ദേശീയ കായിക ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും

Mail This Article
ദോഹ∙ ദേശീയ കായിക ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് നാളെ നടക്കുക. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ, കെഎംസിസി ഖത്തർ, പ്രവാസി വെൽഫെയർ, ഇൻകാസ് തുടങ്ങിയ പ്രമുഖ സംഘടനകൾ വിവിധ കായിക മത്സരങ്ങളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ കായിക ദിനാഘോഷം ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിൽ രാവിലെ 7.30 മുതൽ ആരംഭിക്കും. കമ്പവലി, പഞ്ചഗുസ്തി, ഖോ ഖോ, സുമ്പ എന്നിവയാണ് മത്സര ഇനങ്ങൾ.
കെഎംസിസി ഖത്തറിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിൽ കായിക ദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 6.30 മുതൽ 1 മണി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ 9 മണിക്ക് മാർച്ച് പാസ്റ്റ് നടക്കും. ഷൂട്ടൗട്ട്, ത്രോബോൾ, ബലൂൺ ഗെയിംസ്, ടഗ് ഓഫ് വാർ, ഹുല ഹൂപ്പ്, സ്കേറ്റിങ്, വോളിബോൾ, വടംവലി, ആരോഗ്യ ബോധവൽക്കരണ സെഷൻ, മാർഷൽ ആർട്സ് പ്രദർശനം, ഫിറ്റ്നസ് ട്രെയിനിങ് സെഷൻ എന്നിവ പരിപാടിയുടെ ഭാഗമാണ്.

പ്രവാസി വെൽഫെയറും നടുമുറ്റം ഖത്തർ എക്സ്പാറ്റ്സ് സ്പോർടീവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കായിക ദിനാഘോഷം ഉച്ചയ്ക്ക് 2.30 മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം നടക്കും. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
ഇൻകാസ് കേന്ദ്ര കമ്മിറ്റിയുടെ കായിക ദിനാഘോഷം ഐസിസി അശോക ഹാളിൽ നടക്കും. ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മത്സരം 14ന് ഉച്ചയ്ക്ക് 1.30 മുതൽ ഖത്തർ യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും.
