നൂറാം തവണ ടിക്കറ്റെടുത്തു: മലയാളിയെ തേടിയെത്തിയത് 59 കോടി രൂപ; ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് പുതുസ്വപ്നം

Mail This Article
അബുദാബി ∙ ഈ മലയാളി യുവാവ് യുഎഇയിൽ ഭാഗ്യപരീക്ഷണം നടത്തിയത് പത്തും പതിനഞ്ചും തവണയല്ല, നൂറു പ്രാവശ്യം. ഒടുവിൽ സെഞ്ച്വറി മധുരവുമായി എത്തിയത് 59.29 കോടി രൂപ. ഷാർജയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തി(39)നാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. ഇന്നലെ അബുദാബിയിൽ നടന്ന 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ഭാഗ്യം.
കഴിഞ്ഞ 19 വർഷമായി യുഎഇയിൽ താമസിക്കുന്ന ആഷിഖ് ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വർഷമായി താൻ ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും ഞാനെടുത്തിട്ടുണ്ടാകും. വിജയം വരിക്കും വരെ ഇത് തുടരണമെന്ന വാശിയുണ്ടായിരുന്നു. ഒടുവിൽ ഞാൻ നേടിയിരിക്കുന്നു.
ഇത്തവണ നറുക്കെടുപ്പിൽ ആഷിഖ് വാങ്ങിയ ആറ് ടിക്കറ്റുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ് 1,000 ദിർഹത്തിന് ആറ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്തപ്പോൾ വാങ്ങിയതാണ്. ജനുവരി 29 ന് ഓൺലൈനിൽ വാങ്ങിയ 456808 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഷാർജ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആഷിഖിനെ ഷോ ഹോസ്റ്റുകളായ റിച്ചഡും ബൗച്രയും സന്തോഷവാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം സംശയം പ്രകടിപ്പിച്ചു.
ഞാൻ നറുക്കെടുപ്പ് തത്സമയം കാണാറില്ലായിരുന്നു. നാട്ടിലെ കുടുംബത്തോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ് ടിക്കറ്റിൽ നിന്ന് കോൾ വന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലായതിനാലും തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിനാലും എനിക്ക് സമ്മാനം ലഭിച്ചു എന്ന പറഞ്ഞുള്ള ഫോണ് വിളിയെത്തിയപ്പോൾ നേരിയ സംശയമുണ്ടായിരുന്നു. പിന്നീടത് ഉറപ്പാക്കിയപ്പോൾ ആദ്യം കുടുംബവുമായി സന്തോഷം പങ്കിട്ടു. പണം റിയൽ എസ്റ്റേറ്റ് ബിസിനസ് വികസിപ്പിക്കാൻ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തോടൊപ്പം ഭാഗ്യസന്തോഷം പങ്കിടുന്ന തിരക്കിലാണ് ഇപ്പോൾ ആഷിഖ്.