'ഇവിടുത്തെപ്പോലെ ശിക്ഷ നൽകിയാൽ നാട്ടിൽ ഇമ്മാതിരി ക്രൂരത ആരും ചെയ്യില്ല'; ക്രൂരകൃത്യങ്ങൾക്ക് തടയിടുന്ന ഗൾഫിലെ രീതി ഇന്ത്യയ്ക്ക് മാതൃകയാക്കാമോ?

Mail This Article
ദുബായ്∙ അടുത്തകാലത്തായി നാട്ടിൽ നിന്ന് പ്രവാസികളെ തേടിയെത്തുന്നതിൽ ഏറിയതും നല്ല വാർത്തകളല്ല. കേരളത്തിൽ കൊലപാതകങ്ങൾ നിത്യസംഭവമായിരിക്കുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും പോലും നിസാര കാര്യത്തിന് വകവരുത്തുന്ന വിധം യുവതലമുറയുടെ മനസ്സ് ക്രൂരമായിരിക്കുന്നു. ലഹരിമരുന്ന് കേസുകൾ അനുദിനം വർധിച്ചുവരുന്നതിലും ഇതിന്റെ സ്വാധീനത്താൽ കുറ്റകൃത്യം ചെയ്യുന്നു എന്നുമൊക്കെയുള്ള വാർത്തകൾ അല്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾ പ്രവാസികളെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു.
ലഹരിക്കെതിരെ മതിയായ പ്രതിരോധം തീർക്കാത്തതും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതും ഇത്തരം പൈശാചികമായ ക്രൂരകൃത്യങ്ങൾ തുടരുന്നതിന് കാരണമാകുന്നുണ്ടോ? അടുത്തിടെ കേരളത്തിൽ തുടർച്ചയായി നടന്ന കൊലകളുടെ പശ്ചാത്തലത്തിൽ പലയിടത്തും നിന്നും ഉയർന്നുകേട്ട അഭിപ്രായം, ഗൾഫിലേതുപോലെ ശിക്ഷ നൽകിയാൽ ക്രൂരകൃത്യങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ സാധിക്കും എന്നാണ്.
ഇന്ത്യൻ ശിക്ഷാ നിയമം പഴുതുകളില്ലാതെ നടപ്പിലാക്കിയാൽ നിയന്ത്രിക്കാവുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങൾ എന്നതാണ് യാഥാർഥ്യം. കൊലപാതകങ്ങൾക്കും ലഹരിമരുന്ന് വിതരണത്തിനും ഉപയോഗത്തിനും ഗൾഫിൽ എന്ത് ശിക്ഷയാണ് ലഭിക്കുന്നത്, ഏത് രീതിയിലാണ് യുവതലമുറയെ ഒന്നടങ്കം നശിപ്പിക്കുന്ന ലഹരിക്കെതിരെ ഈ രാജ്യങ്ങൾ പോരാടുന്നത് തുടങ്ങിയ കാര്യങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകയായ പ്രീതാ ശ്രീറാം മാധവ്:
∙ യുഎഇയിൽ വധശിക്ഷ എല്ലാ ഭാഗവും പരിശോധിച്ച് മാത്രം
മനഃപൂർവവും ആസൂത്രിതവുമായ കൊലപാതകങ്ങൾ തെളിഞ്ഞാൽ പ്രതിക്ക് ഗൾഫ് രാജ്യങ്ങളിൽ നൽകുന്നത് വധശിക്ഷയാണ്. സൗദിയിലും മറ്റും വധശിക്ഷ നടപ്പിലാക്കിയ വാർത്തകൾ നിരന്തരം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ യുഎഇയിൽ കൊലപാതകക്കേസുകളിലെ പ്രതികളായ വനിതയടക്കം ഇന്ത്യക്കാരായ 3 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഇതിൽ 2 പേർ മലയാളികളുമാണ്.
