ദുബായ് മീഡിയ ഓഫിസിന്റെ 'റമസാൻ ഇൻ ദുബായ് ' ക്യാംപെയ്ന് തുടക്കമായി

Mail This Article
ദുബായ് ∙ ദുബായ് ഗവ.മീഡിയാ ഓഫിസ് ക്രിയേറ്റീവ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് 'റമസാൻ ഇൻ ദുബായ്' ക്യാംപെയ്ൻ ആരംഭിച്ചു. ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശങ്ങൾക്കും രക്ഷാകർതൃത്വത്തിനും കീഴിലാണ് ക്യാംപെയ്ൻ നടക്കുന്നത്.
ദുബായിലെ ഒട്ടേറെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നൂതന ക്യാംപെയ്ൻ (#RamadanInDubai). നഗരത്തിൻ്റെ മനോഹര അന്തരീക്ഷം പ്രദർശിപ്പിക്കാനും റമസാനിൻ്റെ യഥാർഥ സത്ത പകർത്താനും ക്യാംപെയ്ൻ ലക്ഷ്യമിടുന്നു. ആധികാരിക എമിറാത്തി ആചാരങ്ങളും പാരമ്പര്യങ്ങളും ക്യാംപെയിനിലൂടെ പ്രതിഫലിപ്പിക്കും. ദുബായിലെ വിവിധ സ്ഥാപനങ്ങളുടെ പ്രയത്‌നങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആഘോഷങ്ങളുടെ കൂട്ടായ അനുഭവം പകരുകയും നഗരത്തിലുള്ള ആളുകൾക്ക് അതിൻ്റെ ഉന്മേഷവും സന്തോഷവും നൽകുകയും ചെയ്യുന്നു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന പരിപാടികളായിരിക്കും ക്യാംപെയ്നിന്റെ കീഴിൽ നടത്തുകയെന്ന് ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്‌ടറും ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫിസ് ഡയറക്ടർ ജനറലുമായ മോന അൽ മർറി പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുക, സ്വന്തമെന്ന ബോധം വളർത്തുക, പങ്കിട്ട അനുഭവങ്ങൾ ആഘോഷിക്കുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്നിവയ്ക്കായി യുഎഇ നേതൃത്വം പ്രഖ്യാപിച്ച ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ സംരംഭത്തിൻ്റെ ലക്ഷ്യങ്ങളെ ക്യാംപെയ്ൻ പിന്തുണയ്ക്കുന്നുണ്ട്.
സഹിഷ്ണുത, അനുകമ്പ, സഹവർത്തിത്വം എന്നിവ പരിപോഷിപ്പിക്കുകയും ലക്ഷ്യമാണ്. അതേസമയം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. പ്രചാരണ പങ്കാളികളുടെ സഹകരണത്തിനും പിന്തുണയ്ക്കും ബ്രാൻഡ് ദുബായ് ഡയറക്ടർ ഷൈമ അൽ സുവൈദി ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു.