രണ്ടാമത് കുവൈത്ത് സ്‌പോര്‍ട്‌സ് ഡേയില്‍ 21,000 പേര്‍ പങ്കെടുത്തു

Mail This Article
കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച കുവൈത്ത് സ്‌പോര്‍ട്‌സ് ഡേയുടെ രണ്ടാം പതിപ്പ് ഷെയ്ഖ് ജാബര്‍ അല്‍-അഹമ്മദ് അല്‍-സബാഹ് കോസ്‌വേയില്‍ സംഘടിപ്പിച്ചു. നാനാതുറകളില്‍ നിന്നുള്ള 21,000 പേര്‍ ആഘോഷങ്ങളുടെ ഭാഗമായി. അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരവും 20 കിലോമീറ്റര്‍ സൈക്ലിങ് മത്സരവും പരിപാടിയില്‍ പ്രധാന ആകര്‍ഷണം.
ഷെയ്ഖ് ജാബര്‍ അല്‍-അഹമ്മദ് അല്‍-സബാഹ് കോസ്‌വേയില്‍ നിന്ന് ആരംഭിച്ച് ഷുവൈഖ് തുറുമുഖം വരെയായിരുന്നു നടത്തവും, സൈക്ലിംഗ് മത്സരത്തിന്റെ അവസാനവും ക്രമീകരിച്ചിരുന്നത്. റേസുകള്‍ക്ക് പുറമേ, കായികം, തത്സമയ പ്രകടനങ്ങള്‍, ടീം മത്സരങ്ങള്‍, പാരച്യൂട്ട് പ്രദര്‍ശനങ്ങള്‍, പങ്കെടുക്കുന്നവര്‍ക്കുള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കുട്ടികളുടെ വിനോദം, ഗെയിമുകള്‍, നാടോടി ബാന്‍ഡ് പ്രകടനം, വൈവിധ്യമാര്‍ന്ന ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു സ്‌പോര്‍ട്‌സ് വില്ലേജും പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്ട് തെക്കന്‍ ദ്വീപില്‍ സ്ഥാപിച്ചു. കുവൈത്ത് സമൂഹത്തില്‍ കായികരംഗത്തിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യമാണ് വലിയ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍, സാംസ്‌കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

പ്രസ്തുത പരിപാടി ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമദ് സബാഹ് അല്‍ സാലെം അല്‍ സബാഹ് സൈക്ലിങ് മത്സരത്തില്‍ പങ്കാളിയായി. കഴിഞ്ഞ വര്‍ഷവും അദ്ദേഹം സൈക്ലിങ്ങില്‍ സംബന്ധിച്ചിരുന്നു. കുവൈത്ത് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് മഹ്മൂദ് ആബേല്‍, മുന്‍ മന്ത്രി ദാവൂദ് മറാഫി എന്നിവരും പങ്കെടുത്തു.