2018ലാണ് കാസർകോട് ചീമേനി സ്വദേശിയായ പി.വി. മുരളീധരനെ(യാസീൻ) വധശിക്ഷയ്ക്ക് വിധിച്ചത്. മോഷണശ്രമത്തിൽ മലപ്പുറം സ്വദേശി മൊയ്തീനെ കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചുമൂടിയെന്നതാണ് ഇയാളുടെ പേരിലെ കേസ്. മൊയ്തീനെ കാണാനില്ലെന്ന് കുടുംബക്കാർ പരാതി നൽകിയതിനെ തുടർന്നാണ് മുരളീധരൻ പിടിയിലാകുന്നത്. മൊയ്തീനെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ മുരളിധരൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതിനു ശേഷമാണ് ഈ വിധി നടപ്പിലാക്കിയിരിക്കുന്നത്.

കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് ആണ് വധശിക്ഷയ്ക്ക് വിധേയനായ മറ്റൊരാൾ. യുഎഇ സ്വദേശിയെ വധിച്ച കുറ്റത്തിനായിരുന്നു ഇയാൾ ശിക്ഷിക്കപ്പെട്ടത്. സ്വദേശിയുമായി സൗഹൃദത്തിലായരുന്ന മുഹമ്മദ് റിനാഷ് അദ്ദേഹവുമായി തർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകമായിരുന്നു.
കരുതിക്കൂട്ടിയുള്ള കൊലപാതകൾക്കാണ് യുഎഇ ഗവൺമെന്റ് വധശിക്ഷ നടപ്പിലാക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുൻപ് വളരെ സൂക്ഷ്മമായി സാഹചര്യത്തെളിവുകളും കൊലപാതകത്തിനുള്ള കാരണവും ഫൊറൻസിക് പോലെയുള്ള എല്ലാ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കോടതി പരിശോധിച്ചതിനുശേഷം ആണ് ഇങ്ങനെയൊരു ശിക്ഷ നൽകുന്നത്. മനപ്പൂർവ്വം ഒരാളെ കൊല്ലുന്നതിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവാണെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷയായി ഉയർത്താവുന്നതാണ്.
∙ യുഎഇയിൽ വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങൾ
1. മുൻകൂട്ടി ആസൂത്രിതമായി, മനപ്പൂർവം ചെയ്യുന്ന കൊലപാതകം
2. മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള കൊലപാതകം
3. ബന്ധുവിന്റെ കൊലപാതകം
4. പൊതു ഉദ്യോഗസ്ഥന്റെയോ പൊതു സേവനത്തിന് ചുമതലപ്പെടുത്തിയ വ്യക്തിയുടെയോ അവരുടെ കർത്തവ്യങ്ങൾക്കിടയിലുള്ള കൊലപാതകം.
5. വിഷാംശമോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള കൊലപാതകം
ഇതെല്ലാം ഇസ്ലാമിക നിയമമായ ശരീഅത്ത് അനുസരിച്ചാണ്. ഇത് യുഎഇ പീനൽ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
∙ ലഹരിമരുന്ന് കേസിലും വൻ ശിക്ഷ
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളാണ് യുഎഇയിലെ വിവിധ എമിറേറ്റുകളായ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ. മികച്ച സുരക്ഷ ഈ രാജ്യത്തിന് ലഭിക്കുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ ശക്തമായ നിയമങ്ങളും അതിശക്തമായ ശിക്ഷാ വിധികളുമാണ്. ലീഗൽ അഡ്വൈസർ ആയി യുഎഇയിൽ ജോലി ചെയ്യുന്ന എനിക്ക് എന്നും ഇവരുടെ സത്യസന്ധവും ജാതിയോ മതമോ ഭാഷയോ ദേശമോ ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാത്ത നിയമസംരക്ഷണത്തെ പറ്റി വലിയ മതിപ്പാണുള്ളത്. ഇതുകൊണ്ടുതന്നെ ഞാൻ ഉൾപ്പെടുന്ന ഇന്ത്യക്കാർ ഇവിടെ സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കുന്നു. കൊലപാതകം പോലെ തന്നെ ലഹരിമരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതും വളരെ വലിയ കുറ്റകൃത്യമായാണ് കാണുന്നത്. 25 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണ് ഇത്.

