കുവൈത്തിൽ പത്തുവയസ്സുകാരനെ മറയാക്കി മോഷണം; പ്രതിയെ പിടികൂടാൻ ഉപയോഗിച്ചത് എഐ സാങ്കേതിക വിദ്യ

Mail This Article
കുവൈത്ത് സിറ്റി ∙ പത്തു വയസ്സുള്ള കുട്ടിയെ മറയാക്കി ഗ്രോസറി സ്റ്റോറുകളിൽ നിന്നും മോഷണം നടത്തിയിരുന്ന പ്രതിയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ പിടികൂടി. ബയോമെട്രിക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ ആദ്യമായി പിടിക്കപ്പെട്ട വ്യക്തിയാണ് ഇത്.
സമാന സ്വഭാവമുള്ള 25 മോഷണങ്ങൾ നടത്തിയതായി പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചു. ലഹരിക്ക് അടിമയായ പ്രതി മോഷ്ടിച്ച സാധനങ്ങൾ മറ്റ് ചില ഗ്രോസറി ഷോപ്പുകൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. തന്റെ മകന് സംഭവം അറിയില്ലെന്നും അവനെ ബോധപൂർവ്വം മറയാക്കുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 10ന് മൈദാൻ ഹവല്ലിയിലെ ഗ്യാസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രോസറി ഷോപ്പിൽ നിന്നും മോഷണം നടത്തിയതിന് തുടർന്ന് നൽകിയ കേസിലാണ് അന്വേഷണം ആരംഭിച്ചത്. ഹവല്ലി കുറ്റാന്വേഷണ വിഭാഗം സിസിടിവി പരിശോധിച്ചപ്പോൾ, പ്രതി മോഷ്ടിച്ച സാധനങ്ങൾ കുട്ടിയോടൊപ്പം ബാഗിൽ വച്ച് കടത്തുന്നത് കണ്ടെത്തി. തുടർന്ന്, വാഹനം മനസ്സിലാക്കിയതാണ് കേസിൽ നിർണായകമായത്.
ആധുനിക ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ദാഹർ പ്രദേശത്ത് താമസിക്കുന്ന സ്വദേശി പൗരനാണെന്ന് തിരിച്ചറിഞ്ഞു. ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ വിശ്വാസവഞ്ചനയ്ക്ക് ഇയാൾക്കെതിരെ കേസ് ഉണ്ടെന്നും കണ്ടെത്തി.