ADVERTISEMENT

മലപ്പുറം ∙ ഡോക്ടർമാരായ ദമ്പതികൾക്ക് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ പേരിൽ കുവൈത്ത് എയർവേഴ്സിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ‌ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം.മുജീബ് റഹ്‌മാൻ, ഭാര്യ ഡോ.സി.എം.ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ 10നുമാണ് പരാതിക്കിടയാക്കിയ സംഭവം.

2023 നവംബർ 30ന് കൊച്ചിയിൽനിന്ന് കുവൈത്ത് വഴി ബാർസിലോനയിലേക്കും ഡിസംബർ 10ന് മഡ്രിഡിൽനിന്ന് ഇതേ വഴി തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തിരിച്ചുള്ള യാത്രയിൽ ഇവരെ കുവൈത്തിൽ ഇറക്കുന്നതിനു പകരം ദോഹയിലാണ് ഇറക്കിയത്.

കുവൈത്ത് വഴിയല്ല ദോഹ വഴിയാണ് വിമാനം പോകുന്നതെന്ന് മഡ്രിഡിൽനിന്ന് പുറപ്പെട്ട ശേഷമാണ് യാത്രക്കാരെ അറിയിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. ബിസിനസ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമസൗകര്യമോ ഭക്ഷണമോ നൽകിയില്ല. തുടർന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഇവർക്ക് ബോർഡിങ് പാസ് അനുവദിച്ചെങ്കിലും വിമാനത്തിൽ കയറിയപ്പോൾ ഇറക്കിവിട്ടു.

പിന്നീട് വിമാനക്കമ്പനി മറ്റൊരു വിമാനത്തിൽ യാത്ര ഏർപ്പാടു ചെയ്തെങ്കിലും നേരത്തെ ബുക്ക് ചെയ്തതിൽനിന്ന് 24 മണിക്കൂർ വൈകിയാണ് നാട്ടിലെത്താനായത്. തുടർന്നാണ് വിമാനകമ്പനിയുടെ സേവനത്തിലെ വീഴ്ചയ്ക്കെതിരെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.

കുവൈത്തിൽ കാലാവസ്ഥ മോശമായതിനാൽ പരാതിക്കാരുടെ സുരക്ഷ കാരണമാണ് യാത്ര ദോഹ വഴിയാക്കിയതെന്ന് കമ്പനി വാദിച്ചു. ബോർഡിങ് പാസ് നൽകുമ്പോഴത്തെ ഉപദേശങ്ങൾ പാലിക്കാത്തതിനാണ് ദോഹയിൽ നിന്നുള്ള വിമാനത്തിൽ നിന്ന് ഇറക്കേണ്ടി വന്നതെന്നും സേവനത്തിൽ വീഴ്ചയില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. വാദങ്ങളും രേഖകളും പരിശോധിച്ച കമ്മിഷൻ കുവൈത്ത് എയർവേഴ്സിന്റേത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി.

പരാതിക്കാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.

English Summary:

Doctor couple face severe hardships on flight journey and thrown off plane will get Rs 10 lakh compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com