∙ എല്ലാ കൊലക്കേസുകളിലും വധശിക്ഷ ലഭിക്കുന്നില്ല
യുഎഇയിൽ എല്ലാ കൊലപാതങ്ങൾക്കും വധശിക്ഷ നൽകുന്നില്ല. കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണന്ന സാഹചര്യ തെളിവുകൾ പ്രതിക്ക് അനുകൂലമാണെങ്കിൽ ജയിൽ ശിക്ഷയും നാടു കടത്തലും ആണ് വിധിക്കാറ്.
യുഎഇയിലെ ജയിലുകളിൽ സ്ത്രീകളും പുരുഷന്മാരും പലവിധ സാഹചര്യത്തിൽ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നുണ്ട്. വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുന്ന സ്ത്രീകൾ ആണ് ഏറ്റവും അധികം ഈ ഈ കാരണത്താൽ ജയിലിൽ ഉള്ളത്. സാഹചര്യ തെളിവിന്റെയും സാക്ഷികളുടെയും ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ എന്ന് തീരുമാനിക്കുന്നത്.
ദയാധനം(നഷ്ടപരിഹാരം) കൊടുക്കാത്ത സാഹചര്യത്തിലും ഒട്ടേറെ സ്ത്രീ- പുരുഷന്മാർ ജയിലിൽ കഴിയുന്നുണ്ട്. അതുപോലെ യുഎഇയിലെ ജയിലുകളിൽ ഇങ്ങനെ കിടക്കുന്നവരെ അവരുടെ നല്ല സ്വഭാവത്തെ മാനിച്ച് പൊതുമാപ്പ് സമയങ്ങളിൽ നാട്ടിലേയ്ക്ക് നാടുകടത്തപ്പെടാറുമുണ്ട്. കൊലപാതകക്കേസിൽ മരിച്ചവരുടെ ആശ്രിതർക്ക് ദയാധനം(നഷ്ടപരിഹാരം) നൽകിയാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമോ എന്നതാണ് പലരുടെയും സംശയം. എന്നാലത് സാധ്യമല്ല. കാരണം, ശിക്ഷയുടെ ഒരു ഭാഗം മാത്രമാണ് ദയാധനം നൽകൽ. അതു നൽകിയാൽ മാത്രം ശിക്ഷയിൽ നിന്ന് പൂർണമായും മോചിതരാകുമെന്ന് കരുതുന്നത് തെറ്റാണ്.
കൊലപാതകം, ലഹരിമരുന്ന് വിൽപന, ഉപയോഗം, ചതി, വഞ്ചന, മോഷണം, തട്ടിപ്പ്, വ്യാജ രേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, സ്ത്രീപീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ക്രിമിനൽ കേസുകൾക്ക് ജയിൽ ശിക്ഷയോട് കൂടി നാടുകടത്തലും ഉണ്ടാകുന്നതാണ്. മോഷണം, വഞ്ചന തുടങ്ങിയ കേസുകൾ പരാതിക്കാർ പിൻവലിച്ചാലും സർക്കാരിന് അതുമായി മുന്നോട്ടു പോയേക്കാം. കൂടാതെ, കുറ്റക്കാരെ നാടുകടത്തുകയും ചെയ്യും. കുറ്റകൃത്യ സ്വഭാവമുള്ളവരെ നാടുകടത്തുന്ന പ്രക്രിയ ഉള്ളതുകൊണ്ട് കൂടിയാണ് ഈ രാജ്യം ഇത്ര സുരക്ഷിതം.
∙ യുഎഇ-ഇന്ത്യൻ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം
യുഎഇയിൽ ഒരു കുറ്റകൃത്യം നടന്നാലോ അതോ നടക്കുന്നതിന്റെ സൂചന ലഭിക്കുകയോ ചെയ്താൽ പൊലീസ് വളരെ രഹസ്യമായി അന്വേഷണം നടത്തുകയും അതിൽ ഉൾപ്പെടുന്ന എല്ലാവർക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യത്തിന്റെ സൂചന പൊലീസിന് ലഭിക്കുകയാണെങ്കിൽ അതിൽ ഉൾപ്പെടുന്ന ആളുകളുടെ രാഷ്ട്രീയവും ജാതിയും മതവും സാമ്പത്തിക സ്ഥിതിയും എല്ലാം വച്ച് വളരെയധികം അട്ടിമറികൾ നടക്കുന്നത് സ്വാഭാവികമായി കണ്ടുവരുന്നു.
