ഭൂമി, ആകാശം, പാതാളം; ഇനി ദുബായിലെ ഈ നഗരങ്ങൾ വാഹന മുക്തമാക്കുമോ?; യാത്രകളിലെ അത്യന്താധുനികതകൾക്ക് കൂട്ടായ് മസ്ക്കും

Mail This Article
ദുബായ്∙ മനുഷ്യന്റെ സംസ്കാരവും ആശയവിനിമയവും ഭക്ഷണശീലങ്ങളും കൃഷിരീതികളും വ്യാപാര ബന്ധങ്ങളുമെല്ലാം യാത്രകളിലൂടെയാണ് രൂപപ്പെട്ടത്. യാത്രകളാണ് മനുഷ്യനെ മനുഷ്യനാക്കിയത്. ജീവിതവും യാത്രകളും ഇണപിരിയാത്ത ആത്മാക്കളത്രേ! ഇതൊരു യാത്രാ വിവരണമാണ്. എവിടേക്കെങ്കിലും പോയതിനെക്കുറിച്ചല്ല, എങ്ങനെ പോകുന്നു എന്നതിനേക്കുറിച്ചുള്ളതാണ് . നടന്നും പിന്നെ തുഴഞ്ഞും ഒടുവിൽ ചക്രത്തിലേറിയും, യാത്രയുടെ പരിണാമത്തെ ഇങ്ങനെ ചുരുക്കാം. യാത്രകൾ, ഗോളാന്തരങ്ങളായപ്പോൾ, വഴികളും പലതായി. ആകാശവും ഭൂമിയും കടലും മതിയാകാതെ വന്നു.
ഇനിയും തീരാത്ത യാത്രകൾക്ക്, പുതിയ വഴികൾ തേടുകയാണ് മനുഷ്യർ. എക്സ്പ്രസ് ഹൈവേ വന്നാൽ, കേരളം പകുത്തു മാറ്റപ്പെടും എന്നു പറഞ്ഞിരുന്നു, ഒരുകാലത്ത്. ഇപ്പോൾ, ആറു വരി പാതയിലേക്ക് ദേശീയ പാത വളർന്നു തുടങ്ങി. ജനശതാബ്ദിയും പിന്നീട് വന്ദേഭാരതും വന്നപ്പോൾ ട്രെയിൻ യാത്രകളുടെ വേഗം കൂടി. സിൽവർ ലൈൻ ആശയ ഗംഭീരമെങ്കിലും നിർവഹണ ഭംഗം വന്നു. ഇപ്പോൾ, പുതിയ ഹൈസ്പീഡ് റെയിലിനേക്കുറിച്ചാണ് നമ്മുടെ നാട്ടിൽ ചർച്ച. അങ്ങനെ യാത്രകൾക്കായി എന്തെല്ലാം വഴികൾ.

