പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി

Mail This Article
ദുബായ് ∙ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി. ശരിയായ ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടക്കാർ പ്രവർത്തിച്ചിരുന്നതിനാൽ സമൂഹത്തിന് അപകടസാധ്യതകൾ ഉണ്ടായതായി കണ്ടെത്തി.
റമസാൻ ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്. പൊതു തെരുവുകളിലും ഇടവഴികളിലും താൽക്കാലിക വിപണികൾ സൃഷ്ടിച്ചുകൊണ്ടാണ് അനധികൃത കച്ചവടം നടത്തിയിരുന്നത്. ഏഷ്യക്കാരാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. കാലപ്പഴക്കം ചെന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യ, മാംസാദികൾ വരെ ഇവിടെ ലഭ്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുകയും നഗരത്തിന്റെ ആകർഷണീയതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പൊതുജന സുരക്ഷ നിലനിർത്താനുള്ള ദുബായ് പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് അനധികൃത കച്ചവടക്കാർക്കെതിരായ നടപടിയെന്ന് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട് ആൻഡ് ക്രിമിനൽ ഫിനോമെന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദീദി പറഞ്ഞു.
∙ അനധികൃത കച്ചവടം ലേബർ ക്യാംപുകൾ കേന്ദ്രീകരിച്ച്
തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ചാണ് അനധികൃത കച്ചടവം പൊടിപൊടിച്ചിരുന്നത്. തീർത്തും വൃത്തിയില്ലാത്ത സ്ഥലത്തായിരുന്നു ഭക്ഷ്യ വിഭവങ്ങളടക്കം വിൽപന നടത്തിയിരുന്നത്. അനുമതിയില്ലാത്തവരും വാഹനങ്ങളിലെത്തുന്നവരും വിൽക്കുന്ന ഇത്തരം സാധനങ്ങൾ വാങ്ങരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും തെരുവ് കച്ചവട നിയന്ത്രണ വിഭാഗം തലവൻ മേജർ താലിബ് അൽ അമിരി മുന്നറിയിപ്പ് നൽകി.
അത്തരം ഉൽപന്നങ്ങൾ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനാൽ അവ കേടുവരാനും ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ഇതിനെതിരെ ദുബായ് പൊലീസ് പട്രോളിങ് 24 മണിക്കൂറും ശക്തമാക്കും. നിയമവിരുദ്ധമായ തെരുവ് കച്ചവട പ്രവർത്തനങ്ങൾ റിപോർട്ട് ചെയ്യാൻ ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അധികൃതരെ അറിയിക്കുക: ഫോൺ: 901 (കോൾ സെന്റർ). ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' (Police Eye)സേവനം.