യുഎഇ വുമൺ 2025 സൈക്ലിങ് ടൂർ; ദുബായിൽ താൽക്കാലികമായി റോഡ് അടയ്ക്കും

Mail This Article
ദുബായ് ∙ യുഎഇ വുമൺ 2025 സൈക്ലിങ് ടൂർ കാരണം നാളെ( 21) ദുബായിൽ താൽക്കാലികമായി റോഡ് അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉച്ചയ്ക്ക് 12.30ന് മത്സരാർഥികൾ ഓട്ടം ആരംഭിക്കുന്നതിനാലാണ് ദുബായിലെ ചില റോഡുകൾ കുറച്ചുനേരത്തേക്ക് അടച്ചിടുക.
ഷെ്ഖ് സായിദ് റോഡ്, അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമായേൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന റൂട്ടിൽ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിക്ക് സമീപം ആകെ 160 കിലോമീറ്റർ ദൂരമെത്തുന്നതോടെ ടൂർ അവസാനിക്കും.
ട്രാഫിക് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ചില റോഡുകൾ വൈകിട്ട് 4.30 വരെ ഇടവിട്ട് 10 മുതൽ 15 മിനിറ്റ് വരെ അടച്ചിടുമെന്ന് വ്യക്തമാക്കി. പരിപാടി അവസാനിക്കുന്നത് വരെ റാസൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരോട് ആർടിഎ ഉപദേശിച്ചു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുഗമമായ യാത്ര ഉറപ്പാക്കാൻ നേരത്തെ പുറപ്പെടാനും പ്രോത്സാഹിപ്പിക്കുന്നു.

∙ യുഎഇ ടൂർ 2025: ആവേശകരമായ 7സ്റ്റേജ് റേസ്; യുഎഇ ടൂറിന്റെ ഏഴാം പതിപ്പ് വിവിധ ഘട്ടങ്ങൾ
ഈ മാസം 17ന് ആരംഭിച്ച യുഎഇ ടൂർ 23 വരെ ഏഴ് ഘട്ടങ്ങളിലായി 1,013 കിലോമീറ്റർ സഞ്ചരിക്കുന്നു. യുഎഇയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും ഉയർത്തിക്കാട്ടുന്ന മരുഭൂമി, പർവതങ്ങൾ, നഗര റൂട്ടുകൾ എന്നിവ അകലെ നിന്ന് സ്പർശിക്കുംവിധമാണ് മത്സരം അവതരിപ്പിച്ചിട്ടുള്ളത്.
ഘട്ടം 5: അമേരിക്കൻ യൂണിവേഴ്സിറ്റി ദുബായ് മുതൽ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി (160 കി.മീ). ഈ ഘട്ടം ദുബായിൽ ആരംഭിക്കുന്നു, അൽ ഖുദ്ര സൈക്കിൾട്രാക്ക്, മൈദാൻ റേസ്‌കോഴ്‌സ് തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ കടന്ന് ആവേശകരമായ സ്പ്രിന്റ് ഫിനിഷിൽ കലാശിക്കുന്നു.
മധ്യപൂർവദേശത്തെ ഏക യുസിഐ വേൾഡ് ടൂർ റേസായ യുഎഇ ടൂർ, രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഉയർത്തിക്കാട്ടുന്നു. ഒരു മികച്ച ആഗോള കായിക കേന്ദ്രമെന്ന ഖ്യാതി ഉറപ്പാക്കുകയും ചെയ്യുന്നു. യുഎഇയുടെ ടൂറിസം സാധ്യതകളും പ്രധാന ആഗോള കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടുന്നതിനുള്ള സുപ്രധാന വേദിയാണ് ഈ പരിപാടി.