സ്വദേശികളുടെയും പ്രവാസികളുടെയും പ്രിയങ്കരനായ പണ്ഡിതൻ; ഫക്രുദ്ദീൻ തങ്ങൾ റമസാൻ മാസത്തിൽ തിരക്കിലാണ്

Mail This Article
മനാമ∙ കഴിഞ്ഞ 40 വർഷമായി ബഹ്റൈനിലെ വിവിധ പള്ളികളിൽ പ്രാർഥന ചൊല്ലിയും പ്രഭാഷണങ്ങൾ നടത്തിയും സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്ന ആയിരകണക്കിന് വിശ്വാസികൾക്ക് കരുത്ത് പകരുകയാണ് തമിഴ്നാട് സ്വദേശിയും സമസ്ത കേരള സുന്നി ജമാഅത് സാരഥിയും മത പണ്ഡിതനുമായ ഫക്രുദ്ദീൻ കോയ തങ്ങൾ.
ബഹ്‌റൈനിലെ മത, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഫക്രുദ്ദീൻ തങ്ങൾ സ്വദേശികളുടെയും പ്രവാസികളുടെയും പ്രിയങ്കരനായ പണ്ഡിതനാണ്.

∙19–ാം വയസ്സിൽ തുടങ്ങിയ മതപ്രബോധന ജീവിതം
നേരത്തെ കേരളത്തിന്റെ ഭാഗമായിരുന്ന നിലവിൽ തമിഴ് നാട്ടിൽ ഉൾപ്പെടുന്ന തേങ്ങാപ്പട്ടണം സ്വദേശിയാണ് തങ്ങൾ. 1970 മുതൽ 77 വരെയുള്ള കാലഘട്ടത്തിൽ കന്യാകുമാരി കടയാൽ മൂട് പള്ളിയിൽ ഖത്തീബ് ആയിരുന്ന പിതാവ് സെയ്ദ് പൂക്കോയ തങ്ങളിൽ നിന്ന് ബാല്യത്തിൽ തന്നെ ഇസ്‌ലാമിക ചരിത്രത്തിന്റെ ബാല പാഠങ്ങൾ സ്വായത്തമാക്കി. 1953 ൽ പിതാവ് തുടക്കമിട്ട മദ്രസ്സയിലായിരുന്നു മതപഠനം.
ഫക്രുദ്ദീൻ തങ്ങൾ 19–ാമത്തെ വയസ്സ് മുതലാണ് പ്രാർഥനകൾക്ക് നേതൃത്വം കൊടുത്ത് തുടങ്ങിയത്. കടയാൽ മൂട് പള്ളിയിൽ വെള്ളിയാഴ്കളിലെ ജുമുഅ നമസ്‌കാരങ്ങളിലായിരുന്നു തുടക്കം. മദ്രസങ്ങളിൽ അധ്യാപകനായും പള്ളികളിൽ ഖത്തീബ് ആയും മുദരിസ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

തേങ്ങാപ്പട്ടണം എൽ പി സ്‌കൂളിലെ പ്രാരംഭ വിദ്യാഭ്യാസത്തിന് ശേഷം സ്വാതന്ത്ര്യ സമാന സേനാനി ആയിരുന്ന അംശി നാരായണപ്പിള്ളയുടെ പേരിലുള്ള ഹൈസ്കൂളിൽ ആയിരുന്നു മെട്രിക്കുലേഷൻ വരെയുള്ള പഠനം. തുടർന്ന് മാർത്താണ്ഡം ക്രിസ്ത്യൻ കോളജിൽ നിന്ന് ഇംഗ്ളിഷിൽ മാസ്റ്റർ ബിരുദം നേടി. ഇതിനിടയിൽ തന്നെ ഇസ്‌ലാമിക വിദ്യാഭ്യാസം തുടർന്നു.
∙പ്രവാസത്തിലേക്ക്
തൊഴിൽ തേടി 1978 ലാണ് ഫക്രുദ്ദീൻ ബഹ്‌റൈനിൽ എത്തിയത്. ഏതൊരു സാധാരണ ഗൾഫ്‌കാരനെപ്പോലെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആദ്യ കാലം. അറബിക് ഭാഷയിൽ എഴുതാനും വായിക്കാനും തർജമ ചെയ്യാനുമുള്ള പ്രാവീണ്യം അനുഗ്രഹമായി. 1980 ൽ കാനു കമ്പനിയിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചു. ജോലിയ്ക്കൊപ്പം ഇസ്ലാമിക വിദ്യാഭ്യാസത്തിലെ ഉപരിപഠനവും നടത്തി. 1986 ആയപ്പോഴേക്കും സ്വദേശി പള്ളികളിലെ പഠിതാവായി. ബഹ്‌റൈൻ പണ്ഡിതന്മാരുടെ വിവിധ ഗ്രന്ഥങ്ങൾ പഠനവിഷയമാക്കി. ഇസ്‌ലാമിക വിഷയത്തിലുള്ള അറിവും അവ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനുള്ള ആർജ്ജവവും മനസിലാക്കിയ ബഹ്‌റൈൻ ഇസ്‌ലാമിക കാര്യാലയം ഫക്രുദ്ദീൻ തങ്ങളെ ഇസ്‌ലാമിക മന്ത്രാലയങ്ങൾക്ക് കീഴിൽ വരുന്ന പള്ളികളിൽ ഇസ്‌ലാമിനെപ്പറ്റിയും ബഹ്‌റൈൻ എന്ന രാജ്യത്തിന്റെ മതേതര പ്രതിബദ്ധതയെപ്പറ്റിയും മാനുഷിക മൂല്യങ്ങളെപ്പറ്റിയും പ്രബോധനം നൽകാനുള്ള പ്രതിനിധിയായി അധികാരപ്പെടുത്തി. ഇത്തരമൊരു പദവി ലഭിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേ ഒരു വ്യക്തി ഒരുപക്ഷേ ഫക്രുദ്ദീൻ തങ്ങൾ മാത്രമായിരിക്കും.

