ഉംറ തീർഥാടകർക്ക് സുഗമ യാത്ര, 3400 സർവീസുകൾ, 16 ലക്ഷം സീറ്റുകൾ; റമസാൻ തിരക്ക് കുറയ്ക്കാൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ

Mail This Article
ജിദ്ദ ∙ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള സുപ്രധാന ലിങ്കായ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ റമസാനിൽ 3,400 സർവീസുകൾ നടത്തും. 1.6 ദശലക്ഷത്തിലധികം പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.
സൗദി അറേബ്യയുടെ റെയിൽവേ ശൃംഖലയുടെ വിപുലീകരണത്തിന്റെ അടയാളമായ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് റെയിൽപ്പാതകളിൽ ഒന്നാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ഇവ സഞ്ചരിക്കുന്നത്. 2018-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈസ്പീഡ് റെയിൽവേ തീർഥാടകർ, ഉംറ നിർവഹിക്കുന്നവർ, യാത്രക്കാർ എന്നിവർക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രധാന മിഡിൽ ഈസ്റ്റേൺ റെയിൽവേ പദ്ധതിയാണ്.
സൗദി അറേബ്യ റെയിൽവേസ് (എസ്എആർ), ഓപ്പറേറ്റിങ് കമ്പനിയുമായി സഹകരിച്ച് റമസാനിലെ തിരക്ക് നിയന്ത്രിക്കാൻ സമഗ്രമായ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഏകദേശം രണ്ട് മണിക്കൂറും 20 മിനിറ്റും കൊണ്ട് ട്രെയിൻ യാത്ര സാധ്യമാക്കുന്നു. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലായി അഞ്ച് സ്റ്റേഷനുകളാണ് റെയിൽവേ ലൈനിലുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട്-ലിങ്ക്ഡ് റെയിൽവേ സ്റ്റേഷനായ കിങ് അബ്ദുൽ അസീസ് എയർപോർട്ട് സ്റ്റേഷൻ 105,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ളതാണ്. കൂടാതെ ആറ് ട്രെയിൻ പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്നതാണിവിടം. ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയിൽ 35 ഇലക്ട്രിക് ട്രെയിനുകളുണ്ട്. ഓരോന്നിനും 13 ബോഗികളായി 417 സീറ്റുകൾ, ബിസിനസ്, ഇക്കോണമി ക്ലാസ് കാബിനുകൾ, ഒരു കഫറ്റീരിയ എന്നിവ ഉൾപ്പെടുന്നു.
പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാർക്ക് വിനോദ സ്‌ക്രീനുകളും പ്രവേശനക്ഷമത ഫീച്ചറുകളും പോലുള്ള സൗകര്യങ്ങൾ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പ്രീമിയം ഹോസ്പിറ്റാലിറ്റി സേവനം ലഭിക്കും. അതേസമയം ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ഭക്ഷണങ്ങളും ലഭ്യമാണ്.
പൊലീസ്, ഫയർ സ്റ്റേഷനുകൾ, ഹെൽത്ത് സെന്റർ, പള്ളി , റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, ഫാർമസി, ബിസിനസ് ക്ലാസ് ലോഞ്ച്, പാർക്കിങ്, കാർ വാടകയ്‌ക്കെടുക്കൽ, ഷിപ്പിങ്, ടിക്കറ്റിങ്, ഹോട്ടൽ റിസർവേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, സൂപ്പർമാർക്കറ്റ്, പൊതുഗതാഗതം തുടങ്ങി വിവിധ സേവനങ്ങൾ ഹറമൈൻ റെയിൽവേ സ്റ്റേഷനുകളിലുണ്ട്.