യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഡ്രൈവിങ്ങിൽ ജാഗ്രത വേണം

Mail This Article
ദുബായ് ∙ രാജ്യത്ത് പല ഭാഗങ്ങളിലും മൂടൽമഞ്ഞ് കനക്കുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ സാവധാനത്തിൽ മാത്രമേ വാഹനം ഓടിക്കാവൂ. അബുദാബിയിൽ പലയിടത്തും വേഗപരിധിയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും റോഡിലെ ഇലക്ട്രോണിക് ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
അബുദാബിയിലെ അൽ ഷഹാമയിലും അൽ റഹ്ബയിലും ബുധനാഴ്ച പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവെ ഇന്ന് പ്രസന്ന കാലാവസ്ഥയായിരിക്കും. എങ്കിലും വൈകിട്ടും രാത്രിയും ചില പ്രദേശങ്ങളിൽ ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായി മാറുമെന്നും താപനിലയിൽ വർധനവുണ്ടാകുമെന്നും പറഞ്ഞു.
രാത്രിയിലും നാളെ( വ്യാഴം) രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 26 നും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും എത്തും. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ 10 മുതൽ 20 വരെ വേഗത്തിൽ മണിക്കൂറിൽ 35 കി.മീ വേഗത്തിൽ വീശും.