ADVERTISEMENT

ദുബായ് ∙  ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന്(വ്യാഴം) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് ഇന്നത്തെ നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള  സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്തോഷത്തിലായ ഗൾഫിലടക്കമുള്ള ഇന്ത്യക്കാരുടെ തിരക്ക് വിവിധ മണിഎക്സ്ചേഞ്ചുകളിൽ അനുഭവപ്പെട്ടു. 

ഇതിലുമേറെ നിരക്ക് 24 രൂപയിലെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലരും ബാങ്ക് വായ്പയെടുത്ത് നാട്ടിലേയ്ക്ക് പണമയക്കാനും ആലോചിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഡോണൾഡ്  ട്രംപിന്റെ പുനഃപ്രവേശനവും കൊണ്ട് പ്രത്യേകിച്ച് നവംബർ ആദ്യ വാരത്തിനു ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം ഇടയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അന്നുമുതൽ ഡോളർ ശക്തമായ നിലയിലാണ്. ഇത് രൂപ--യുഎസ് ഡോളറിൽ അധിക സമ്മർദ്ദം ചെലുത്തി. ജനുവരി 31-ലെ 86.64ൽ നിന്ന് ഡോളറിനെതിരെ  ഏകദേശം 1 രൂപയാണ് കുറഞ്ഞിട്ടുള്ളത്.

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ വളരെ അനുകൂലമായ സാഹചര്യമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. റമസാൻ അടുത്തിരിക്കുന്നതിനാൽ ഇൌ സീസണിൽ പണമയക്കുന്നതിൽ വർധനനവ് പ്രതീക്ഷിക്കാം. നേരത്തെയും ഇന്ത്യൻ രൂപാ നിരക്ക് ഇടിഞ്ഞപ്പോൾ ഒട്ടേറെ പ്രവാസി മലയാളികൾ ബാങ്ക് വായ്പയെടുത്ത് നാട്ടിലേയ്ക്ക് പണമയച്ചിരുന്നു. നിരക്ക് 24 രൂപയിലെത്തിയാൽ ഇത് കൂടും എന്ന് തന്നെയാണ് പ്രതീക്ഷ. യുഎഇ ബാങ്കിൽ നിന്ന് വായ്പയെടുത്ത താൻ നിരക്ക് 24 ൽ എത്തിയാൽ അത് അയക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുനിൽ ഹസൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇദ്ദേഹത്തെ പോലെ ഒട്ടേറെ പേർ ഇതേ പ്രതീക്ഷയുമായി നിൽക്കുന്നുണ്ട്. യുഎഇയിലെ മിക്ക ബാങ്കുകളും പേഴ്സണൽ ലോണുകൾ വലിയ നൂലാമാലകളില്ലാതെ നൽകിവരുന്നുണ്ട്.

അതേസമയം,  നാളെ നടക്കുന്ന ആർബിഐ യോഗത്തിൽ റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കൽ പ്രഖ്യാപിച്ച് നടപടിക്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യയുടെ പണപ്പെരുപ്പം ഇപ്പോഴും സെൻട്രൽ ബാങ്കിൻ്റെ ലക്ഷ്യത്തിന് മുകളിലാണ്. അതിനർഥം യുഎസിലെ ഫെഡറൽ ബാങ്കിനെപ്പോലെ നിരക്ക് കുറയ്ക്കുന്നതിന് ആർബിഐ കൂടുതൽ സാവധാനത്തിലുള്ള സമീപനം സ്വീകരിക്കുന്നു എന്നാണ്.  വിപണി നിരീക്ഷകരെ ആശങ്കപ്പെടുത്തുന്ന കാര്യം രൂപയുടെ പദ്ധതികൾ ആർബിഐ സൂചിപ്പിച്ചിട്ടില്ല എന്നതാണ്. നിലവിലെ അവസ്ഥയിൽ ഇത് നല്ലതാണോ, അതോ ഇന്ത്യൻ രൂപയെ മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും ഗുരുതരമായ വിപണി ഇടപെടൽ ഉണ്ടാകുമോ എന്ന്  നാളത്തെ യോഗം എന്തെങ്കിലും ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ. 

English Summary:

Indian Rupee Fall: Indian rupee hits record law against uae dirham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com