രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; കോളടിച്ച് പ്രവാസികൾ, ഇക്കുറി ഇരട്ടിമധുരം

Mail This Article
ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കിലെ കുതിപ്പ് തുടരുന്നു. മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് ആശ്വാസകരം. ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് വിനിമയ നിരക്കുകളില്‍ വര്‍ധന.
ശമ്പളം ലഭിക്കുന്ന ആഴ്ചയായതിനാല്‍ വിനിമയ നിരക്കിലെ വര്‍ധന പ്രവാസികള്‍ക്ക് ഇരട്ടി നേട്ടമാണ്. സ്വകാര്യ മേഖലയിൽ മിക്ക കമ്പനികളും 5നും 10നും ഇടയിലാണ് ശമ്പളം കൊടുക്കുന്നത് എന്നതിനാൽ വർധന കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക വരും ദിവസങ്ങളിലാണ്. നിലവിലെ നിരക്ക് വർധന 10 വരെയെങ്കിലും തുടരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നോമ്പുകാലമായതിനാല്‍ നാട്ടിലെ കുടുംബത്തിനായി പതിവിലും അല്‍പം കൂടുതല്‍ പണം അയയ്ക്കുന്നവരാണ് മിക്കവരും.
ഉദാഹരണത്തിന് 500 ഖത്തര്‍ റിയാലിന് നിലവിലെ വിനിമയ നിരക്ക്് അനുസരിച്ച് ഏകദേശം 11,960 രൂപയോളമാണ് ലഭിക്കുക. യുഎഇ ദിർഹമാണെങ്കിൽ 500 ദിർഹത്തിന് ഏകദേശം 11,850 രൂപയും ലഭിക്കും. അതേസമയം ഓഹരി വിപണിയിലേതിനേക്കാള്‍ നേരിയ വ്യത്യാസത്തിലായിരിക്കും പണവിനിമയ സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് അയയ്ക്കുമ്പോൾ ലഭിക്കുന്ന നിരക്ക്.
രൂപയുടെ മൂല്യം ഇടിയുന്നത് പതിവാകുന്നതിനാല്‍ സമീപ ആഴ്ചകളിലായി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചില്‍ തുടരുകയാണ്. ഖത്തർ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് പലപ്പോഴും വിപണിയിൽ 24 കടന്നെങ്കിലും നാട്ടിലേയ്ക്ക്് അയക്കുമ്പോൾ പ്രവാസികൾക്ക് 23 രൂപ 80 പൈസ മുതൽ 23 രൂപ 90 പൈസ വരെയാണ് വിനിമയ മൂല്യം ലഭിക്കുന്നത്.
വിനിമയ നിരക്ക് രൂപയിൽ (വിപണി നിരക്ക് പ്രകാരം)
∙ ഖത്തര്‍ റിയാല്‍ - 23 രൂപ 92 പൈസ
∙ യുഎഇ ദിര്‍ഹം -23 രൂപ 71 പൈസ
∙ കുവൈത്ത് ദിനാര്‍ -282 രൂപ 28 പൈസ
∙ ബഹ്‌റൈന്‍ ദിനാര്‍ -231 രൂപ 62 പൈസ
∙ ഒമാനി റിയാല്‍ - 226 രൂപ 20 പൈസ
∙ സൗദി റിയാല്‍ - 23 രൂപ 22 പൈസ