യജമാനനെ രക്ഷിക്കാൻ ഓടിയെത്തി; കുതിരയെ മാരകമായി പരുക്കേൽപ്പിച്ച് അക്രമി, പ്രതിയെ തേടി കുവൈത്ത് പൊലീസ്

Mail This Article
കുവൈത്ത് സിറ്റി ∙ ഉടമയ്ക്ക് നേരെ കൊലപാതക ശ്രമം. തടയാനെത്തിയ കുതിരയെ അതിക്രൂരമായി കുത്തിപരുക്കേൽപ്പിച്ച് അക്രമി. സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
കുവൈത്ത് ഇക്വസ്ട്രിയൻ ട്രാക്കിൽ വച്ചാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ കുതിരയെ മാരകമായി കുത്തിപരുക്കേൽപ്പിച്ചത്. അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുതിരപ്രേമികളുടെയും മൃഗസ്നേഹികളുടെയും പ്രതിഷേധം ശക്തമാണ്.
ഉടമയെ കുത്തികൊലപ്പെടുത്താനായി അക്രമി പാഞ്ഞടുക്കുന്നതും യജമാനനെ രക്ഷിക്കാനായി ഓടിയെത്തിയ കുതിരയെ പലതവണ ആഴത്തിൽ കുത്തിപരുക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുന്നതായും ട്രാക്കിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുതിരയുടെ ഉടമയെ മാത്രമല്ല കുതിരയേയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണത്തിന്റെ ഭാഗമായി കുതിരയുടെ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി മന്ത്രാലയം അധികൃതർ അറിയിച്ചു. പ്രതിയെക്കുറിച്ച് ഏതെങ്കിലും തലത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പുണ്യമാസത്തിൽ നടന്ന അതിദാരുണമായ സംഭവത്തിൽ പൊതുസമൂഹം ഞെട്ടലിലാണ്. തന്റെ യജമാനനെ സംരക്ഷിക്കാനെത്തിയ കുതിരയ്ക്ക് മാരകമായി മുറിവേൽക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്നതാണെന്നും അക്രമിയെ ഉടൻ കണ്ടെത്തി കർശന ശിക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.