അബുദാബിയിൽ മൊട്ടിട്ട തൃശൂർ - ജയ്പുർ പ്രണയം: ഇത് റിയൽ '2 സ്റ്റേറ്റ്സ് ', പക്ഷേ ഹിന്ദി നഹി, നഹി! പ്രണയദിനത്തലേന്ന് വിവാഹം

Mail This Article
ദുബായ് ∙ അബുദാബിയിൽ മൊട്ടിട്ട പ്രണയം, ഒരു പ്രണയദിനത്തലേന്ന് പൂവണിഞ്ഞ മലയാളി-രാജസ്ഥാൻ ദമ്പതികളുടെ ഓർമകളിൽ ആ മധുരദിനങ്ങൾ പ്രണയനദിപോലെ ഒഴുകുന്നു. ഇരുവീട്ടുകാരുടെയും എതിർപ്പും നീണ്ട കാത്തിരിപ്പും പിന്നീട് വിവാഹവുമെല്ലാം ഇന്നലെ 20-ാം വിവാഹ വാർഷികം ആഘോഷിച്ച തൃശൂർ സ്വദേശിയും ദുബായിൽ ഐടി വിദഗ്ധയുമായ ദീപാ അവിനാശിനും രാജസ്ഥാൻ ജയ്പുർ സ്വദേശി അവിനാശിനും ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ഓർമകൾ തന്നെ. ഇന്നലെ ഏക മകൻ 'സർപ്രൈസ്' ആയി ഒരുക്കിയ കേക്ക് മുറിച്ച്, ആ മധുരം നുണഞ്ഞ് കൊണ്ട് പഴയ പ്രണയകാല സ്മരണകളിലേക്ക് സഞ്ചരിക്കുകയാണ് ദീപയും അവിനാശും.
∙ അബുദാബിയിൽ ആ പ്രണയകാലത്ത്...
ചെന്നൈ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടറിൽ നിന്ന് എംസിഎ (കംപ്യൂട്ടർ സയൻസ്-സോഫ്റ്റ് വെയർ) ബിരുദം നേടിയ ശേഷം 2002 ലാണ് ദീപ ഐടി അസിസ്റ്റന്റായി ജോലി ലഭിച്ച് അബുദാബിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ എത്തിയത്. അന്ന് അബുദാബിയിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അവിനാശ് ഇടയ്ക്കിടെ ഉദ്യോഗാർഥം ആശുപത്രിയിലെത്തുമായിരുന്നു. ദീപയായിരുന്നു അതെല്ലാം കൈകാര്യം ചെയ്തിരുന്നത്.
25 വയസ്സുകാരായ രണ്ടുപേരും ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തിരിച്ചറിഞ്ഞു. എങ്കിലും രണ്ടുപേരും കുറേക്കാലം അതു പറഞ്ഞില്ല. ആശുപത്രിയിൽ നേരിൽ കാണുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ മാത്രമേ പരസ്പരം സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അതിനാൽ ഐടി വിഭാഗം തലവൻ ഇന്ദുകുമാർ അടക്കം ദീപയുടെ സഹപ്രവർത്തകർക്ക് പോലും ഇരുവരും പ്രണയത്തിലാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഇതിനിടെ എന്നോ ഒരിക്കൽ ഇ-മെയിലിലൂടെ പരപസ്പരം ഹൃദയം കൈമാറി. അബുദാബി നഗരത്തിന്റെ മനോഹാരിതയിൽ എല്ലാ വാരാന്ത്യങ്ങളിലും മറ്റു അവധിദിനങ്ങളിലും ഇരുവരും കണ്ടുമുട്ടി. കൂടുതൽ മനസ്സിലാക്കിയപ്പോൾ ഒന്നിച്ച് ജീവിക്കാൻ കഴിയുമെന്ന് തീരുമാനിച്ചു.

