൊഴിലുടമയുടെ കത്ത് എന്നിവ ആവശ്യമാണ്. മരണം റജിസ്റ്റര്‍ ചെയ്തു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും എംബസിയില്‍ നിന്ന് ലഭിക്കും-ഇത്രയും രേഖകളുണ്ടെങ്കിലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുകയുള്ളു. അപകടം അല്ലെങ്കില്‍ ദുരൂഹ സാഹചര്യത്തിലുള്ള മരണം ആണെങ്കില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമേ മൃതദേഹം ലഭിക്കുകയുള്ളു. നാട്ടിലേക്ക് ആണ് കൊണ്ടു പോകുന്നതെങ്കില്‍ കാര്‍ഗോയും ടിക്കറ്റും എല്ലാം ബുക്ക് ചെയ്യണം. എക്‌സിറ്റ് വീസയും വേണം. ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കണം. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 5 മണിക്കൂര്‍ മുന്‍പ് നിര്‍ബന്ധമായും രേഖകളെല്ലാം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. പ്രവാസത്തില്‍ തന്നെ അടക്കം ചെയ്യാനാണെങ്കില്‍ എവിടെയാണോ അടക്കുന്നത് ആ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ രേഖകളും ഹാജരാക്കി മരണവിവരം റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങിക്കണം.