ADVERTISEMENT

റിയാദ്∙ സൗദിയുടെ ആഭ്യന്തര സ്വകാര്യ വ്യോമ വിപണിയിൽ രാജ്യാന്തര കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി. ഇന്നു മുതൽ വിദേശ സ്വകാര്യ എയർലൈനുകൾക്ക് സൗദിയ്ക്കുള്ളിൽ യാത്രക്കാർക്കായി  ചാർട്ടേഡ് വിമാന സർവീസുകൾ നടത്താം.  ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ആണ് അനുമതി നൽകിയത്. തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിലായി.

വിദേശ രാജ്യങ്ങളിലെ സ്വകാര്യ ഏവിയേഷൻ കമ്പനികൾക്ക് ഇന്നു മുതൽ സൗദി നഗരങ്ങളിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള അനുമതി അപേക്ഷ നൽകി തുടങ്ങാം. നോൺ–ഷെഡ്യൂൾഡ് ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്കായി സർവീസ് നടത്താൻ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിരിക്കണം. 

സൗദി അറേബ്യയ്ക്കുള്ളിൽ ചാർട്ടേഡ് വിമാനങ്ങൾ പറത്താനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതായി ജിഎസിഎ ഡയറക്ടർ ജനറൽ എൻജി.ഇംതിയാസ് മൻസാരി വിശദമാക്കി. വ്യോമയാന മേഖലയുടെ റീജനൽ കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുകയാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങളും ലോഞ്ചുകളും തുടങ്ങാനുള്ള പദ്ധതി നടപടികളിലാണ് സൗദി. 

ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കുന്നത് വ്യോമ മേഖലയിലെ മത്സരം കൂട്ടാനും വിദേശ നിക്ഷേപം ആകർഷിക്കാനും മാത്രമല്ല പൊതു ഏവിയേഷൻ ഓപ്പറേറ്റർമാർക്ക് കൂടുതൽ ഫ്ളെക്സിബിലിറ്റിയുമാണ് നൽകുന്നത്. സൗദിയിലെ സ്വകാര്യ എയർക്രാഫ്റ്റ് മേഖലയുടെ വളർച്ച 2024 ൽ 24 ശതമാനമായിരുന്നു. മൊത്തം 23,612 വിമാനങ്ങളാണ് എത്തിയത്. ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 9,206 ആയിരുന്നു. 26 ശതമാനമാണ് വളർച്ചാ നിരക്ക്. 

2024 മെയിൽ നടന്ന ഏവിയേഷൻ സമ്മേളനത്തിൽ രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയുടെ വികസനം ലക്ഷ്യമാക്കി ജനറൽ ഏവിയേഷൻ അധികൃതർ  റോഡ് മാപ്പും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമായി 6 രാജ്യാന്തര വിമാനത്താവളങ്ങൾ, 9 ലോഞ്ചുകൾ, സ്വകാര്യ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്​ലിങ് സർവീസ് ദാതാക്കളുടെ എണ്ണം കൂട്ടുക, സ്വകാര്യ എയർക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണി ശേഷി വർധിപ്പിക്കുക എന്നിവയെല്ലാമാണ് റോഡ് മാപ്പിലുള്ളത്. ജിഡിപിയിലേക്ക് ഏവിയേഷൻ മേഖലയുടെ സംഭാവന വർധിക്കുന്നതിനൊപ്പം 2030നകം 35,000 പുതിയ തൊഴിലവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. 2034 ൽ ഫിഫ ലോകകപ്പിന് ആതിഥേയ്വം വഹിക്കാൻ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ നീക്കിയും പുതിയ നിയമനിർമാണങ്ങൾ നടത്തിയും മാറ്റത്തിന്റെ പാതയിൽ സൗദി മുന്നേറുന്നത്.

English Summary:

Saudi arabia allows foreign operators to charter flights inside country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com