∙ 'ടു സ്റ്റേറ്റിസി'ലെ നായികാ-നായകന്മാരുടെ അവസ്ഥ
ഇരുവരും കാണുമ്പോൾ സംസാരിക്കുന്നത് ഇംഗ്ലിഷാണെങ്കിലും രണ്ടുപേരും രണ്ട് സംസ്കാരങ്ങളിൽ നിന്നുള്ളവരാണെന്നതിനാൽ എല്ലാം മനസ്സിലാക്കാൻ ഇത്തിരി സമയെടുത്തു. സത്യം പറഞ്ഞാൽ 'ടു സ്റ്റേറ്റ്സ്' സിനിമയിലെ നായകന്റെയും നായികയുടെയും അവസ്ഥയിലായിരുന്നു തങ്ങളെന്ന് ദീപ പറയുന്നു. വീട്ടുകാർ എങ്ങനെയാണ് തങ്ങളെ സ്വീകരിക്കുക എന്നതിൽ മാത്രമായിരുന്നു രണ്ടാളുടെയും ആദ്യത്തെ ആശങ്ക.
ദീപയാണ് ആദ്യം തന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. കേട്ടമാത്രമയിൽ നോ പറഞ്ഞെങ്കിലും പക്വതയുള്ള മകൾ കുഴിയിൽ ചാടില്ലെന്ന് പിതാവിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ പിന്നീട് എതിർപ്പൊന്നും പറഞ്ഞില്ല. എന്നാൽ അവിനാശിന്റെ വീട്ടിൽ എതിർപ്പ് കുറച്ചുകൂടി ശക്തമായിരുന്നു. അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ അവിനാശിന് കുറേ പണിപ്പെടേണ്ടി വന്നു. പിന്നീട്, അവിനാശ് ദീപയുടെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ചു കാര്യം ഉറപ്പാക്കി. ഒടുവിൽ രണ്ടു വീട്ടുകാരും സമ്മതം മൂളിയപ്പോൾ 2005 ഫെബ്രുവരി 13ന് വിവാഹം നിശ്ചയിച്ചു.

∙ തൃശൂരും ജയ്പുരും കല്യാണ മേളം
ലോകത്തെ പ്രണയിതാക്കൾ വാലന്റൈൻസ് ദിനം ആഘോഷിക്കുന്നതിന്റെ തലേന്ന് വസന്ത പഞ്ചമിദിനത്തിൽ ജയ്പൂർ സ്വദേശി ദ്വാരകദാസ്-ശകുന്തള ദമ്പതികളുടെ മകൻ അവിനാശ് തൃശൂർ ടൗണിലെ മോഹൻ-പത്മിനി ദമ്പതികളുടെ മകൾ ദീപയുടെ കഴുത്തിൽ താലികെട്ടി. എന്തുകൊണ്ട് ചടങ്ങ് നടത്താൻ പ്രണയദിനം തിരഞ്ഞെടുത്തില്ല?

അവിശാനിശിനും കുടുംബത്തിനും അതിലും പ്രധാനം വസന്ത പഞ്ചമിദിനം തന്നെ. വടക്കേ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്ന്. തുടർന്ന് തൃശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും ചടങ്ങ് നടന്നു. പിന്നീട് ഒന്നര വർഷത്തോളം ഇരുവരും ചെന്നൈയിൽ ജോലി ചെയ്തശേഷം 2007ൽ വീണ്ടും യുഎഇയിലേക്ക് മടങ്ങി. ദുബായിൽ സ്വന്തമായി സെഡോസ് എന്ന ഐടി കമ്പനി (സൈബർ സെക്യുരിറ്റി) നടത്തുന്ന ദമ്പതികൾക്ക് ഒരു മകനാണുള്ളത് -പ്ലസ് ടു വിദ്യാർഥി സത്യോജാദ്.
∙ ഹിന്ദി നഹി, നഹി
ആദ്യമൊക്കെ മലയാളം അവിനാശിനും ഹിന്ദി ദീപയ്ക്കും ഒരിക്കലും വഴങ്ങില്ലെന്നായിരുന്നു ഇരുവരുടെയും ചിന്ത. പക്ഷേ, പ്രണയത്തിന് മുൻപിൽ അതൊന്നും ഒരു തടസ്സമേയല്ലെന്ന് രണ്ടാളും തെളിയിച്ചു. ഇന്ന് വിവാഹം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോഴേയ്ക്കും അവിനാശ് നന്നായി മലയാളം സംസാരിക്കാൻ പഠിച്ചു. അത്രയ്ക്കൊന്നും വരില്ലെങ്കിലും ദീപ ഹിന്ദിയും കൈകാര്യം ചെയ്യും.