യാത്രകളെ അത്യന്താധുനികത കൊണ്ടു നേരിടുകയാണ് നമ്മുടെ ദുബായ്. ഇതും നമ്മുടെ നാടാണല്ലോ. റോഡുകളുടെ വീതി, ആറും എട്ടും കടന്ന് 12ൽ എത്തിയെങ്കിലും മതിയാകുന്നില്ല. ഒരാൾക്ക് രണ്ടെന്ന കണക്കിലാണ് വണ്ടികൾ. ഇതെല്ലാം കൂടി നിരത്തിലിറങ്ങുന്നതിന്റെ ശ്വാസം മുട്ടലിലാണ്, ഓരോ പ്രഭാതവും പ്രദോഷവും. ഈ ശ്വാസം മുട്ടലിനെ സാലിക്ക് ചികിൽസ നൽകി നോക്കിയെങ്കിലും തിരക്കിനു മാത്രം ഒരു കുറവും ഇല്ല. തൂണിലേറിയ മെട്രോ, ആവുന്നത്ര ആളുകളുമായി തലങ്ങും വിലങ്ങും ഓടിയിട്ടും തിരക്കു മാത്രം കുറയുന്നില്ല.
ഇനി അടുത്ത മാർഗം, റോഡിലൂടെ ഓടുന്ന ട്രാമാണ്. അബുദാബിയിൽ ഓടിത്തുടങ്ങി. വൈകാതെ ദുബായിലും വരും. അതു കഴിഞ്ഞാൽ? റെയിൽ ബസ്. 40 പേരെ കയറ്റാവുന്ന ബസ്, പക്ഷേ, ഓട്ടം ആകാശത്ത് പ്രത്യേകം നിർമിച്ച പാതയിലൂടെ ആകുമെന്നു മാത്രം. അതുകൊണ്ട് തീരുമോ, നമ്മുടെ യാത്രാ പ്രശ്നം? ഇല്ലെന്ന് ആർക്കാണ് അറിയാത്തത്. കരയിലെ സകലമാന വഴിയും തീരാറായപ്പോൾ, ആകാശം പകുത്തെടുക്കാനാണ് ഇനി ശ്രമം. പൈലറ്റ് ഉള്ളതും ഇല്ലാത്തതുമായ ആകാശ ടാക്സികളാണ് വരാൻ പോകുന്നത്. ഏതെങ്കിലും ഒരു നാൾ വരുമെന്നല്ല, അടുത്ത വർഷം പകുതി പിന്നിടുമ്പോൾ ആകാശ മാർഗേ ഗമിക്കുന്ന ടാക്സികൾ കാണാം. ഇതു പിടിക്കാൻ, ഏതെങ്കിലും കെട്ടിടത്തിനു മുകളിൽ കയറി കൈകാണിച്ചാൽ പോരാ. ആകാശത്തേക്ക് ഏണി വച്ചു കയറുകയും വേണ്ട. അതിനൊക്കെ, താവളങ്ങളുണ്ടാകും. വെർട്ടിപോർട്ടുകൾ എന്നാണ് ആകാശ ടാക്സികളുടെ താവളങ്ങളുടെ പേര്.

ജുമൈറയിൽ നിന്ന്, ഡൗൺ ടൗണിലേക്ക്, അവിടെ നിന്ന് എയർ പോർട്ടിലേക്ക്, പിന്നെ ദുബായ് സൗത്തിലേക്ക്. തീർന്നില്ല. പിന്നെ അബുദാബിയിലേക്ക്, ഷാർജയിലേക്ക്, റാസൽഖൈമയിലേക്ക്. ആകാശ ടാക്സികളുടെ കാലമാണിനി. റോഡ് ആയി, തൂണായി, ആകാശമായി. ഇനിയുള്ളത്, പാതാളമാണ്. അതേ, ഭൂമിക്കടിയിലെ സാധ്യത കൂടി ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് ദുബായ്. കൂട്ടിന്, നമ്മുടെ ഇലോൺ മസ്ക്കുമുണ്ട്. തിരക്കേറിയ നഗര പ്രദേശങ്ങളെ കൂട്ടിയിണക്കാൻ ദുബായ് ലൂപ്നിർമിക്കാൻ പോകുന്നു. 17 കിലോമീറ്റർ നീളത്തിൽ തുരങ്ക പാതയാണ് ദുബായ് ലൂപ്. മണിക്കൂറിൽ 20,000 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. ഇത്രയൊക്കെ ഒരുക്കിയാലെങ്കിലും നമ്മുടെ യാത്ര ആവശ്യങ്ങൾക്കു തികഞ്ഞാൽ മതിയായിരുന്നു.
യാത്രകൾക്കു പല വഴി തേടുന്നതിനിടെ, നമ്മുടെ കരാമയും അൽക്കൂസും അബുഹെയ്‌ലുമൊക്കെ വാഹന മുക്തമാക്കുന്ന മറ്റൊരു പരിപാടിയും അണിയറയിലുണ്ട്. പോരാത്തതിന്, എമിറേറ്റുകളെ ബന്ധിപ്പിച്ചോടുന്ന ഹൈസ്പീഡ് റെയിൽ ഇടനാഴി പദ്ധതി വേറെയും. എത്ര കിട്ടിയാലും മതിയാകാത്തത്രയുണ്ട് യാത്രാ ആവശ്യങ്ങൾ. എത്ര വഴികൾ തുറന്നാലും അതെല്ലാം നിറഞ്ഞു കവിയുന്ന, മനുഷ്യരുടെ യാത്രകൾ. അതിന് അവസാനമില്ല, ഇനിയും വഴികൾ പലതുണ്ട് തേടാൻ.