എന്റെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിലെ ശിക്ഷകൾ കൂട്ടുന്നതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതല്ല. എന്തെന്നാൽ നിയമങ്ങൾ ഉണ്ടാക്കിയത് കൊണ്ടും ശിക്ഷകൾ വർധിപ്പിച്ചതുകൊണ്ടും മാത്രം ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. സത്യസന്ധമായി ഓരോ ഉദ്യോഗസ്ഥനും കാര്യത്തിന്റെ ഗൗരവം അനുസരിച്ച് മറ്റു പരിഗണനകളില്ലാതെ ഓരോ കുറ്റകൃത്യത്തെയും വളരെ ഗൗരവമായി എടുത്താൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
∙ ലഹരിമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം|യുഎഇയിൽ കൊലപാതകങ്ങൾ, ലഹരിമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് അധികൃതർ നടത്തിവരുന്നത്. വിമാനത്താവളം, ട്രാഫിക് തുടങ്ങിയ നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസിന്റെ കണ്ണുകളുണ്ട്. ദുബായിൽ വൻ രാജ്യാന്തര ലഹരിമരുന്നു മാഫിയാ തലവന്മാരും ഒട്ടേറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിമരുന്നിന്റെ കെണിയിൽപ്പെട്ടുപോകുന്നവരുടെ പട്ടികയിൽ ജോലി അന്വേഷിച്ച് വരുന്നവരുമുണ്ട്. ദുബായിലെ ഒട്ടേറെ കമ്പനികൾ അവരുടെ ജീവനക്കാരുടെ ലഹരിമരുന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട് എന്നത് ഈ വിഷയത്തിൽ എല്ലാവരും കാണിക്കുന്ന ജാഗ്രതയ്ക്ക് തെളിവാണ്. ഇത്തരത്തിൽ ഇന്ത്യയിലും പരിശോധനകൾ ശക്തമാക്കുകയും ലഹരിക്കെതിരെ പോരാടേണ്ടത് തങ്ങളുടെ കടമയാമെന്ന് തൊളിലുടമകളും ഓരോ പൗരന്മാരും ചിന്തിക്കുകയും ചെയ്താൽ പുതുതലമുറകളെ ഈ വിപത്തിൽ നിന്ന് കരകയറ്റാനാകുമെന്നതിൽ സംശയമില്ല. വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ സജീവമായ പ്രതിരോധം തീർക്കേണ്ടതും പ്രധാന കാര്യമാണ്. ലഹരി ഉപയോഗിച്ചാലും കൈവശം വച്ചാലും വിതരണം ചെയ്താലും യുഎഇയിൽ ശിക്ഷ കഠിനമാണ്. 25 വർഷം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ.
∙ പോരാട്ടം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കാം
അതുപോലെ സമൂഹത്തെ നന്നാക്കാനുള്ള ഉത്തരവാദിത്വം ഓരോ മനുഷ്യനും ഉള്ളതാണ്. അവരവരുടെ കുടുംബത്തിൽ നിന്നുതന്നെ ആകട്ടെ അതിന്റെ തുടക്കം. നമ്മുടെ നാടിന്റെ പഴമയിലേയ്ക്ക് മനസ്സുകൊണ്ടെങ്കിലും ഉള്ള ഒരു മടക്കം. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും സഹോദരങ്ങളും എല്ലാം കൂടിയുള്ള കൂട്ടുകുടുംബത്തിൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ വളരെ അപൂർവമായിരുന്നു. എന്തെന്നാൽ അവരെല്ലാം സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും ആയിരുന്നു പരസ്പരം കോർത്തിണങ്ങി ജീവിച്ചിരുന്നത്. എന്നാൽ ഇന്ന് പണത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്ന ആൾക്കാരുടെ ഒരു സമൂഹമാണ്. അതുപോലെ നമ്മുടെ സമൂഹത്തിൽ സിംഗിൾ മദർ. സിംഗിൾ ഫാദർ, വിവാഹമോചനങ്ങൾ ഇവയെല്ലാം ഈ വിപത്തിന്റെ ഒരു കാരണമാണ്.
