ADVERTISEMENT

ദുബായ് ∙ പുതിയ ജോലിയെന്നത് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. എന്നാല്‍ ആഗ്രഹിച്ച് കിട്ടിയ ജോലിയുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനാകുന്നില്ലേ. ജോലി രാജിവയ്ക്കാന്‍ ആലോചിക്കുന്നുണ്ടോ. ജോലിയില്‍ മികവ് തെളിയിക്കാനായില്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടോ. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആദ്യം അറിയേണ്ടത് യുഎഇയിലെ തൊഴില്‍ നിയമങ്ങളില്‍ പ്രധാനമായുളള പ്രൊബേഷന്‍ കാലയളവിനെ കുറിച്ചാണ്.

യുഎഇയിലെ തൊഴില്‍ നിയമത്തിൽ 2021 ഫെഡറല്‍ ഡിക്രി നിയമം നമ്പർ 33 അനുസരിച്ച് ഒരു ജോലിയില്‍ പ്രവേശിച്ചാല്‍, സാഹചര്യങ്ങളുമായും ജോലിയുമായും പൊരുത്തപ്പെടാനുളള സമയം, നിങ്ങളുടെ ജോലിയിലെ മികവ് തൊഴിലുടമയ്ക്ക് മനസിലാക്കാനുളള സമയം എന്നൊക്കെ പ്രൊബേഷന്‍ കാലയളവിനെ പറയാം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് തൊഴില്‍ കരാർ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത് പ്രൊബേഷന്‍ കാലയളവിലെ തൊഴിലാളിയുടെ മികവിനെ അടിസ്ഥാനമാക്കിയായിരിക്കും.

പ്രൊബേഷന്‍ കാലയളവിലുളള  തൊഴിലാളിക്ക് അവകാശങ്ങളും അതോടൊപ്പം തന്നെ ഉത്തരവാദിത്തങ്ങളുമുണ്ടെന്ന് അറിയണം. യുഎഇയില്‍ വിവിധ തരത്തിലുളള തൊഴില്‍ മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ഏത് മേഖലയിലാണ് സ്ഥാപനമെന്നത് അനുസരിച്ച് തൊഴില്‍ നിയമത്തിലും ഭേദഗതികളുണ്ടാകാം. പ്രൊബേഷൻ കാലയളവിൽ  മനസ്സിൽ സൂക്ഷിക്കേണ്ട ഏഴ് അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഇതാ.

Image Credit: BEEAH
Image Credit: BEEAH

1. പ്രൊബേഷന്‍ കാലയളവ് ഒരിക്കലും ആറ് മാസത്തില്‍ കൂടാന്‍ പാടില്ല. പ്രൊബേഷന്‍ കാലയളവ് പൂർത്തിയാക്കി അതേ സ്ഥാപനത്തില്‍ ജോലി തുടരുകയാണെങ്കില്‍ നിങ്ങളുടെ പ്രൊബേഷന്‍ കാലം മൊത്തം സേവന കാലയളവിന്‍റെ ഭാഗമാകും. ഗ്രാറ്റുവിറ്റിയും വാർഷിക അവധിയുമെല്ലാം മൊത്തം സേവന കാലയളവ് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

2. പ്രൊബേഷനിലുളള ജീവനക്കാർക്ക് അസുഖ അവധിയെടുക്കാം. പക്ഷെ ശമ്പളമില്ലാത്ത അവധിയായി മാത്രമെ ഇത് പരിഗണിക്കൂകയുളളൂ. എന്നാല്‍ ഇതില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം.

3. പ്രൊബേഷനില്‍ ആയിരിക്കുമ്പോള്‍ തന്നെ വാ‍ർഷിക അവധിയില്‍ നിന്നുളള ദിവസങ്ങള്‍ അവധിയായി എടുക്കാം. എന്നാല്‍ ഇതിന് തൊഴിലുടമയുടെ അംഗീകാരം വേണം. അവധി അനുവദിക്കാതിരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്.

4. പ്രൊബേഷൻ കാലയളവിൽ ജോലി കരാർ അവസാനിപ്പിക്കാൻ സ്ഥാപനം തീരുമാനിക്കുകയാണെങ്കില്‍ യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 9 (1) അനുസരിച്ച്, 14 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് തൊഴിലാളിക്ക് നൽകണം.

5. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജി വച്ച് യുഎഇയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുകയാണെങ്കില്‍, പഴയ സ്ഥാപനത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡുണ്ടാകും. അതല്ലെങ്കില്‍ ജോലി റിക്രൂട്ട്മെന്‍റിനും കരാറിനുമെല്ലാമുണ്ടായ ചെലവ് നഷ്ടപരിഹാരമായി പുതിയ തൊഴിലുടമ, പഴയ തൊഴിലുടമയ്ക്ക് നല്‍കണം.

യുഎഇ വിട്ട് പോകുകയാണെങ്കില്‍ 14 ദിവസത്തെ നോട്ടീസ് പിരീഡാണുളളത്. മാത്രമല്ല, മൂന്ന് മാസത്തിനുളളില്‍ തിരികെ വന്ന് പുതിയ സ്ഥാപനത്തില്‍ ചേരുകയാണെങ്കില്‍ ആദ്യ തൊഴിലുടമയും ജീവനക്കാരനും തമ്മിൽ നിലവില്‍ ഒരു കരാർ ഇല്ലെങ്കിൽ, നിയമത്തിൽ പറഞ്ഞിരിക്കുന്ന റിക്രൂട്ട്‌മെന്‍റ് ചെലവുകളുടെ നഷ്ടപരിഹാരം പുതിയ തൊഴിലുടമ നൽകണം.

6. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജിവയ്ക്കുമ്പോള്‍ റിക്രൂട്ട്മെന്‍റിന്‍റേത് ഉള്‍പ്പടെയുളള ചെലവുകള്‍ തൊഴിലാളി നല്‍കണമെന്നുളള കരാറില്‍  തൊഴിലുടമ ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ അത് ആവശ്യപ്പെടാം.

7. നോട്ടീസ് പിരീഡ് നല്‍കാതെയോ അറിയിപ്പ് നല്‍കാതെയോ ജോലി വിട്ടാല്‍ ഒരു വർഷത്തെ തൊഴിൽ വിലക്ക് നേരിടേണ്ടിവരും. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 9 (6) അനുസരിച്ച്, നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ യുഎഇ വിടുന്ന ഒരു തൊഴിലാളിക്ക്, അന്നേ ദിവസം മുതല്‍  മുതൽ ആറുമാസം മുതല്‍ ഒരു വർഷത്തേക്ക് യുഎഇയിൽ ജോലി ചെയ്യാൻ വർക്ക് പെർമിറ്റ് ലഭിക്കില്ല.

എന്നാല്‍ ഇത് ബാധകമാകാത്തവരുമുണ്ട്. കുടുംബ താമസവീസയുളളവർ, അതേ സ്ഥാപനത്തിൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവർ, ഗോള്‍ഡന്‍ വീസയുളളവർ,യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിലില്‍ വൈദഗ്ധ്യമുളളവർ, തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായുളള പ്രഫഷനലുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല.

English Summary:

There are 7 main things you need to know about probation periods for employment in the UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com