എയർ കാർഗോയിൽ 1.2 ടൺ ലഹരിമരുന്ന് കടത്താനുള്ള ശ്രമം

Mail This Article
ദുബായ്∙ എയർ കാർഗോയിൽ 1.2 ടൺ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോൾ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രത്യേക സംഘങ്ങൾ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ടീമുകൾ കൃത്യമായ ഡാറ്റാ വിശകലനത്തിലും ഷിപ്മെന്റ് വിശദാംശങ്ങളുടെ സൂക്ഷ്മപരിശോധനയിലും ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മനുഷ്യന്റെ മാനസിക നിലയിൽ മാറ്റങ്ങളുണ്ടാക്കുന്ന ലഹരിമരുന്നാണിതെന്ന് ദുബായ് കസ്റ്റംസ് സ്ഥിരീകരിച്ചു. നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി സംഭവം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ ഉടനടി ആരംഭിച്ചു.സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യാന്തര കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ദുബായ് കസ്റ്റംസ് പ്രതിനിധീകരിക്കുന്ന തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ എന്നിവിടങ്ങളിൽ ഇൻസ്പെക്ടർമാർ ജാഗ്രത പുലർത്തിവരുന്നു.
നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിലും സമൂഹത്തെ അവയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും തങ്ങളുടെ നേതൃത്വത്തിൻ്റെ പ്രയത്നം വളരെ വലുതാണെന്നും യുഎഇ ആഗോളതലത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായും ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷന്റെ സിഇഒയും ചെയർമാനുമായ സുൽത്താൻ ബിൻ സുലായം പറഞ്ഞു. സംഘടിത കള്ളക്കടത്ത് ശൃംഖലകളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഈ ഓപറേഷൻ പിന്തുണയ്ക്കുന്നുവെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല ബുസെനാദ് പറഞ്ഞു.