ഉപ്പ 'കുത്ത് വര'ച്ചപ്പോൾ മകൾ നിറങ്ങളെ ഇഷ്ടപ്പെട്ടു; കണ്ണുകളിൽ തുടങ്ങുന്ന വിസ്മയം പൂർത്തിയാക്കാൻ മണിക്കൂറുകൾ

Mail This Article
അബുദാബി ∙ മുതിർന്നവരെ കണ്ടാണ് മക്കള്‍ പഠിക്കുകയെന്ന് പറയാറുണ്ട്. അബുദാബിയിലുളള നദീം മുസ്തഫയുടെ വരയാണ് മകള്‍ ഫാത്തിമ നൗറീന്‍ കണ്ട് പഠിച്ചത്. എന്നാല്‍ പിതാവിന്റെ വരയുടെ വഴിയല്ല, ഫാത്തിമയ്ക്ക്. കുത്തുകള്‍കൊണ്ടാണ് നദീം ചിത്രമൊരുക്കുന്നതെങ്കില്‍ വർണപെന്‍സിലുകള്‍ ഉപയോഗിച്ചാണ് ഫാത്തിമ വരയുടെ മായാജാലം തീർക്കുന്നത്. പക്ഷെ ഒരു കാര്യമുറപ്പ്, എങ്ങനെ വരച്ചാലും കാണുന്നവന്റെ കണ്ണില്‍ വിസ്മയം തീർക്കുന്ന, ഹൃദയത്തില്‍ തൊടും ചിത്രങ്ങളാണ് ഇരുവരും വരയ്ക്കുന്നത്.
എപിജെ അബ്ദുള്‍ കലാം തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുളളവരെ കുത്തുകള്‍ ചേർത്ത് വരച്ചിട്ടുണ്ട് നദീം. പോയന്റിലിസം അഥവാ സ്റ്റീപ്ലിങ് എന്നാണ് കുത്തുകള്‍ ചേർത്ത് ചിത്രം വരയ്ക്കുന്നതിന് പറയുന്ന പേര്. തൃശൂർ പെരിഞ്ഞനം സ്വദേശിയായ നദീം 1996ലാണ് യുഎഇയിലെത്തുന്നത്. ഇതിനിടെ ഖത്തറിലും ഇടക്കാലത്ത് നാട്ടിലും നിന്നു. കോവിഡ് കാലത്ത് 2020 ലാണ് വീണ്ടും അബുദാബിയിലെത്തിയത്. പ്രവാസിയാകുന്നതിന് മുന്‍പ് തന്നെ വരയ്ക്കുമായിരുന്നു. സ്ക്രീന്‍ പ്രിന്റിങ് പഠിക്കാനായി വീടിനടുത്തുളള കടയില്‍ പോയിരുന്ന കാലത്ത്, അന്ന് അവിടെ വന്നിരുന്നൊരു പയ്യന്‍ കണ്ണിന്റെ കൃഷ്ണമണിയെല്ലാം കുത്തുകളിട്ട് വരയ്ക്കുന്നത് കണ്ടതോടെ അതെങ്ങനെയെന്ന് അറിയാന്‍ താല്‍പര്യമായി. അങ്ങനെയാണ് കുത്തുവരയിലേക്ക് നദീമെത്തുന്നത്. ആദ്യമാദ്യം വലിയ പ്രയാസമായിരുന്നുവെങ്കിലും പിന്നീട് കുത്തിന്റെ താളം പിടിച്ചതോടെ കുത്തുവര നദീമിന്റെ വിരലുകള്‍ക്ക് വഴങ്ങി. നദീമിന്റെ പിതാവിന് അബുദാബിയില്‍ തയ്യലായിരുന്നു. പിതാവാണ് യുഎഇയിലേക്ക് കൊണ്ടുവന്നത്. ഡ്രാഫ്റ്റ് മാനായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും വര വിട്ടില്ല. മൈക്രോ പേനകൊണ്ടാണ് കുത്തുകളിടുന്നത്. ഏറെ ശ്രദ്ധവേണ്ട വരയാണിത്. ഒരു ചിത്രം പൂർത്തിയാക്കാന്‍ മണിക്കൂറുകളെടുക്കും. കണ്ണുകളിലാണ് തുടങ്ങുക. 2000 ത്തിലാണ് കുത്തുവര തുടങ്ങിയതെങ്കിലും 2010 ഓടെയാണ് കൂടുതല്‍ സജീവമായത്. കേരളത്തിലെ വിവിധ മീഡിയത്തിൽ വരയ്ക്കുന്ന അൻപതോളം ചിത്രകാരന്മാർ ഉള്ള എക്‌സോട്ടിക് ഡ്രീംസ് എന്ന ഗ്രുപ്പിൽ കഴിഞ്ഞ 13 വർഷം ആയി പ്രവർത്തിക്കുന്നുണ്ട് നദീം. ഭാര്യ ആബിദയും മകന്‍ മുഹമ്മദ് നുഹൈദും മകള്‍, ആയിഷ നസ്നീനും ഇരുവരുടെയും വരകള്‍ക്ക് പിന്തുണ നല്കി കൂടെയുണ്ട്.
നിരവധി പ്രമുഖരുടെ കുത്ത് ചിത്രങ്ങള്‍ നദീം വരച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കൈമാറുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന സമയത്ത് ചിത്രം അയച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ മറുപടി ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി നദീം ഇന്നും സൂക്ഷിക്കുന്നു. വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നാട്ടിലും യുഎഇയിലുമായി നിരവധി ചിത്ര പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. മകള്‍ ഫാത്തിമ നൗറീന്‍ വരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സന്തോഷം തോന്നി. കൂടുതല്‍ സൗകര്യങ്ങളും ആശയങ്ങളുമെല്ലാമുളളവരാണ് ഇപ്പോഴത്തെ കുട്ടികള്‍. ഇനി പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കണം, അവർ വരയ്ക്കുന്നത് കാണണം, നദീം പറയുന്നു.

