മസ്‌കത്ത് ക്ലാസ്സിക് നാളെ; നഗരത്തില്‍ ഗതാഗത നിയന്ത്രണം

Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് ക്ലാസ്സിക് മത്സരം വെള്ളിയാഴ്ച മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. മസ്‌കത്ത് ക്ലാസ്സികിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. പര്‍വത റൂട്ടുകളില്‍ ഉള്‍പ്പെടെയാണ് മത്സരങ്ങള്‍. അല്‍ മൗജ്, അല്‍ ബുസ്താന്‍ എന്നിവക്കിടയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ബൗഷര്‍- ആമിറാത്ത് (3.5 കി. മി), വാദി കബീര്‍ പര്‍വത പാത (2.1 കി. മീ), ഹംരിയ്യ (0.9 കി. മീ) അല്‍ ജിസ്സ മലയോര റോഡ് (1.1 കി. മീ) എന്നിവിടങ്ങളിലായാണ് മത്സര ഘട്ടങ്ങള്‍.
ഫ്രാന്‍സ്, സ്‌പെയിന്‍, യുഎഇ, നെതര്‍ലൻഡ്, സ്വിറ്റ്‌സര്‍ലൻഡ്, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഇത്തവണയും മത്സര രംഗത്തുണ്ട്. ഇതിന് പുറമെ ഒമാന്‍ നാഷനല്‍ ടീമും ഇത്തവണ മസ്‌കത്ത് ക്ലാസികിലുണ്ടാകും.
മസ്‌കത്ത് ക്ലാസിക്കിന്റെ ഭാഗമായി വെള്ളിയാഴ്ച തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും ഭാഗികമായി ഗതാഗതം നിയന്ത്രിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മത്സരം കടന്നുപോകുന്ന പാതകളുടെ ഇരുവശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. മത്സര സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.