യുഎഇയിൽ കുറ്റകൃത്യങ്ങൾ വിലയിരുത്താൻ ‘എഐ’ വരുന്നു; ലക്ഷ്യം വേഗത്തിൽ നീതി ലഭ്യമാക്കുക

Mail This Article
അബുദാബി/ ദുബായ് ∙ യുഎഇയിൽ കുറ്റകൃത്യങ്ങൾ വിലയിരുത്താനും കേസുകൾ വിശകലനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉടൻ വരും. ഇതുസംബന്ധിച്ച പരീക്ഷണം പുരോഗമിക്കുകയാണ്. ആശാവഹമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും കേസുകൾ വിലയിരുത്തൽ ഏൽപിക്കുന്ന കാലം വിദൂരമല്ലെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ പ്രോസിക്യൂഷൻ മേധാവി സാലിം അലി ജുമാ അൽ സാബി പറഞ്ഞു.
ഇതോടെ കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ വേഗതയേറും. അബുദാബിയിൽ ചൊവ്വാഴ്ച എഐ എവരിത്തിങ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വേഗത്തിൽ നീതി ലഭ്യമാക്കാൻ സഹായിക്കുന്നതിന് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസുകളിൽ വായിക്കാനും വിവർത്തനം ചെയ്യാനും ധാരാളം രേഖകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ എഐ ഉപയോഗം സമയം ലാഭിക്കുമെന്നും സൂചിപ്പിച്ചു.
നടപടിക്രമങ്ങളിൽ സഹായിക്കുക മാത്രമാണ് തൽക്കാലം എഐയുടെ ചുമതലയെന്നും തീരുമാനമെടുക്കുന്നത് ജഡ്ജിമാരായിരിക്കുമെന്നും സൂചിപ്പിച്ചു. ഏതൊക്കെ മേഖലകളിൽ എഐ സഹായം തേടണമെന്ന കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്നും പറഞ്ഞു. കോവിഡ് കാലത്ത് മാസ്ക് ധരിക്കാത്ത ആളുകളെ യുഎഇ കണ്ടെത്തിയിരുന്നത് എഐ ക്യാമറ ഉപയോഗിച്ചാണ്. ഡേറ്റ ശേഖരിക്കുന്നതിനും വ്യക്തിയെ തിരിച്ചറിയുന്നതിനുമെല്ലാം എഐ സഹായം വിലപ്പെട്ടതാണെന്നും പറഞ്ഞു.

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ (എജിഐ) ഉത്തരവാദിത്തവും ധാർമികവുമായ വികസനത്തിന് സമഗ്രമായ നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ദുബായിൽ ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. എജിഐ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള പരിഹാരവും ചർച്ച ചെയ്തു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങളിൽ എഐയെ വിന്യസിക്കാനാണ് യുഎഇ നീക്കമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. എഐ വ്യാപകമാക്കണമെങ്കിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള കഴിവും പ്രധാനമാണ്.
ഇന്ത്യയിൽനിന്ന് 25 കമ്പനികളും ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി ചട്ടക്കൂടുകൾ തുടങ്ങിയ വിഷയങ്ങളും വിദഗ്ധർ ചർച്ച ചെയ്തു. ചൊവ്വാഴ്ച അബുദാബിയിൽ ആരംഭിച്ച ഉച്ചകോടി എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ ഇന്നും തുടരും.