പിതാവ് വരയ്ക്കുന്നത് കുഞ്ഞുമനസ്സില്‍ പതിഞ്ഞതുകൊണ്ടായിരിക്കാം, ഫാത്തിമയും ആ വഴിയിലേക്ക് തന്നെ നടന്നെത്തിയത്. യുഎഇയിലെ സ്കൂള്‍ പഠനകാലത്ത് വരയ്ക്കുമായിരുന്നുവെങ്കിലും കൂടുതല്‍ സജീവമായത് എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നാട്ടിലെത്തിയതിന് ശേഷമാണ്, ഫാത്തിമ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവസുറ്റ ചിത്രം ഫാത്തിമയുടെ വിരലുകളിലൂടെ പിറവിയെടുത്തിട്ടുണ്ട്. ഒരാഴ്ച സമയമെടുത്ത് കളർപെന്‍സില്‍ ഉപയോഗിച്ചാണ് വരച്ചത്. അദ്ദേഹത്തിന് കൈമാറണമെന്നതാണ് വലിയ ആഗ്രഹം. അത് എളുപ്പമല്ലെന്ന് അറിയാം. എങ്കിലും ശ്രമിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചിത്രമാണ് ഇപ്പോള്‍ ഫാത്തിമ വരച്ചുകൊണ്ടിരിക്കുന്നത്.

ടൊവിനോ തോമസ്, അഹാന തുടങ്ങിയവരുടെ ചിത്രങ്ങളും ഫാത്തിമ വരച്ചിട്ടുണ്ട്. ഇരുവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിട്ടുളളത്. ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം സ്റ്റോറിയായി പങ്കുവച്ചിരുന്നു. കോവിഡ് സമയത്ത് ഫാത്തിമ വരച്ച അഹാനയുടെ ചിത്രം വൈറലായിരുന്നു. പിതാവിന്റെ കുത്തുവരകളോട് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും നിറങ്ങളോട് ഇഷ്ടക്കൂടുതലുളളതുകൊണ്ട് ഈ വഴി തിരഞ്ഞെടുത്തു. വര ശിഷ്യപ്പെട്ട് പഠിച്ചിട്ടില്ല. ഇപ്പോള്‍ ഡിജിറ്റല്‍ വരയും ചെയ്യുന്നുണ്ട്. വരകളുടെ രീതിയും മാറി. ഗ്രാഫിക് ഡിസൈനില്‍ തന്നെ തുടരാനാണ് തീരുമാനം, ഫാത്തിമ പറയുന്നു.
പിതാവ് നദീം മുസ്തഫയും ചിത്രരചന പഠിച്ചിട്ടില്ല. ആ വഴി തന്നെയാണ് താനും തിരഞ്ഞെടുത്തതെന്ന് ഫാത്തിമ, സംശയങ്ങളൊന്നും തന്നോട് ചോദിക്കാറില്ല, യൂട്യൂബ് അടക്കമുളള വഴികളുളളതിനാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണെന്ന് നദീം. പിതാവും മകളും വരയുടെ ലോകത്ത് തങ്ങളുടേതായ കൈയ്യൊപ്പുചേർത്ത് മുന്നോട്ടുനടക്കുകയാണ്.