അബുദാബി എയർപോർട്ട് പാർക്കിൽ പുത്തൻ കാഴ്ചകൾ, സൗകര്യങ്ങൾ

Mail This Article
അബുദാബി ∙ നൂതന സൗകര്യങ്ങളോടെ നവീകരിച്ച അബുദാബി എയർപോർട്ട് പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പാർക്കിൽ നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
1.3 കിലോമീറ്റർ നീളത്തിലുള്ള ജോഗിങ് ട്രാക്കും ഭിന്നശേഷിക്കാർക്കായി പ്രത്യേകം രൂപകൽപന ചെയ്ത 2 കളിസ്ഥലങ്ങളും പുതുതായി സജ്ജമാക്കി. ജനങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാനായി മൾട്ടിപർപ്പസ് സ്പോർട്സ് കോർട്ടും നിർമിച്ചു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി പുതിയ കളിസ്ഥലങ്ങളും ഒരുക്കി.
വാരാന്ത്യങ്ങളിൽ മലയാളികൾ ഉൾപ്പെടെ കുടുംബസമേതം ചെലവഴിക്കുന്ന പാർക്കുകളിൽ ഒന്നാണിത്. വിശാലമായ കളിസ്ഥലങ്ങളും ഒട്ടേറെ വിനോദ സൗകര്യങ്ങളുമാണ് ഈ പാർക്കിന്റെ സവിശേഷത. പാർക്കിലുടനീളം വിവര, ദിശാസൂചനാ ബോർഡുകൾ സ്ഥാപിച്ചു. നടപ്പാതകളിൽ തണലിന് 60 ഗാഫ് മരങ്ങൾ നട്ടുപിടിപ്പിച്ചതിനു പുറമെ ചെടികളും പൂക്കളും വച്ച് ആകർഷകമാക്കി. സന്ദർശകരുടെ സൗകര്യാർഥം തണലുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാർക്കിലെ ശുചിമുറികൾ പൂർണമായും നവീകരിച്ചു. 10 ഇടങ്ങളിലായി ബാർബിക്യൂ സൗകര്യങ്ങളും ഒരുക്കി. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയും വിധം അനുബന്ധ റോഡുകൾ നവീകരിച്ചതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.