'ആരോഗ്യകരമായ ദീർഘായുസ്സ് ': ആഗോള ഉച്ചകോടിയ്ക്ക് റിയാദിൽ തുടക്കം

Mail This Article
റിയാദ് ∙ ആരോഗ്യകരമായ ദീർഘായുസ്സ് സംബന്ധിച്ച ആഗോള ഉച്ചകോടി 2025 ൻ്റെ രണ്ടാം പതിപ്പ് തലസ്ഥാനമായ റിയാദിൽ ആരംഭിച്ചു. "ഭാവി കെട്ടിപ്പടുക്കുക" എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 2,500-ലധികം പേർ പങ്കെടുക്കും. എവല്യൂഷൻ ചാരിറ്റബിൾ ഫൗണ്ടേഷനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രശ്‌നമായ വാർധക്യത്തിൻ്റെ വെല്ലുവിളി നേരിടാൻ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനൊപ്പം വ്യക്തികൾക്കും സമൂഹങ്ങൾക്കും മികച്ച ഭാവി കൈവരിക്കുന്നതിന് ആരോഗ്യകരമായ ദീർഘായുസ്സിന്റെ ശാസ്ത്രം മനസ്സിലാക്കാൻ സഹായിക്കുന്ന സംഭാഷണങ്ങൾക്ക് തുടക്കമിടുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും സംരംഭകത്വത്തിൻ്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും മികച്ച നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഹെവലൂഷൻ സിഇഒ ഡോ. മഹ്മൂദ് ഖാൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നാല് ബയോടെക് സ്റ്റാർട്ടപ്പുകളിൽ 55 മില്യൻ ഡോളറിൻ്റെ വൻ നിക്ഷേപമാണ് പ്രഖ്യാപിച്ചത്.
ബയോടെക്‌നോളജി മേഖലയിൽ സൗദി അറേബ്യയെ മുൻനിര ആഗോള കേന്ദ്രമാക്കി മാറ്റാനും ഉയർന്ന സ്വയംപര്യാപ്തത കൈവരിക്കാനും സാമൂഹികവും സാമ്പത്തികവുമായ നല്ല സ്വാധീനം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സൗദി നാഷനൽ ബയോടെക്‌നോളജി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഉച്ചകോടി. സൗദി വിഷൻ 2030-ൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, പ്രാദേശിക പ്രതിഭകളിൽ നിക്ഷേപം നടത്തുക, വിവിധ മേഖലകളിൽ നൂതനാശയങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഉച്ചകോടി.