ദേശീയ കായിക ദിനം; കുട്ടികൾക്കൊപ്പം പഡേൽ കളിച്ച് അമീർ, കളിയാവേശത്തിൽ ഖത്തർ

Mail This Article
ദോഹ∙ രാജ്യത്തിന്റെ 14-ാമത് ദേശീയ കായിക ദിനാഘോഷത്തിൽ പങ്കുചേർന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും. ഇന്ന് രാവിലെ വടക്കൻ മേഖലയിലെ ഹാബിറ്റാസ് റാസ് അബ്രൂഖ് റിസോർട്ടിലെ കായികദിനാഘോഷങ്ങളിലാണ് അമീർ പങ്കെടുത്തത്. റിസോർട്ടിലെത്തി കുട്ടികൾക്കൊപ്പം പഡേൽ കളിയും കഴിഞ്ഞാണ് അമീർ മടങ്ങിയത്. ഖത്തരി ജൂനിയർ പഡേൽ ടീമിലെയും ദുഖാൻ പ്രൈമറി സ്കൂളിലെയും ആൺകുട്ടികൾക്കൊപ്പമായിരുന്നു പഡേൽ കളിച്ചത്.
രാജ്യത്തുടനീളമായി പൊതു–സ്വകാര്യ മേഖലകളുടെയും കമ്യൂണിറ്റികളുടെയും പങ്കാളിത്തത്തിൽ നടക്കുന്ന വിവിധ തരം കായിക മത്സരങ്ങളിലും ടൂർണമെന്റുകളിലും ഫിറ്റ്നസ് പരിപാടികളിലും സ്വദേശി, പ്രവാസി വ്യത്യാസമില്ലാതെ കുട്ടികൾ മുതൽ വയോധികർ വരെ രാവിലെ മുതൽ സജീവമാണ്. പൊതുജനങ്ങൾക്കൊപ്പമാണ് അമീർ മുതൽ സർക്കാർ മേധാവികളും മുതിർന്ന ഉദ്യോഗസ്ന്മാരും ഉൾപ്പെടെയുള്ളവരും കായിക ദിനാഘോഷങ്ങളിൽ സജീവമാകുന്ന കാഴ്ചയാണ് ജനങ്ങളെയും കളിയാവേശത്തിലാക്കുന്നത്. കത്താറ കൾചറൽ വില്ലേജ്, ലുസെയ്ൽ ബൗളെവാർഡ്, ആസ്പയർ സോൺ, ദോഹ തുറമുഖം, ഖത്തർ ഫൗണ്ടേഷൻ, ഏഷ്യൻ ടൗൺ തുടങ്ങി രാജ്യമെങ്ങും ദേശീയ കായികദിനാഘോഷ പരിപാടികളാണ് നടക്കുന്നത്.

ഖത്തർ നാഷനൽ ഒളിംപിക് കമ്മിറ്റി , ഖത്തർ ഫൗണ്ടേഷൻ , സ്പോർട്സ് ക്ലബ്ബുകൾ, മന്ത്രാലയങ്ങൾ, പൊതു–സ്വകാര്യ കമ്പനികൾ, വിവിധ കായിക സംഘടനകൾ, പ്രവാസി സംഘടനകൾ എന്നിവയുടെ കീഴിൽ വിപുലമായ പരിപാടികളാണ് നടന്നത് . ഖത്തർ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യു.ഒ.സി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ചൊവ്വാഴ്ച ലുസൈൽ ബൗളെവാർഡിൽ നടന്നു.21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഓട്ടം, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) എജ്യുക്കേഷൻ സിറ്റിയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾകൊള്ളുന്ന എജ്യുക്കേഷൻ സിറ്റി ട്രെയ്ത്തലോൺ, സിറ്റി റൺ, സിറ്റി മൗണ്ടൻ ബൈക്ക് ട്രയൽ റേസ് തുടങ്ങിയ പരിപാടികളാണ് നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ അനവധി പേർ എജ്യൂക്കേഷൻ സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. വനിതകൾക്കായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വിമൻസ് ഫിറ്റ്നസ് ചലഞ്ച്, വനിതാ ഫുട്ബോൾ , ഓട്ടം എന്നിവയും സംഘടിപ്പിച്ചു. . ഓക്സിജൻ പാർക്കിലെ ഫാമിലി സോണിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നടന്ന പരിപാടികളിലും മികച്ച പങ്കാളിത്തമാണുണ്ടായിരുന്നത്.
ആരോഗ്യകരമായ ജീവിതത്തിൽ കായികത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. 2012 ൽ ആയിരുന്നു രാജ്യത്തിന്റെ ആദ്യ ദേശീയ കായിക ദിനം. പൊതു അവധി പ്രഖ്യാപിച്ച് ദേശീയ കായിക ദിനം ആഘോഷിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഖത്തർ. 'ഒരിക്കലും വൈകരുത്' എന്നതാണ് ഇത്തവണത്തെ പ്രമേയം.