ഒരേസമയം കോച്ചും മത്സരാർഥിയും; യുഎഇയിലെ 'ചാംപ്യന്‍മാരുടെ ചാംപ്യനായ' മലയാളിക്ക് കാലം കാത്തുവച്ച സമ്മാനം

Mail This Article
ദുബായ് ∙ നിരന്തരമായ പരിശീലനവും ചിട്ടയോടെയുളള പ്രവർത്തനവും വിജയവഴിയിലെത്തിക്കും, അതിന് പ്രായം പ്രശ്നമല്ല. ദുബായ് ഖിസൈസിലുളള ജയന്റ് ജിമ്മില്‍ 28 വർഷമായി പരിശീലകനാണ് ആലപ്പുഴ സ്വദേശി ടി. പി. മണിക്കുട്ടന്‍. വയസ്സ് 63, ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയിലും യുഎഇയിലുമായി പവർലിഫ്റ്റിങില്‍ സ്വന്തം പേരിലെഴുതി ചേർത്തത് നിരവധി റെക്കോർഡുകള്‍.
പോഡിയത്തില്‍ മണിക്കുട്ടന്റെ കഴുത്തില്‍ സ്വർണമെഡല്‍ വീഴുമ്പോള്‍ അന്തരീക്ഷത്തില്‍ യുഎഇ ദേശീയ ഗാനം മുഴങ്ങും, ഒരു പ്രവാസിക്ക് ഇതിലും വലിയ എന്തുസമ്മാനമാണ് ഈ പോറ്റമ്മ നാടിന് നല്‍കാന്‍ കഴിയുക. അതും ഒരു തവണയല്ല നിരവധി തവണയാണ് യുഎഇയ്ക്കുവേണ്ടി മണിക്കുട്ടന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും.
ആലപ്പുഴ സ്വദേശിയായ മണിക്കുട്ടന്‍ 17 വയസ്സുമുതല്‍ ബോഡി ബില്‍ഡിങില്‍ സജീവമായിരുന്നു. 20-ാമത്തെ വയസ്സില്‍ മിസ്റ്റർ ആലപ്പിയായി. പിന്നീട് മോസ്റ്റ് മസ്കുലാർ മാന്‍ ഓഫ് ആലപ്പി, കേരള ശ്രീ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. ഭാരത ശ്രീ മത്സരത്തില്‍ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. 22-ാമത്തെ വയസ്സിലാണ് പവർലിഫ്റ്റിങ് രംഗത്തേക്ക് വരുന്നത്.

23-ാമത്തെ വയസ്സില്‍ ബിഹാറില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരീച്ചു. അന്ന് നാലാമനായാണ് മത്സരം പൂർത്തിയാക്കിയത്. അതൊരു തുടക്കമായിരുന്നു. 1992 മുതല്‍ 1995 വരെയുളള കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ പവർ ലിഫ്റ്റിങ് ജൂനിയർ- സീനിയർ തലത്തിലുണ്ടായിരുന്ന റെക്കോർഡുകളെല്ലാം മാറ്റിയെഴുതി മണിക്കുട്ടന്‍. സ്ക്വാട്ടില്‍ ദേശീയ റെക്കോർഡ് തിരുത്തിയെഴുതിയ കാലമായിരുന്നു അത്.
കേരളത്തെ പ്രതിനിധീകരിച്ച് നിരവധി ദേശീയ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഒരിക്കല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം വന്നുവെങ്കിലും ചെലവ് സ്വയം വഹിക്കണമെന്നതുളളതിനാല്‍ അതിന് കഴിഞ്ഞില്ല. വിദേശ മത്സരങ്ങളില്‍ പങ്കെടുക്കുകയെന്നുളളത് അന്ന് സ്വപ്നമായി അവശേഷിച്ചു. കാലം കാത്തുവച്ചത് മറ്റൊരു സമ്മാനമായിരുന്നു. യുഎഇയിലുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പൈ ഫിറ്റ്നസിലും സ്പോർട്സിലുമെല്ലാം താല്‍പര്യമുളളയാളായിരുന്നു. അദ്ദേഹം വഴിയാണ് 1997 ല്‍ ദുബായിലെത്തുന്നത്.
ദുബായ് ഖിസൈസിലെ ജിമ്മില്‍ കോച്ചായി പ്രവർത്തനം ആരംഭിച്ചു. അപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുന്നത് തുടർന്നു. അതേവർഷം ദുബായിലും അബുദാബിയിലും നടന്ന യുഎഇ പവർ ലിഫ്റ്റിങ് മത്സരങ്ങളില്‍ പവർ മാന്‍ ഓഫ് യുഎഇ പുരസ്കാരം നേടി. പിന്നീട് തുടർച്ചയായി എട്ട് വർഷം ആ നേട്ടം മണിക്കുട്ടന്റെ പേരിലെഴുതിചേർക്കപ്പെട്ടു. പവർ ലിഫറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡന്‍ മെഡല്‍ ജേതാവ്, ഒപ്പം ചാംപ്യന്‍മാരുടെ ചാംപ്യനാകുന്ന പവർ മാന്‍ ഓഫ് ദ യുഎഇയും.

