വിശപ്പ് രഹിത കേരളം പദ്ധതിക്ക് ഊന്നലെന്ന് മന്ത്രി അനിൽ

Mail This Article
അബുദാബി ∙ പ്രവാസികളുടെ പേര് റേഷൻ കാർഡിൽ ചേർക്കാനുള്ള സൗകര്യം കൂടുതൽ സുതാര്യമാക്കിയെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നാട്ടിൽ പോകുന്ന മുറയ്ക്ക് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യുവകലാസാഹിതി അബുദാബിയുടെ യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശപ്പ് രഹിത കേരളം പദ്ധതിക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇതിനായി ഭക്ഷ്യ സിവിൽ സപ്ലൈസ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും. ദരിദ്രർ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറുമെന്നും പറഞ്ഞു. വീടില്ലാത്ത 7 ലക്ഷം പേരിൽ അഞ്ചര ലക്ഷത്തിനും ഭവനനിർമാണ പദ്ധതികൾ രൂപീകരിക്കാൻ സർക്കാരിനു കഴിഞ്ഞു.
പ്രവാസികളുടെ സഹകരണമാണ് ഒട്ടുമിക്ക പദ്ധതികളുടെ പൂർത്തികരണത്തിന് സഹായകമായത്. പ്രകൃതി ദുരന്തം ഉൾപ്പെടെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന സർക്കാരാണിത്. ആദിവാസി ഊരുകളിൽപോലും വിദ്യാഭ്യാസം നൽകാൻ കൂടുതൽ കാര്യങ്ങൾ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
യുവകലാസാഹിതി മുഗൾ ഗഫൂർ അവാർഡ് സാമൂഹിക, സാംസ്കാരിക പ്രവർത്തകനും അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റുമായ പി. ബാവ ഹാജിക്ക് മന്ത്രി സമ്മാനിച്ചു. യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വർഗീസ്, സെക്രട്ടറി രാകേഷ് നമ്പ്യാർ, സിയാദ് (ശക്തി തിയറ്റേഴ്സ്), സൂരജ് പ്രഭാകൻ (അഹല്യ ഗ്രൂപ്പ്), റാഷിദ് പൂമാടം (ഇന്ത്യൻ മീഡിയ അബുദാബി), ഹിദായത്തുല്ല (ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ), തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.