എമിറേറ്റ്സിൽ അവസരങ്ങളുടെ പെരുമഴ: സർവീസുകളുടെ എണ്ണം വർധിപ്പിക്കും; കാത്തിരിക്കുന്നത് 5000 തൊഴിലവസരങ്ങൾ

Mail This Article
ദുബായ് ∙ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എമിറേറ്റ്സ് തീരുമാനിച്ചതോടെ, ലഭിക്കുന്നത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ. സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയതായി 5000 പേരെ നിയമിക്കുമെന്ന് എമിറേറ്റ്സ് ഓപ്പറേഷൻസ് ഉപമേധാവി ആദിൽ അൽ രിദ അറിയിച്ചു. യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിന് ആനുപാതികമായി സർവീസുകൾ കൂടുന്നില്ല.
ഈ സാഹചര്യത്തെ മറികടക്കാനാണ് മാനവവിഭവശേഷി കൂട്ടി സർവീസ് വിപുലപ്പെടുത്തുന്നത്. എൻജിനീയറിങ്, എയർ പോർട്ട് സർവീസ്, പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ പുതിയ പൈലറ്റുമാർക്കും അവസരമുണ്ടാകും. ഓഗസ്റ്റ് അവസാനത്തോടെ എയർ ബസ് എ350 വിമാനം എമിറേറ്റ്സിനു സ്വന്തമാകും. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് എ350 വിമാനങ്ങൾ നേരത്തെ എമിറേറ്റ്സ് വാങ്ങിയിരുന്നു. 259 വിമാനങ്ങൾ നിലവിൽ കമ്പനിക്കുണ്ട്. ഇതിൽ 249 എണ്ണവും യാത്രാ വിമാനങ്ങളാണ്.
കാർഗോയ്ക്ക് വേണ്ടിയാണ് മറ്റു പത്ത് വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പുതിയതായി 315 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഒരുങ്ങുന്നത്. ബോയിങ് 777 എക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാകും പുതിയതായി വാങ്ങുക. ലോകത്തിലെ 148 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സർവീസുണ്ട്. 80 രാജ്യങ്ങളിലെ എയർപോർട്ടുകളിലേക്ക് എമിറേറ്റ്സിന്റെ ചരക്കു വിമാനങ്ങളും സർവീസ് നടത്തുന്നു. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 160 രാജ്യങ്ങളിൽ നിന്നായി 1.14 ലക്ഷം പേർ എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ട്.