റിയാദ് മെട്രോയിൽ 2 പുതിയ സ്റ്റേഷനുകൾ കൂടി ഇന്ന് തുറക്കും

Mail This Article
റിയാദ്∙ റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ 2 പുതിയ സ്റ്റേഷനുകൾ കൂടി ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. അൽമർഖബ്, ആയിഷ ബിൻത് അബീബക്കർ സ്ട്രീറ്റ് സ്റ്റേഷനുകളാണ് പ്രവർത്തനസജ്ജമാകുന്നത്. ഇതോടെ റിയാദ് മെട്രോയിൽ ആകെ സ്റ്റേഷനുകളുടെ എണ്ണം 85 ആയി ഉയരും. ഇതിൽ 34 എണ്ണം ഭൂനിരപ്പിന് മുകളിലും 47 എണ്ണം ഭൂമിക്കടിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
സ്വകാര്യ കാറുകൾക്ക് പകരം ട്രെയിൻ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി 400 മുതൽ 600 വരെ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള 19 പാർക്കിങ് സ്ഥലങ്ങളും മെട്രോ പദ്ധതിയിൽ ഒരുക്കിയിട്ടുണ്ട്. കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ട്രെയിൻ അറ്റകുറ്റപ്പണികൾക്കും, നിർത്തിയിടാനുമായി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ 7 കേന്ദ്രങ്ങളുമുണ്ട്.
2,500 കോടി ഡോളർ (9,375 കോടി റിയാൽ) ചെലവഴിച്ചാണ് റിയാദ് മെട്രോ പദ്ധതി പൂർത്തിയാക്കിയത്. 13 രാജ്യങ്ങളിൽ നിന്നുള്ള 19 കമ്പനികൾ അടങ്ങിയ 3 കൺസോർഷ്യങ്ങളാണ് പദ്ധതി നടപ്പാക്കിയത്. റിയാദ് മെട്രോയിൽ ഒരു കിലോമീറ്ററിന് 16.6 കോടി ഡോളർ (62.25 കോടി റിയാൽ) ആണ് ചെലവ് വന്നത്. ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ വേണ്ടിവന്ന ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവാണിത്. ഒറ്റ ഘട്ടത്തിൽ ഒന്നിച്ച് നടപ്പാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവർലെസ് ട്രെയിൻ പദ്ധതിയാണിതെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ജനവാസ കേന്ദ്രങ്ങളിൽ നിന്ന് റിയാദ് മെട്രോ, ബസ് സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരെ സൗജന്യമായി എത്തിക്കാൻ പാസഞ്ചർ ട്രാൻസ്പോർട്ട് കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കാൻ റിയാദ് റോയൽ കമ്മീഷന് പദ്ധതിയുണ്ട്. 6 മാസത്തേക്ക് സൗജന്യ യാത്രാ സേവനവും തുടർന്ന് 6 മാസത്തേക്ക് 50% നിരക്കിളവോടെ യാത്രാ സേവനവും നൽകാനാണ് തീരുമാനം.
റിയാദ് മെട്രോയുടെ പരമാവധി പ്രതിദിന ശേഷി 36 ലക്ഷം യാത്രക്കാരാണ്. സർവീസ് ആരംഭിച്ച ആദ്യ ആഴ്ചയിൽ തന്നെ 19 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. വയലറ്റ് ലൈനിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്.