ലാബുകളിൽ നിർമിക്കുന്ന വജ്രം; വില കുറവും കൂട്ടിന് പ്രകൃതി ദത്ത വജ്രത്തിന്റെ പൂർണതയും, വരുന്നത് ‘കൃത്രിമ കാലം’

Mail This Article
ഇത് കൃത്രിമങ്ങളുടെ കാലമാണ്. സ്വാഭാവികമായവയുടെ സ്റ്റോക്ക് തീർന്നിട്ടാകണം, ആർട്ടിഫിഷ്യലുകൾ വിലസുന്നത്. ബുദ്ധിപോലും ആർട്ടിഷ്യലായി. ഇനി, നാച്വറൽ ബുദ്ധിജീവികളെന്ത് ചെയ്യും? പണ്ടൊക്കെ ലാഭക്കൊതിയന്മാർ ചെയ്തിരുന്ന പരിപാടിയാണ് മായം ചേർക്കലും കൃത്രിമങ്ങളുമൊക്കെ. ഇന്നതൊക്കെ വലിയ ശാസ്ത്രശാഖയാകുമെന്ന് ആരറിഞ്ഞു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂറച്ചുകൂടി നാച്വറലായ ഒരു പേരായിരുന്നു നല്ലതെന്ന് തോന്നുന്നു.
ആർട്ടിഫിഷ്യലിൽ വല്ലാത്ത ഒരു കൃത്രിമത്വം ഉണ്ട്. പ്രകൃതിയാലുള്ള ബുദ്ധിജീവികളൊക്കെ കാലഹരണപ്പെട്ടു കഴിയുമ്പോൾ നിർമിത ബുദ്ധിജീവികളാകും നാട്ടിലെ പ്രധാന സാംസ്കാരിക നായകന്മാർ. ആക്രമണങ്ങളോ, അരാജകത്വമോ ഉണ്ടായാൽ, ആദ്യം പ്രതികരിക്കുക നാട്ടിലെ പ്രധാന നിർമിത ബുദ്ധി ജീവിയായിരിക്കും.
സ്വാഭാവികമായതിന്റെ നാശമോ, കുറവോ നേരിടുമ്പോഴാണ് നമ്മൾ കൃത്രിമമായതിലേക്ക് തിരിയുന്നത്. വാഴയിലകളുടെ ക്ഷാമ കാലത്ത് പേപ്പർ വാഴയില ജനിച്ചതു പോലെ. എന്തിനു വാഴയിലയെ പറയുന്നു, പ്രത്യുൽപാദന ശേഷിക്കുറവിനെ നേരിടാൻ മനുഷ്യൻ ടെസ്റ്റ് ട്യൂബ് ശിശുക്കൾക്കു ജന്മം നൽകിയില്ലേ. അതും പോരാഞ്ഞിട്ട്, സ്വന്തം പ്രതിരൂപത്തെ സൃഷ്ടിക്കുന്നതിനു ക്ലോണിങ്ങും കണ്ടെത്തി. വെറുതെ ഒന്നാലോചിച്ചു നോക്കൂ – നമ്മൾ ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അതാ അവിടെ നമ്മൾ ഇരിക്കുന്നു. ഞാനിതെപ്പോൾ ഇവിടെയെത്തിയെന്ന് നമ്മൾ ചിന്തിക്കുമ്പോൾ നമ്മുടെ അപരൻ നമ്മളോടു ചോദിക്കും, നീയേതാന്ന്. യഥാർഥ നമ്മളെ എങ്ങനെ നമ്മൾ കണ്ടെത്തും. ഇനി കണ്ടെത്തിയാൽ തന്നെ എങ്ങനെ നമ്മുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കും? അതൊരു വല്ലാത്ത കാലമാകും.
പറഞ്ഞു വന്നത്, കൃത്രിമത്വങ്ങളെയാണ്. പുഞ്ചിരിയും സ്നേഹവും കരച്ചിലും വരെ കൃത്രിമമാണെന്ന പരാതി ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പ്രകൃതിയെ തുരന്നെടുക്കുന്ന സാധനങ്ങളൊക്കെ ഫാക്ടറിയിൽ നിർമിച്ചെടുക്കാൻ കഴിയുമെങ്കിൽ കൃത്രിമത്വം നല്ലതല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ഇറച്ചിയും മീനുമൊക്കെ മെഷീൻ വഴി ഉണ്ടാക്കിയെടുത്താൽ നാട്ടിലെ ജീവജാലങ്ങളെ ഇങ്ങനെ കൊന്നൊടുക്കേണ്ടി വരില്ലല്ലോ.
ഫാക്ടറിയിൽ നിർമിച്ചിട്ട് നൂറും ശതമാനം പ്രകൃതിദത്തമെന്ന് ഒരു വാചകം കൂടി ചേർത്താൽ മനസ്സിനും സന്തോഷമുണ്ടാകും. പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം ചേർത്തുള്ള ഇറച്ചിയും മീനുമാണ് ഫാക്ടറികളിൽ നിർമിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്നതും ഫാക്ടറി നിർമിത ഇറച്ചികളിലാണ്. വൈകാതെ നല്ല ബീഫും ചിക്കനുമൊക്കെ കമ്പനികളിൽ നിന്നു ലഭിക്കും. ഇങ്ങനെ, പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഓരോന്നിനും പകരം സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ആശകളെ തൃപ്തിപ്പെടുത്താൻ പോന്ന അടുത്ത കണ്ടുപിടിത്തം ഇനി സ്വർണത്തിലാണ്. മനുഷ്യന്റെ ആഗ്രഹങ്ങൾക്കു പക്ഷേ, അതില്ലാ താനും. അങ്ങനെ വരുമ്പോൾ മനുഷ്യന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ സ്വർണം കൃത്രിമമായി ഉണ്ടാക്കിയേ പറ്റു. കാരണം, പ്രകൃതിയിൽ നിന്നു കുഴിച്ചെടുക്കുന്നതിന് ഒരു പരിധിയുണ്ട്. ഒരു കാലത്ത് അതും നിലയ്ക്കും. അപ്പോൾ പകരം മറ്റൊന്നു വേണ്ടേ?
ലാബുകളിൽ സൃഷ്ടിച്ചെടുക്കുന്ന സ്വർണം വരുമോ എന്നറിയാൻ കുറച്ചു കൂടി കാത്തിരിക്കണം. അതിനു മുൻപേ മറ്റൊരാൾ എത്തിക്കഴിഞ്ഞു, വജ്രം. വജ്രം ഇപ്പോൾ ലാബുകളിൽ നിർമിക്കാൻ തുടങ്ങി. പ്രകൃതിയിൽ നിന്നു കിട്ടുന്ന വജ്രത്തിന്റെ അതേ രൂപവും ഭാവവും. അതേ, പൂർണത, എന്നാൽ, വിലയും കുറവ്.
ലോകമെമ്പാടും ലാബിൽ വളർന്ന വജ്രത്തിന് ഇപ്പോൾ ആവശ്യക്കാരേറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇനി, അടിയന്തര പ്രാധാന്യം നൽകി കണ്ടെത്തേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. സമാധാനം, വകതിരിവ്, വിവേകം, സ്നേഹം, സഹവർത്തിത്വം, സഹജീവി കരുതൽ, സഹകരണം തുടങ്ങിയവ. ശാസ്ത്രജ്ഞന്മാരേ... ഇനി നിങ്ങളിലാണ് പ്രതീക്ഷ.