അവിസ്മരണീയ കാഴ്ചകളുടെ ദീപോത്സവമൊരുക്കി ഷാർജ

Mail This Article
ഷാർജ ∙ വർണ വെളിച്ചം കൊണ്ട് സന്ദർശകരെ വിസ്മയിപ്പിച്ച് യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ. എമിറേറ്റിന്റെ മുഖമുദ്രകളായ 12 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് പതിനാലാമത് ലൈറ്റ് ഫെസ്റ്റിവൽ നടത്തുന്നത്. പൈതൃക കാഴ്ചകളുമായി ഷാർജ ഒരുക്കിയ ദീപോത്സവം കാണാൻ വിവിധ രാജ്യങ്ങളിൽനിന്നായി ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
ലൈറ്റ് ഫെസ്റ്റ് 16ന് സമാപിക്കും. സംഗീതത്തിന്റെ അകമ്പടിക്കൊപ്പം ലേസർ വർണങ്ങൾ മിന്നിമറയുന്ന പ്രത്യേക ഷോ 10 മിനിറ്റ് ഇടവിട്ട് നടത്തുന്നുണ്ട്. രാജ്യാന്തര കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് അവിസ്മരണീയ കാഴ്ചയൊരുക്കുന്നത്.
വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണ് ദീപോത്സവം നടത്തുന്നത്. ഷാർജയെ സംസ്കാരത്തിന്റെയും അറിവിന്റെയും ആഗോളകേന്ദ്രമാക്കി മാറ്റുന്നതിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വഹിച്ച പങ്കിനെക്കുറിച്ചും എമിറേറ്റിന്റെ ചരിത്രത്തെക്കുറിച്ചും ഉദ്ഘാടനദിനത്തിൽ കാണിച്ച ഷോ കാണികളുടെ കയ്യടി നേടി. പ്രകാശത്തിലൂടെയും സംസ്കാരത്തിലൂടെയും ഒരു യാത്ര എന്ന പ്രമേയത്തിൽ കഥ പറയുന്ന രൂപത്തിലായിരുന്നു ഉദ്ഘാടനദിവസത്തെ പരിപാടികൾ.
12 സ്ഥലങ്ങളിലും ഓരോ ദിവസവും വ്യത്യസ്ത പ്രമേയങ്ങളിലുള്ള ചിത്രീകരണമായതിനാൽ ജനങ്ങൾക്ക് ആവർത്തന വിരസതയുണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജലം ജീവന്റെ ഉറവിടം, താഴ്‌വരയുടെ രൂപീകരണം, പുരാതന വാസസ്ഥലങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ, കഥപറച്ചിൽ, സാംസ്കാരിക പൈതൃകം തുടങ്ങിയവയാണ് ഫെസ്റ്റിവലിന് വിഷയങ്ങളായത്.
ഫെസ്റ്റിവൽ കേന്ദ്രങ്ങൾ
ഷാർജ റിസർച്, ടെക്നോളജി, ഇന്നവേഷൻ പാർക്ക്, അൽ ഹീര ബീച്ച്, അൽദൈദ് ഫോർട്ട്, ലൈറ്റ് വില്ലേജ്, അൽജാദ, ഷാർജ മോസ്ക്, ബീഹ് ആസ്ഥാനം, അൽദൈദ് ഫോർട്ട്, അൽഹമറിയ ന്യൂ ജനറൽ സൂഖ്, അൽമജാസ് വാട്ടർ ഫ്രണ്ട്, അൽ തയ്യാരി മോസ്ക് (ദിബ്ബ), അൽറാഫിസ ഡാം (ഖോർഫക്കാൻ), അൽ ഹിഫായ ലേക്ക് (കൽബ).
ഷോ സമയം
ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 6 മുതൽ 11 വരെയാണ് ഷോ.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ അർധരാത്രി 12 വരെ. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസ്സാം അൽ ഖാസിമി, എസ്ഡിഎസ്എ ചെയർമാൻ ഷെയ്ഖ് മജീദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡിജിറ്റൽ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, എസ്ഡിടിഡിഎ ഡയറക്ടർ ഷെയ്ഖ് സാലിം ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.
അതോടനുബന്ധിച്ച് സജ്ജമാക്കിയ ലൈറ്റ് വില്ലേജ് 23 വരെ തുടരും. ഭക്ഷ്യസ്റ്റാളുകൾ മുതൽ റീട്ടെയ്ൽ പ്രോജക്ടുകൾ വരെ വിവിധ കേന്ദ്രങ്ങളോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.