ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തു, വരൂ വകാനില്‍ പോകാം: സന്ദര്‍ശകരെ നിരാശരാക്കില്ല ഈ സുന്ദര ഗ്രാമം

Mail This Article
മസ്‌കത്ത് ∙ വകാനില്‍ പോകാം, രുചിയൂറും ആപ്രിക്കോട്ട് നുകരാം. വകാന്‍ ഗ്രാമത്തിലെ ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തതോടെ പ്രദേശം തന്നെ ഏറെ ആകര്‍ഷണിയമാണ്. ഫെബ്രുവരി പകുതിയോടെയാണ് ആപ്രിക്കോട്ട് സീസൺ ആരംഭിച്ചത്. മാര്‍ച്ച് പകുതിയോടെ സീസണ്‍ അവസാനിക്കും.
വാദി മിസ്റ്റലില്‍ സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും മിതമായ താപനിലയാണ്. ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തത്തോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ദിവസേന എത്തുന്നത്.
തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ നഖല്‍ സൂഖിലും സമീപത്ത മറ്റ് മാര്‍ക്കറ്റുകളിലുമാണ് കര്‍ഷകര്‍ ഇത് വില്‍പനക്കായെത്തിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ആപ്രിക്കോട്ട് സ്വന്തമാക്കുന്നതിന് നിരവധി പേരാണ് ഇവിടെ ഓരോ സീസണിലും എത്താറുള്ളത്.

പൂത്ത് നില്‍ക്കുന്ന ആപ്രിക്കോട്ട് മരങ്ങള്‍ കാണുന്നതിനും വകാന്‍ പ്രകൃതി ആസ്വദിക്കുന്നതിനും രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി സഞ്ചാരികള്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തും. ആപ്രിക്കോട്ടിന് പുറമെ മുന്തിരി, മാതളനാരങ്ങ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ വിളകളും വകാനിലും പരിസരങ്ങളിലും കൃഷിയായുണ്ട്. ഇവ നട്ടുപിടിപ്പിക്കാന്‍ ഈ ഗ്രാമങ്ങള്‍ ഏറെ അനുയോജ്യമാണ്.

ദാഖിലിയ ഗവര്‍ണറേറ്റിന്റെ അതിര്‍ത്തിയിലാണ് വകാന്‍ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ നഖലിന്റെ ഭാഗമാണ് വകാന്‍. വകാന് പുറമെ അല്‍ ഖുറ, അല്‍ ഹജ്ജാര്‍, മിസ്ഫത്ത് അല്‍ ഖുറ, അല്‍ ഷിസ്, അല്‍ അഖര്‍, ഹദ്ദിഷ്, അല്‍ ഖദാദ്, അല്‍ ഖദ്ര, അര്‍ദ് അല്‍ ശാവ,അല്‍ മിസ്ഫത്ത്, അല്‍ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിസ്റ്റലില്‍ ഉള്‍പ്പെടുന്നത്. പച്ചയില്‍ പുതഞ്ഞിരികുന്ന പ്രദേശങ്ങള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്.