നമ്മൾ വിദേശികളുടെ ചീത്ത ശീലങ്ങളുടെ അനുകരണ സ്വഭാവത്തിലൂടെ ആണ് പോയിക്കൊണ്ടിരിക്കുന്നത്. മദ്യപാനവും ലഹരിമരുന്നും പാതി പാർട്ടികളും കേരളത്തിന്റെയും ജീവിത ഭാഗമായി മാറി. നമ്മുടെ നാട്ടിൽ വളരെ ശക്തമായി നിയമങ്ങൾ വരുന്നതുപോലെതന്നെ മുഖ്യമാണ് കുട്ടികൾക്കും പുതിയ തലമുറയ്ക്കും സ്കൂൾ കാലഘട്ടത്തിൽ തന്നെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശിക്ഷണം കൂടി നൽകേണ്ടത്. അധ്വാനിച്ച് ജീവിക്കുന്നതിന്റെയും ലഹരിയുടെ പുറകെ പോയാലുള്ള ആപത്തിനെ പറ്റിയും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിദേശത്തെ പോലെ വിദ്യാർഥികളെ(18 വയസ്സ് പൂർത്തിയായവർ) പാർട് ടൈം ജോലി ചെയ്ത് പഠനം പൂർത്തിയാക്കുന്ന രീതി ഇന്ത്യയിലും മാതാപിതാക്കൾ ചിന്തിക്കുകയാണെങ്കിൽ അവരെ തെറ്റായ വഴിയിൽ നിന്ന് ഒരു പരിധി വരെ അകറ്റാനാകും.

∙ നിയമം കർശനമായി നടപ്പിലാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയും
ലഹരിമരുന്നിന് അടിമപ്പെടുന്ന ഒരു മനുഷ്യന് സ്വാഭാവികമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതോടുകൂടി അവർ അവരുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ സമൂഹത്തിലെയോ വിലയേറിയ ജീവനെപ്പറ്റി ആലോചിക്കാറില്ല. എന്ത് ശിക്ഷ ആയാലും ഒരു കുഴപ്പവുമില്ല എന്നാണ് അവരുടെ രീതി. അല്ലെങ്കിൽ പണമുണ്ട്, ഏത് ശിക്ഷയിൽ നിന്നും എനിക്ക് പുറത്തുവരാം എന്ന അഹങ്കാരം. നിയമങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോരാ, അത് നടപ്പിലാക്കാൻ സാധിക്കുമെന്ന് ഉറച്ച വിശ്വാസം സർക്കാരിനും ഉദ്യോഗസ്ഥന്മാർക്കും സമൂഹത്തിലെ ഓരോ മനുഷ്യനും ഓരോ കുടുംബത്തിനും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ അതുപോലെ നടപ്പിലാക്കാൻ അവിടുത്തെ ഗവൺമെന്റിനും ജനതയ്ക്കും സാധിക്കുന്നതുകൊണ്ട് മാത്രമാണ് ഇവിടെ കുറ്റകൃത്യങ്ങൾ കുറയുന്നതും വളരെ സുരക്ഷിതമായി ഈ നാട്ടിൽ എല്ലാവർക്കും കഴിയാൻ സാധിക്കുന്നതും. അല്ലാതെ ഗൾഫിൽ ശിക്ഷകൾ കഠിനമാണ്, ഇന്ത്യയിൽ അത്രയുമില്ല എന്ന് പറയുന്നതിൽ അർഥമില്ല. ഫോൺ-+971 52 731 8377(അഡ്വ.പ്രീതാ ശ്രീറാം).