ADVERTISEMENT

മനാമ∙ ജനിച്ചുപോയതിനാൽ തടവറയ്ക്കുള്ളിൽ കഴിയുന്നതിന് സമാനം ജീവിക്കാൻ വിധിക്കപ്പെട്ട ഒട്ടേറെ പേരിൽ ഒരാളാണ് ബഹ്‌റൈനിൽ ജനിച്ചു വളർന്ന ബാബു (പേര് യഥാർഥമല്ല). തിരിച്ചറിവായ കാലം തൊട്ട് ബഹ്‌റൈനിൽ ഉമ്മ ഖദീജയോടൊപ്പം ജീവിക്കുന്ന ബാബുവിന് പിതാവ് ആരെന്നു പോലും അറിയില്ല.

ശ്രീലങ്കൻ സ്വദേശിനിയായ ഖദീജയാകട്ടെ, നാട് കണ്ടിട്ട് 20 വർഷത്തിൽ കൂടുതലായി. നാട്ടിൽ ഒരു മകളുണ്ട്. ബഹ്‌റൈനിലെ പ്രവാസ ജീവിതത്തിൽ കണ്ടുമുട്ടിയ പാക്കിസ്ഥാൻ സ്വദേശിയുമായുള്ള ബന്ധത്തിലാണ് ബാബു ജനിച്ചത്. പ്രസവത്തിന് ശേഷം പാക്കിസ്ഥാൻ സ്വദേശിയായ പിതാവ് അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി. പിന്നീട് യാതൊരു വിവരവും ഇല്ല.

മകനെ വളർത്തി വലുതാക്കുക എന്നത് മാത്രമായിരുന്നു ഖദീജയുടെ ലക്ഷ്യവും സ്വപ്നവും. അതിനായി ഒരുപാട് വീടുകളിൽ ജോലി ചെയ്തു. കിട്ടുന്നതിൽ ഒരു പങ്ക് നാട്ടിലുള്ള മകൾക്കും എത്തിച്ചു. ഈ ദുരിതയാത്രയ്ക്കിടയിൽ ബഹ്‌റൈനിൽ പിറന്ന മകന്റെ നിയമാനുസൃതമായ രേഖ ലഭ്യമാക്കുന്നതിനോ, സ്കൂളിലോ, മദ്രസയിലോ അയ്ക്കാനോ സാധിച്ചില്ല.  

2017ൽ ഔട്ട് പാസിന് അപേക്ഷിച്ചെങ്കിലും ചില രേഖകളുടെ അഭാവത്തിൽ അതും നടന്നില്ല. ഇപ്പോൾ മകന് പതിനേഴ് വയസ്സു കഴിഞ്ഞു. യാതൊരുവിധ രേഖകളും വിദ്യാഭ്യാസവുമില്ലാതെ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ ഈ കൗമാരക്കാരൻ, തന്റെ ഉമ്മയുടെ ആശുപത്രിയിൽ  ആശങ്കയോടെ കഴിയുകയാണ്. ഇപ്പോൾ അറുപത് വയസ്സായ ഖദീജയുടെ രണ്ടു വൃക്കകളും സ്തനങ്ങളും തകരാറിലാണ്.

ബഹ്‌റൈനിലെ ഹോപ്പ് ജീവകാരുണ്യസംഘടനയുടെ ആശുപത്രി സന്ദർശന ടീം അംഗങ്ങളായ ആബിദ, മോളി എന്നിവരാണ് ഖദീജയുടെ അവസ്ഥ ആദ്യമായി ചോദിച്ചറിഞ്ഞ് ഹോപ്പ് അംഗങ്ങളിലേക്ക് എത്തിക്കുന്നത്. തുടർന്ന് അസ്‌കർ പൂഴിത്തല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, റഫീക്ക് പൊന്നാനി, ഷാജി എന്നിവരും  അവരുടെ വാർഡിലേക്ക് എത്തി. വളരെ സങ്കടകരമായിരുന്നു അവരുടെ അവസ്ഥ എന്ന് അസ്‌കർ പറഞ്ഞു.  

ഗുരുതരാവസ്ഥയിൽ തുടരുന്ന സ്വന്തം ഉമ്മയുടെ മുഖം കണ്ടുനിൽക്കാനാവാതെ ആ മകൻ ആശുപത്രിയുടെ ഏതോ മൂലയിൽ കഴിയുന്നു. ശ്രീലങ്കൻ എംബസിയുടെ സഹകരണത്തോടെ ഖദീജയെ നാട്ടിലെത്തിക്കാൻ  ഒരുപക്ഷേ കഴിഞ്ഞേക്കാം, പക്ഷേ ഒരു രേഖയുമില്ലാതെ കഴിഞ്ഞ 17 വർഷമായി ഉമ്മയെ മാത്രം ആശ്രയിച്ചു കഴിയുന്ന മകനെ നാട്ടിലെത്തിക്കാൻ എന്താണ് വഴിയെന്നറിയാത്ത അവസ്ഥയിലാണ് ഹോപ്പ് പ്രവർത്തകർ.

അന്യരാജ്യക്കാരുമായുള്ള നിയമാനുസൃതമല്ലാത്ത ബന്ധങ്ങളിലൂടെ ഇത്തരത്തിൽ ഇതിനു മുൻപും ജനിച്ച കുട്ടികൾ രാജ്യത്ത് ഇതേ അവസ്ഥയിൽ കഴിയുന്നുണ്ടെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. ജനന സർട്ടിഫിക്കറ്റോ, മറ്റു നിയമാനുസൃത രേഖകളോ ഇല്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഇവർക്കാവില്ലെന്ന് മാത്രമല്ല, അസുഖബാധിതരായാൽ ചികിത്സ ലഭിക്കാൻ പോലും വലിയ ബുദ്ധിമുട്ടാണ് ഇത്തരക്കാർക്ക് നേരിടേണ്ടിവരിക എന്നും സാമൂഹ്യപ്രവർത്തകർ പറഞ്ഞു. ബാബുവിന്റെ കാര്യം ശ്രീലങ്കൻ എംബസിയിൽ അറിയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാകുമോ എന്ന അന്വേഷണത്തിലാണ് ഹോപ്പ് പ്രവർത്തകർ.

English Summary:

Stateless Suffering: Mother's Illness and Son's Future Hang in the Balance

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com