യുഎഇയിലെ സുവർണ്ണ ഓട്ടക്കാരൻ 17 വയസ്സുകാരൻ മലയാളി

Mail This Article
ഷാർജ∙ ആദിൽ ഓടിയാൽ അതൊരു സുവർണയോട്ടം തന്നെ-ഇതാണ് യുഎഇയുടെ സുവർണ്ണ താരമായ ഈ 17 വയസ്സുകാരന്റെ ട്രാക്ക്. അങ്ങനെ ഓടിയോടി നേടിയത് 100 സ്വർണ മെഡലുകൾ. ലോക റാങ്കിൽ 67-ാം സ്ഥാനവുമായി ഷാർജ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി ആദിൽ ജിമ്മിയാണ് ഓട്ടമത്സരങ്ങളിൽ സുവർണ്ണനേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നത്.
എറണാകുളം സ്വദേശി ജിമ്മി ജോസഫ്- റീജ ജിമ്മി ദമ്പതികളുടെ മകനായ ആദിൽ പങ്കെടുത്ത ദേശീയ -രാജ്യാന്തര മത്സരങ്ങളിലേറെയും സ്വർണം നേടിയിട്ടുണ്ട്. 10 വയസ്സുമുതൽ ആദിൽ യുഎഇയിൽ ഓട്ട മത്സരങ്ങളിൽ പങ്കെടുക്കുന്നു. 2018ൽ ദുബായ് ക്രീക്ക് പാർക്കിൽ ദുബായ് സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച 1200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടായിരുന്നു മെഡൽനേട്ടയ്ക്ക് തുടക്കം കുറിച്ചത്. അങ്ങനെ യുഎഇയിൽ മാത്രം ഇതുവരെയായി 115 മത്സരങ്ങളിൽ ആദിൽ പങ്കെടുത്തു. യുഎഇ അത്‌ലറ്റ് ഫെഡറേഷൻ, അബുദാബി സ്പോർട്സ് കൗൺസിൽ, ദുബായ് സ്പോർട്സ് കൗൺസിൽ, ഷാർജ സ്പോർട്സ് കൗൺസിൽ തുടങ്ങിയവയായിരുന്നു മിക്ക മത്സരങ്ങളും സംഘടിപ്പിച്ചത്. 300 മീറ്റർ മുതൽ 10,000 മീറ്റർ വരെ ഓട്ടമത്സരങ്ങളിൽ യുഎഇയിൽ പങ്കെടുത്തിട്ടുണ്ട് എന്ന് ഈ മിടുക്കൻ പറയുന്നു.
യുഎഇ ദേശീയ മീറ്റിലെ 800 മീറ്റർ ഓട്ടത്തിലാണ് ആദിൽ ഏറ്റവുമൊടുവിൽ സ്വർണം നേടിയത്. യുഎഇയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 23 വിദ്യാർഥികൾ ആദിനൊപ്പം അന്ന് മാറ്റുരച്ചു. ഒരു മിനിറ്റും 55 സെക്കൻഡും കൊണ്ടായിരുന്നു ആദിലിന്റെ അന്നത്തെ സുവർണ നേട്ടം. 2023ൽ സിബിഎസ്ഇ റായ്പൂരിൽ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ആദിൽ ഇന്ത്യയിൽ ആദ്യമായി ട്രാക്കിലിറങ്ങി. അന്ന് 3000, 1500 മീറ്റർ വിഭാഗങ്ങളിൽ രണ്ടിലും സ്വർണം നേടിക്കൊണ്ട് ദേശീയ റെക്കോർഡിനുടമയായി.
പിന്നീട് സിബിഎസ്ഇ തന്നെ നടത്തിയ മറ്റു മത്സരങ്ങളിലും സംസ്ഥാന കായിക മേളകളിലും പങ്കെടുക്കുകയും മെഡലുകൾ നേടുകയുമുണ്ടായി. കണ്ണൂരിൽ കഴിഞ്ഞവർഷം നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ 400 , 1000 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയതാണ് ആദിലിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലത്തെ റെക്കോർഡ്. ഇതുവരെയായി 100 സ്വർണം, 20 വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് ഈ കൗമാരക്കാരന്റെ കായികനേട്ടങ്ങൾ. ഓട്ടത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന ഈ കായികപ്രതിഭയെ കായിക മന്ത്രി വി.അബ്ദുൽ റഹ്‌മാൻ ദുബായിൽ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.