91 പുതിയ ബസുകൾ, 383 സ്റ്റോപ്പുകൾ, ലക്ഷ്യം പ്രതിവർഷം 9 ദശലക്ഷം യാത്രക്കാർ; പൊതു ഗതാഗത വികസനത്തിന് ജിദ്ദ

Mail This Article
ജിദ്ദ ∙ പുതിയ റൂട്ടുകളും കൂടുതൽ സേവനങ്ങളും ഉൾപ്പെടെ പൊതുഗതാഗത വികസനത്തിന് തയാറെടുത്ത് ജിദ്ദ. ഏപ്രിൽ 1 മുതൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 91 പുതിയ ബസുകൾ പുറത്തിറങ്ങും. ബസ് റൂട്ടുകളുടെ എണ്ണം നിലവിലെ ആറിൽ നിന്ന് 14 ആയി ഉയർത്തുമെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സിഇഒ യൂസഫ് അൽ സയേഗ് പ്രഖ്യാപിച്ചു.
ബസ് സ്റ്റോപ്പുകളുടെ എണ്ണം 46 ൽ നിന്ന് 383 ആയി വർദ്ധിപ്പിക്കും. പ്രതിവർഷം 9 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ടാണ് വിപുലീകരണം. പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് സൗദി അറേബ്യ ജിദ്ദ ചാപ്റ്റർ അടുത്തിടെ നടത്തിയ പരിപാടിയിലാണ് പൊതുഗതാഗത വികസനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പൊതുഗതാഗതം, ഗതാഗതാധിഷ്ഠിത വികസനം, സുസ്ഥിര നഗര യാത്രാ സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കമ്പനിയുടെ ചരിത്രവും പ്രവർത്തനങ്ങളും അൽ സയേഗ് അവതരണ വേളയിൽ വിശദീകരിച്ചിരുന്നു. ബസ്, ടാക്സി സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ജിദ്ദയുടെ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സംരംഭങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി.
ആറ് ബസ് റൂട്ടുകളിലായാണ് തുടക്കത്തിൽ ജിദ്ദയുടെ പൊതുഗതാഗതം തുടങ്ങിയത്. സൗദി അറേബ്യയിലെ എയർ കണ്ടീഷൻ ചെയ്ത ബസ് സ്റ്റേഷനുകളുള്ള ഏക നഗരമാണ് ജിദ്ദ. നിലവിൽ 76 ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 26 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. സേവന നിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പൊതു ടാക്സി ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള പദ്ധതികളും അൽ-സയേഗ് വിശദീകരിച്ചു. ടെൻഡർ പ്രക്രിയ, സാമ്പത്തിക മോഡലിങ്, പ്രവർത്തന ആവശ്യകതകൾ എന്നിവയെ സഹായിക്കുന്നതിന് ഒരു കൺസൾറ്റൻസിയുമായി കരാർ ഉറപ്പിച്ചിട്ടുണ്ട്.
ജിദ്ദയിലെ ടാക്സികൾക്കായി പ്രത്യേക ദൃശ്യ അടയാളം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു, അതിൽ ഒരു സ്റ്റാൻഡേർഡ് ബ്രാൻഡ്, ലോഗോ, ഔദ്യോഗിക യൂണിഫോമുകൾ, നിയുക്ത ടാക്സി പാർക്കിങ് സൈനേജ് എന്നിവ ഉൾപ്പെടുന്നു. ഓരോ ടാക്സിയിലും വിവരങ്ങൾ മനസിലാക്കാനുള്ള ഇന്റീരിയർ സ്റ്റിക്കറുകളും ഡിജിറ്റൽ പാസഞ്ചർ സ്‌ക്രീനുകളും ഉണ്ടായിരിക്കും. ടാക്സികൾക്കും ഡ്രൈവർമാർക്കും ഒരു സ്റ്റാൻഡേർഡ് രൂപത്തിലായിരിക്കും, ഡ്രൈവറുടെ പേരും കമ്പനി വിശദാംശങ്ങളും പ്രദർശിപ്പിക്കുന്ന ഡാഷ്‌ബോർഡുകൾ ഉണ്ടാകും. നാല് കമ്പനികളുടെ ടാക്സികൾ നാല് വ്യത്യസ്ത നിറങ്ങളിലായിരിക്കും നിരത്തിലിറങ്ങുക.
ജിദ്ദയിലെ ബസ് ശൃംഖല വികസിപ്പിക്കേണ്ടതിന്റെയും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി സ്റ്റേഷനുകളുടെ എണ്ണം കൂട്ടേണ്ടതിന്റെയും പ്രാധാന്യം അൽ സയേഗ് എടുത്തു പറഞ്ഞു. എല്ലാ ബസുകളിലും യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും ക്യാമറകൾ. സ്ത്രീകൾക്ക് ബസുകളിൽ സുരക്ഷ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.