1998 ല്‍ ലോക പൊലീസ് മീറ്റ് ദുബായില്‍ നടക്കുമ്പോള്‍ അവരുടെ കോച്ചായി പോയിരുന്നു. അന്ന് പവർ ലിഫ്റ്റിങില്‍ പവർ മാന്‍ ഓഫ് യുഎഇ എന്ന നേട്ടം സ്വന്തമാക്കിയ സമയമായിരുന്നു. പൊലീസ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇടം വലം നോക്കാതെ സമ്മതം പറഞ്ഞു. അങ്ങനെ ലോക പൊലീസ് മീറ്റില്‍ ഒരേ സമയം, കോച്ചും മത്സരാർഥിയുമായി. അന്ന് റഷ്യയേയും അമേരിക്കയേയും പിന്തളളി ദുബായിക്കായി മണിക്കുട്ടന്‍ ഗോള്‍ഡ് മെഡല്‍ നേടി. പിന്നീട് നിരവധി മത്സരങ്ങളില്‍ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2022 ല്‍ ഏഷ്യന്‍ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായി.

2024 ല്‍ വെർജീനിയയില്‍ വച്ച് നടന്ന വേള്‍ഡ് പവർ ലിഫ്റ്റിങ് മത്സരത്തില്‍ 82 കിലോ മാസ്റ്റർ വിഭാഗത്തില്‍ സ്വർണം നേടി. 2023ലും 22ലും നേട്ടം സ്വന്തമാക്കിയിരുന്നു. ആലപ്പുഴ സ്വദേശിയാണെങ്കിലും കഴിഞ്ഞ 22 വർഷമായി തിരുവനന്തപുരത്താണ് താമസം. മണിക്കുട്ടന് കട്ടസപ്പോർട്ട് നല്‍കി ഭാര്യ ജ്യോതിയും മക്കളുമുണ്ട്. അഗ്രികള്‍ച്ചറല്‍ സൂപ്രണ്ടായിരുന്ന ജ്യോതി പവർലിഫ്റ്റിങില്‍ ദേശീയ തലത്തില്‍ ചാംപ്യന്‍പട്ടം നേടിയിട്ടുണ്ട്. നേരത്തെ ദുബായിലുണ്ടായിരുന്നവെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി.
മകന്‍ അശ്വന്ത് അച്ഛന്റെ പാത പിന്തുടർന്ന് ഇതേ മേഖലയിലുണ്ട്. അശ്വന്തും പവർലിഫ്റ്റിങ്ങില്‍ രാജ്യാന്തരതലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മകള്‍ അനഘയ്ക്ക് ഫൊട്ടോഗ്രഫിയിലാണ് താല്‍പര്യം. പവർ ലിഫ്റ്റിങ് ഉള്‍പ്പടെയുളളവയ്ക്ക് യുഎഇ നല്‍കുന്ന പിന്തുണ വലുതാണെന്ന് മണിക്കുട്ടന്‍ പറയുന്നു. വരാനിരിക്കുന്ന രാജ്യാന്തര പവർലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലുള്‍പ്പടെ പങ്കെടുക്കാനുളള തയാറെടുപ്പിലാണിപ്പോള്‍ മണിക്കുട്ടന്.