എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

Mail This Article
ജിദ്ദ ∙എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫൈനലുകൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഏപ്രിൽ 3 മുതൽ 20 വരെയാണ് മത്സരങ്ങൾ നടക്കുക. ജിദ്ദ, തായിഫ് എന്നീ നഗരങ്ങളിലായി 16 ടീമുകൾ ഏറ്റുമുട്ടും. പുതിയ ഫോർമാറ്റിൽ അരങ്ങേറുന്ന ടൂർണമെന്റിൽ മികച്ച എട്ട് ടീമുകൾ ഫിഫ അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടും. നവംബർ 5 മുതൽ 27 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ മത്സരിക്കും.
കഴിഞ്ഞ ജനുവരിയിൽ നടന്ന നറുക്കെടുപ്പിൽ ഉസ്‌ബെക്കിസ്ഥാൻ, തായ്‌ലൻഡ്, ചൈന എന്നിവയ്‌ക്കൊപ്പം ആതിഥേയരായ സൗദി അറേബ്യയെ ഗ്രൂപ്പ് എയിൽ ഉൾപ്പെടുത്തി. ഗ്രൂപ്പ് ബിയിൽ ജപ്പാൻ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, യുഎഇ ടീമുകൾ മാറ്റുരയ്ക്കും. ഗ്രൂപ്പ് സിയിൽ റിപ്പബ്ലിക് ഓഫ് കൊറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ ടീമുകളും ഗ്രൂപ്പ് ഡിയിൽ ഇറാൻ, താജിക്കിസ്ഥാൻ, ഒമാൻ, ഉത്തര കൊറിയ ടീമുകളും ഉൾപ്പെടുന്നു.