ദുബായ് ഔദ്യോഗിക മുദ്രയുടെ ഉപയോഗത്തിന് നിയന്ത്രണം; അനുമതിയില്ലാതെ ലോഗോ ഉപയോഗിച്ചാൽ നിയമനടപടി

Mail This Article
ദുബായ് ∙ വാണിജ്യ ആവശ്യങ്ങൾക്കായി ദുബായ് സർക്കാരിന്റെയും എമിറേറ്റിന്റെയും ലോഗോ ഉപയോഗിക്കുന്നത് നിരോധിച്ചു. ഔദ്യോഗിക മുദ്രയുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഉത്തരവിറക്കിയത്.
ലോഗോയെ നശിപ്പിക്കുകയോ വികലമാക്കുകയോ അതിന്റെ മൂല്യത്തെയോ പദവിയെയോ ബാധിക്കുന്ന രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും. ഇതേസമയം പ്രത്യേക അനുമതിയോടെ ദുബായ് എമിറേറ്റിന്റെ ലോഗോ ഉപയോഗിക്കാം.
ദുബായ് സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സൈറ്റുകൾ, ഇവന്റുകൾ, പ്രവർത്തനങ്ങൾ, റെക്കോർഡുകൾ, രേഖകൾ, സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ ദുബായ് സർക്കാർ ലോഗോ ഉപയോഗിക്കാം. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് തയാറാക്കിയ മാർഗനിർദേശം അനുസഹിച്ചായിരിക്കണം ലോഗോ ഉപയോഗിക്കേണ്ടത്.