നോമ്പ് തുറയ്ക്ക് 'ഫ്രഷ് ' ചെമ്മീൻ വിഭവങ്ങൾ ഒരുക്കാൻ കഴിയില്ല

Mail This Article
മനാമ ∙ റമസാൻ മാസം പകൽ നോമ്പ് എടുക്കുന്നവർ നോമ്പുതുറയും കഴിഞ്ഞുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നത് പതിവാണ്. പ്രത്യേകിച്ച് മൽസ്യ, മാംസ വിഭവങ്ങൾ തന്നെയാണ് അതിൽ ഏറ്റവും പ്രാധാനപ്പെട്ടതും. കടൽ വിഭവങ്ങളിൽ പലഹാരങ്ങളിൽ അടക്കം കൂടുതലും ഉപയോഗിക്കുന്ന ചെമ്മീൻ പക്ഷെ ഈ വർഷത്തെ റമസാൻ മാസത്തിലെ വിഭവങ്ങളിൽ ഉണ്ടാകില്ല. രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിനുള്ള നിരോധന കാലയളവിലാണ് റമസാൻ മാസം വരുന്നത് എന്നത് തന്നെ ഇതിനു കാരണം.
മലയാളികൾ ഉൾപ്പെടെയുള്ള സംഘടനകളുടെയും വീടുകളിലെയും നോമ്പ് തുറ വിഭവങ്ങളിൽ പ്രധാനമായ ചെമ്മീൻ ബിരിയാണി മജ്‌ബൂസ്, കൽമാസ്, ചെമ്മീൻ അട, ചെമ്മീൻ പിടി, ചെമ്മീൻ കട് ലെറ്റ്, ചെമ്മീൻ റോസ്‌റ്, ചെമ്മീൻ ബോണ്ട തുടങ്ങി കോഴിക്കോട് കണ്ണൂർ ജില്ലക്കാരുടെ പല ചെമ്മീൻ വിഭവങ്ങളും ഇത്തവണ ആസ്വദിക്കാനാവില്ല. ഫെബ്രുവരി ഒന്ന് മുതൽ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് നിരോധനം നിലവിൽ വന്നു കഴിഞ്ഞു.
ചെമ്മീൻ വ്യാപാരം ചെയ്യുന്നതിനും നിരോധനമുണ്ട്. ജൂലൈ 31 വരെ നീണ്ടു നിൽക്കുന്ന ആറു മാസക്കാലമാണ് നിരോധനം. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഫ്രീസറുകളിൽ സൂക്ഷിച്ച 'ഫ്രോസൺ ' ചെമ്മീനുകൾ പായ്ക്കറ്റുകളിൽ ലഭ്യമാകുന്നത് കൊണ്ട് തന്നെ പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്നതിനെ നിരോധനം ബാധിക്കില്ലെന്നാണ് കാറ്ററിങ് മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ ഫ്രഷ് ചെമ്മീൻ വിഭവങ്ങളുടെ സ്വാദ് ഇതിനു ലഭിക്കില്ലെന്നും ഫ്രോസൺ ഇനങ്ങൾക്ക് വിലക്കൂടുതലുമാണെന്നും ഇവർ പറഞ്ഞു. ചെമ്മീൻ പ്രജനന കാലഘട്ടത്തിലാണ് ഇവ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് ഇത്തരത്തിൽ ഒരു നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.