∙പ്രഭാഷണ പരമ്പരകളേറെ
തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, അറബിക്, ഉറുദു, ഫാർസി തുടങ്ങി വിവിധ ഭാഷകളിൽ എഴുതാനും വായിക്കാനുമുളള കഴിവാണ് വിവിധ രാജ്യക്കാർക്ക് തങ്ങൾ പ്രിയങ്കരനായതിന് പിന്നിൽ. ബഹ്റൈനിലെ അംഗീകൃത പ്രബോധകനായി മാറിയതോടെ പല ഇസ്‌ലാമിക സംഘടനകളുടെയും സജീവ പ്രവർത്തകനും സ്‌ഥിരം ക്ഷണിതാവുമായി ഫക്രുദ്ദീൻ തങ്ങൾക്ക് തിരക്കേറി. ഡിസ്ക്കവർ ഇസ്‍ലാമിന്റെ സജീവ പ്രബോധകനും 1996 മുതൽ കെ എം സി സി യിലും പ്രവർത്തനം തുടങ്ങി. ഡിസ്ക്കവർ ഇസ്‌ലാം ശ്രീലങ്കൻ സമൂഹത്തിന്റെ തമിഴ് വിഭാഗത്തിനായി തുടർച്ചയായ 30 വർഷമായി എല്ലാ വെള്ളിയാഴ്ചകളിലും പ്രബോധനം നടത്തുന്നുണ്ട്. 25 വർഷമായി റമസാൻ കാലത്ത് മനാമ സൂഖ് പള്ളിയിലും ഫക്രുദ്ദീൻ തങ്ങൾ രാവിലെകളിൽ പ്രബോധനം നടത്തുന്നുണ്ട്. ഇതിനു പുറമെ സ്ത്രീകൾക്കായി കുടുബ സദസ്സുകൾ ഉൾപ്പെടെ ഒട്ടനവധി പരിപാടികളിലായി ഫക്രുദ്ദീൻ തങ്ങൾക്ക് തിരക്കിട്ട ജീവിതമാണ്.

കാനുവിലെ 38 വർഷം നീണ്ട ജോലിയിൽ നിന്ന് വിരമിച്ച ശേഷം മനാമ കെ.സി.റ്റി സെന്ററിൽ സ്വന്തമായി ഓഫിസ് തുടങ്ങി. പ്രഭാഷണങ്ങൾക്കായി തങ്ങളെ തേടി ഓഫിസിലേക്ക് അനവധി പേർ എത്തുന്നുണ്ട്. പ്രഭാഷണത്തിന് ക്ഷണിക്കാനും അറബിക് ഭാഷയിലെ േരഖകൾ വിവർത്തനം ചെയ്യാനും മാർഗനിർദേശം തേടാനുമായാണ് ഭൂരിഭാഗം പേരും എത്തുന്നത്. റമസാൻ ആയതിനാൽ ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങളിലെ പ്രാർഥനകൾക്കും പ്രഭാഷണങ്ങൾക്കും നേതൃത്വം നൽകുന്ന തിരക്കിലാണ് ഫക്രുദ്ദീൻ തങ്ങൾ.